ഉണ്ണികൃഷ്ണന്‍ പൂതൂരിന് സാഹിത്യകേരളത്തിന്റെ യാത്രാമൊഴി

Posted on: April 3, 2014 1:00 pm | Last updated: April 4, 2014 at 7:59 am

puthur

ഗുരുവായൂര്‍: അന്തരിച്ച സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന് സാഹിത്യ കേരളത്തിന്റെ അന്ത്യാഞ്ജലി.  പൊതു ദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചക്ക് തറവാട്ട് വീട്ടുവളപ്പില്‍ (ജാനകി സദനം) മൃതദേഹം സംസ്കരിച്ചു. നാടിന്റെ നാനാ ഭാഗത്ത് നിന്നും നൂറുക്കണക്കിന് ആളുുകള്‍ അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പുതൂര്‍ ഇന്നലെ വൈകീട്ട് നാല് മണിയോടെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നിര്യാതനായത്.

700-ഓളം കഥകള്‍ രചിച്ചിട്ടുണ്ട്. ‘ബലിക്കല്ലാണ്’ ആദ്യ കഥാസമാഹാരം. സമഗ്ര സംഭാവനക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് എന്നീ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും, ‘ആനപ്പക’, ‘ഉറുമ്പുകള്‍’, ‘ജലസമാധി’, ‘മൃത്യുഞ്ജയം’, ‘നാഴികമണി’, ‘ധര്‍മചക്രം’, ‘മനസ്സേ ശാന്തമാകൂ’, ‘ആട്ടുകട്ടില്‍’ ‘ബലിക്കല്ല്’ തുടങ്ങി 15നോവലുകള്‍, ഒരു കവിതാ സമാഹാരം, ജീവചരിത്രമുള്‍പ്പടെ ഒട്ടേറെ കൃതികളും രചിച്ചിട്ടുണ്ട്. ‘ബലിക്കല്ലി’ന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

1933-ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ ഇല്ലത്ത് അകായില്‍ എന്ന സ്ഥാന പേരുള്ള പുതൂര്‍ തറവാട്ടിലാണ് ജനനം. 1957-ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗുമസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. 1987-ല്‍ ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റിന്റെ വകുപ്പു മേധാവിയായി ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. പിതാവ്: കല്ലാത്ത് ചുള്ളിപറമ്പില്‍ ശങ്കുണ്ണിനായര്‍. മാതാവ്: പുതൂര്‍ ജാനകിയമ്മ. ഭാര്യ: തങ്കമണിയമ്മ. മക്കള്‍: ഷാജി (അധ്യാപകന്‍), ബിജു (മാതൃഭൂമി തൃശൂര്‍). മരുമക്കള്‍: രശ്മി, ലത. ഏകസഹോദരി: പുതൂര്‍ സരസ്വതിയമ്മ.