Connect with us

International

ചിലിയില്‍ വീണ്ടും ശക്തമായ ഭൂകമ്പം

Published

|

Last Updated

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ചിലിയില്‍ ജനങ്ങള്‍ പുറത്തിറങ്ങിനില്‍ക്കുന്നു.

സാന്റിയാഗോ: ചിലിയില്‍ വീണ്ടും അതിശക്തമായ ഭൂകമ്പം. വടക്കന്‍ ചിലിയില്‍ ഭൂകമ്പമാപിനിയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു. 2600 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചു.
ചിലിയിലും പെറുവിലും വീണ്ടും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എന്നാല്‍, തിരമാലകള്‍ 2.4 അടി (0.7 മീറ്റര്‍) മാത്രം ഉയര്‍ന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. ചിലിയന്‍ പ്രസിഡന്റ് മിഷേല്‍ ബാഷ്‌ലെറ്റും ഓഫീസ് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ആദ്യ ഭൂകമ്പമുണ്ടായത്. പുതിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുറമുഖ നഗരമായ ഇഖ്വിഖ്വയിലാണ് വീണ്ടും ഭൂചലനമുണ്ടായത്. വീടുകളില്‍ നിന്ന് ആളുകള്‍ തെരുവിലേക്ക് ഓടിയിറങ്ങി. ഇഖ്വിഖ്വയില്‍ നിന്ന് 23 കിലോമീറ്റര്‍ വടക്ക് മാറിയാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം.
ജനങ്ങളുടെ നിര്‍ഭയമായ പെരുമാറ്റത്തെ പ്രസിഡന്റ് മിഷേല്‍ പ്രശംസിച്ചു. അത്ഭുതകരമായ ഉദാഹരണമാണ് ഇതെന്ന് ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കവെ അവര്‍ പറഞ്ഞു. വടക്കന്‍ പ്രവിശ്യകളായ അരിക ആന്‍ഡ് പാരിനാകോറ്റ, തരാപാക എന്നിവയെ ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചു.
പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 8.46നാണ് ആദ്യ ഭൂചലനമുണ്ടായത്. തിരമാലകള്‍ ഏകദേശം ആറ് അടി ഉയരത്തില്‍ ആഞ്ഞടിച്ചതായും തീരപ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങളും റോഡുകളും തകര്‍ന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട മേഖലയായ തീരപ്രദേശങ്ങളില്‍ പലയിടങ്ങളിലും വൈദ്യുതി സംവിധാനം പൂര്‍ണമായും നിലച്ചിട്ടുണ്ട്. നൂറു കണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന ഇഖ്വിഖ്‌വ് പ്രവിശ്യയിലെ ജയിലില്‍ നിന്ന് മുന്നൂറോളം വനിതാ തടവുകാര്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സൈനിക കാവല്‍ ഏര്‍പ്പെടുത്തി. ഭൂകമ്പ സാധ്യത ഏറെയുള്ള രാജ്യമാണ് ചിലി. 2010ല്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിയുണ്ടായിരുന്നു. അന്ന് 700 പേരാണ് മരിച്ചത്. 1960ല്‍ 9.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1655 പേര്‍ മരിച്ചിരുന്നു.

Latest