Malappuram
ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു

മലപ്പുറം: മുപ്പത്തിരണ്ട് വര്‍ഷത്തെ ഔദ്യോഗിക അധ്യാപക ജീവിതത്തിന് ശേഷം ചരിത്രകാരനും എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു. ഗവേഷണത്തിലൂടെ കേരള ചരിത്രത്തിന് പുതിയ വഴിത്താരകള്‍ കണ്ടെത്തിയ രണ്ടത്താണിയുടെ പുസ്തകങ്ങളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. കൊളോണിയലിസ്റ്റ് ചരിത്രകാരന്‍മാരുടെ വ്യവഹാരങ്ങളുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കേരള മുസ്‌ലിം ചരിത്രം പ്രദേശിക രേഖകളുടെ സഹായത്തോടെ പുനര്‍ നിര്‍മിക്കാന്‍ സാധിച്ചു എന്നതാണ് പ്രധാന നേട്ടം. കേരളത്തിലെ സൂഫീ പാരമ്പര്യത്തെയും ഹസ്‌റമീ പര്‍വത്തേയും തന്റെ പ്രബന്ധങ്ങളിലൂടെ പുറം ലോകത്തെത്തിക്കാനും രണ്ടത്താണിക്ക് സാധിച്ചു. കെ എ നിസാമി, ഇര്‍ഫാന്‍ ഹബീബ്, യാസീന്‍ സിദ്ദീഖി, കെ കെ എന്‍ കുറുപ്പ്, ഡോ. കുഞ്ഞാലി എന്നിവരുടെ ശിഷ്യത്വമാണ് ചരിത്ര പഠനത്തില്‍ അദ്ദേഹത്തിന് വഴികാട്ടിയായത്. അലീഗഢിലെ പഠന കാലത്ത് എഴുതിയ സ്വാതന്ത്ര്യം വിഭജനത്തില്‍ എന്ന റഫറന്‍സ് ഗ്രന്ഥം, ഇന്ത്യാ ചരിത്രത്തിലെ മുസ്‌ലിം സാന്നിധ്യം, അറിയപ്പെടാത്ത ഇന്ത്യ, മാപ്പിള മലബാര്‍, മുസ്‌ലിംകളും ഇടതുപക്ഷവും എന്നിവയാണ് പ്രധാന രചനകള്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപത് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
അലീഗഢില്‍ നിന്ന് ചരിത്രത്തില്‍ ഉന്നത ബിരുദവും കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും, ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ നിന്ന് ഉര്‍ദു ഡിപ്ലോമയും കരസ്ഥമാക്കി. കൊല്ലം ടി കെ എം കോളജ്, മണ്ണാര്‍ക്കാട് കല്ലടി കോളജ്, കലിക്കറ്റ് യൂനിവേഴ്‌സിറ്റി, കുഞ്ഞാലി മരക്കാര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പത്ത് വര്‍ഷത്തോളം വളാഞ്ചേരി എം ഇ എസ് കോളജില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. മുപ്പതിലധികം ദേശീയ അന്തര്‍ ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. വിവിധ യൂനിവേഴ്‌സിറ്റികളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച അദ്ദേഹം കേരള സര്‍ക്കാറിന്റെ മദ്‌റസ ബോര്‍ഡ്, ന്യൂനപക്ഷ സംരക്ഷണത്തിനുള്ള വിദഗ്ധ സമിതി, അനൗപചാരിക വിദ്യാഭ്യാസ സമിതി എന്നിവയിലും അംഗമായിരുന്നു. മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ അക്കാദമിക് ഡയറക്ടറാണ്. അല്‍ ഇര്‍ഫാദ് മാസികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടക്കം മുതല്‍ പൂങ്കാവനം ട്രസ്റ്റിന്റെ സെക്രട്ടറിയും മാസികയുടെ ചീഫ് എഡിറ്ററുമാണ്.
ഇപ്പോള്‍ ഇസ്‌ലാമിക സാംസ്‌കാരിക ചരിത്രത്തെക്കുറിച്ചുള്ള പുസ്തക രചനയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മലബാര്‍ മുസ്‌ലിംകളെക്കുറിച്ച് ഇംഗ്ലീഷിലെഴുതിയ പുസ്തകം പുറത്തിറങ്ങാനുണ്ട്.