Connect with us

Kannur

ജല ഗുണനിലവാരത്തില്‍ കേരളവും പിന്നില്‍

Published

|

Last Updated

കണ്ണൂര്‍: കിണര്‍ സാന്ദ്രതയില്‍ ലോകത്തില്‍ തന്നെ ഒന്നാം സ്ഥാനമുള്ള കേരളത്തിലെ കിണറുകളിലെ വെള്ളവും അപകടകരമായ വിധത്തില്‍ മലിനപ്പെടുന്നതായി പഠനം. കുടിവെള്ളത്തിനായി കേരളീയര്‍ കൂടുതലും ആശ്രയിക്കുന്ന കിണറുകളില്‍ 90 ശതമാനം ജൈവ മാലിന്യങ്ങളാലും 50 ശതമാനം ഭൗതിക രാസമാലിന്യങ്ങളാലും മലിനമാണെന്നാണ് ഇതുസംബന്ധിച്ച പുതിയ പഠനങ്ങളും സര്‍വേ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്.

ജലവിഭവ വിനിയോഗ വകുപ്പ് ഉള്‍പ്പെടെ നടത്തിയ സര്‍വേകളിലാണ് ജല മാലിന്യത്തിന്റെ തോത് അപകടകരമാം വിധം ഉയരുന്നതായി വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 80 ലക്ഷം പേര്‍ക്ക് സ്ഥായിയായി ആശ്രയിക്കാന്‍ ഗുണനിലവാരമുള്ള കുടിവെള്ള സ്രോതസ്സില്ലെന്ന് നേരത്തെ തന്നെ വിവിധ ഏജന്‍സികളുടെ പഠനങ്ങള്‍ വിലയിരുത്തിയിരുന്നു.
മലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍, കീടനാശിനികള്‍, രാസവളങ്ങള്‍, സംസ്‌കരിക്കാതെ കുന്നുകൂടുന്ന മാലിന്യങ്ങള്‍ തുടങ്ങിയവയെല്ലാമാണ് ശുദ്ധജല സ്രോതസ്സുകള്‍ക്ക് ഭീഷണിയാകുന്നത്. ഗ്രാമ പ്രദേശങ്ങളിലേതിനേക്കാള്‍ ശുദ്ധജലം മലിനമാകുന്നത് കണ്ടെത്തിയിട്ടുള്ളത് നഗരങ്ങളിലാണെന്ന് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേരള ജല അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷനിലെ സീനിയര്‍ സയന്റിസ്റ്റ് എം ജി വിനോദ്കുമാര്‍ പറയുന്നു. ബാക്ടീരിയകളുടെ സാന്നിധ്യം, അമിതമായ ഇരുമ്പ്, കുറഞ്ഞ പി എച്ച് മൂല്യം, ആല്‍ഗയുടെ വളര്‍ച്ച, ഫഌറൈഡിന്റെ ആധിക്യം(പാലക്കാട്, ആലപ്പുഴ), മാലിന്യം അധികമാകുക, മലിന വസ്തുക്കള്‍ ജലത്തിലെത്തി ഫോസ്‌ഫേറ്റ്, നൈട്രേറ്റ്, സള്‍ഫേറ്റ് തുടങ്ങിയവ കൂടുതല്‍ കാണുക എന്നിവയെല്ലാമാണ് സംസ്ഥാനത്തെ ജലമലിനീകരണ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഗവേഷക നിഗമനം.
ജലം സര്‍വലായകമായതിനാല്‍ 20 മുതല്‍ 2000 വരെ ജൈവ രാസവസ്തുക്കള്‍ക്ക് അതില്‍ ലയിച്ചു ചേരാന്‍ കഴിയും. അതിനാല്‍ മാലിന്യസ്രോതസ്സില്‍ നിന്ന് ജലത്തിലേക്ക് മാലിന്യം കലരുകയെന്നത് എളുപ്പമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഏറ്റവും പ്രധാനമായി കിണര്‍ വെള്ളത്തില്‍ മാലിന്യം കലരുന്നതിന് കാരണമായി കണ്ടത് തൊട്ടടുത്തുള്ള കക്കൂസ് ടാങ്കുകളില്‍ നിന്നും മറ്റുള്ളവയാണ്. 15 മീറ്ററോ അതില്‍ കുറവോ പരിധിയില്‍ കക്കൂസ് ടാങ്കുകള്‍ നിര്‍മിക്കുന്നത് നഗരപ്രദേശങ്ങളില്‍ കൂടുതലായി കാണുന്നുണ്ട്. ഇങ്ങനെയുള്ള ടാങ്കുകളില്‍ നിന്ന് വളരെയധികം മാലിന്യങ്ങള്‍ കിണറിലെത്തിപ്പെടാന്‍ സാധ്യത ഏറെയാണ്.
കിണറുകളുടെ സമീപത്ത് സസ്യങ്ങള്‍ കൃഷി ചെയ്ത് വളര്‍ത്തി കീടനാശിനി പ്രയോഗം നടത്തുന്നതും, പൊടി പടലങ്ങളുമേറ്റും ഇലകളും കിണറുകളില്‍ വീഴാന്‍ അനുവദിക്കപ്പെടുന്നതുമെല്ലാം കിണര്‍ വെള്ളത്തെ മാലിന്യ സംഭരണ കേന്ദ്രമായി മാറ്റാനിടയാക്കുന്നു. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട രാസവസ്തുക്കള്‍, പെയിന്റ്, കീടനാശിനികള്‍, മരുന്നുകള്‍ തുടങ്ങിയവ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് പോലും കിണര്‍ വെള്ളത്തെ വിഷമയമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പല്‍ അഴുക്കു ചാലുകള്‍, മറ്റ് അഴുക്കുചാലുകള്‍ എന്നിവയുള്ള കിണറുകളുടെ വശങ്ങളില്‍ നിന്നുള്ള ഉറവകളിലൂടെ മാലിന്യം എത്തുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുളിമുറി, അടുക്കള മാലിന്യങ്ങള്‍ എന്നിവ ആഴം കൂടിയ കുഴികളില്‍ ശേഖരിക്കുന്നതും കിണര്‍ വെള്ളത്തെ മലിനമാക്കുന്നതിനുള്ള കാരണമായി മാറുന്നുണ്ട്.
പ്ലാച്ചിമട കൃഷി ഭൂമിയിലെ ഒരു ലിറ്റര്‍ കിണര്‍ വെള്ളത്തില്‍ അലൂമിനിയം, കാഡ്മിയം, ക്രോമിയം, ചെമ്പ്, ഇരുമ്പ് എന്നിവ അനുവദിനീയമായ പരിധിയില്‍ കൂടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. കുടിവെള്ളം അപകടകരമായ രീതിയില്‍ മലിനമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വെള്ളത്തിന് മുകളില്‍ എണ്ണപ്പാട ഉണ്ടാകുന്നത്, കിണറിന്റെ പ്രതലത്തില്‍ പച്ച, തവിട്ട് നിറ വ്യത്യാസങ്ങളനുഭവപ്പെടുന്നത്, വെള്ളം കലങ്ങുന്നത്, ചീഞ്ഞ ഗന്ധവും ദു:സ്വാദും വരുന്നത് തുടങ്ങിയവയെല്ലാം കിണര്‍ വെള്ളം മലിനമായതിന്റെ കാരണമായി കണക്കാക്കാവുന്നതാണ്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest