Connect with us

Gulf

48.9 ലക്ഷം കാപ്റ്റഗോണ്‍ ഗുളികള്‍ പിടികൂടി

Published

|

Last Updated

ദുബൈ: 48.9 ലക്ഷം കാപ്റ്റഗോണ്‍ ഗുളികകളുമായി നാലു പേരെ അറസ്റ്റ് ചെയ്തതായി ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മത്തര്‍ അല്‍ മസീന വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. യു എ ഇ ആഭ്യന്തര മന്ത്രാലയം, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ പോലീസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു വന്‍ മയക്കു മരുന്നു വേട്ട.
ലബനോന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു കച്ചവടക്കാരാണ് സംഭവത്തിന് പിന്നില്‍. ഇവരുടെ തലവനായി പ്രവര്‍ത്തിക്കുന്ന വ്യക്തി ലബനോണ്‍കാരനെതിരെ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഘത്തിലുള്ള മറ്റുള്ളവര്‍ക്കായാണ് ഇവ കടത്താന്‍ ശ്രമിച്ചത്. ലബനോണില്‍ നിന്നാണ് യു എ യിലേക്ക് കാപ്റ്റഗോണ്‍ ഗുളികകള്‍ എത്തിയത്.
കഴിഞ്ഞ മാസം അഞ്ചിന് ഇതുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച രഹസ്യ വിവരമാണ് വന്‍ മയക്കുമരുന്നു വേട്ടക്ക് സഹായകമായത്. ലബനോണ്‍ കസ്റ്റംസായിരുന്നു കപ്പല്‍ മാര്‍ഗ്ഗം മയക്കുമരുന്നു ദുബൈയിലേക്ക് എത്തിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി അറിയിച്ചത്. യു എ ഇയില്‍ എത്തിച്ച് മറ്റ് ജി സി സി രാജ്യങ്ങളില്‍ ചില്ലറ വില്‍പ്പന നടത്താനായിരുന്നു മയക്കുമരുന്നു മാഫിയ ലക്ഷ്യമിട്ടിരുന്നതെന്നും അല്‍ മുസീന പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദുബൈ പോലീസിന്റെ മയക്കുമരുന്നു വിരുദ്ധ വിഭാഗം പ്രത്യേക സംഘത്തെ കപ്പലും മയക്കുമരുന്നും കണ്ടെത്താന്‍ നിയോഗിക്കുകയായിരുന്നു. ജബല്‍ അലി തുറമുഖത്തു നിന്നും ചരക്ക് അവീറിലെ ഗോഡൗണിലേക്ക് എത്തിക്കാനും ഇവിടെ നിന്നു റാസല്‍ ഖൈമയിലേക്ക് കൊണ്ടുപോകാനുമായിരുന്നു ശ്രമം.
രണ്ട് ടാങ്കുകളിലായാണ് കപ്പലില്‍ മയക്കുമരുന്നു എത്തിയത്. ഇവയില്‍ ഒരു ടാങ്ക് അല്‍ ദൈദിലെ കൃഷിയിടത്തില്‍ ഒരാഴ്ചയോളം സംഘം ഒളിപ്പിച്ചിരുന്നു. പിന്നീട് ഇത് ഫുജൈറയിലെ തൗബാന്‍ മേഖലയിലേക്ക് മാറ്റി. സംഘം ടാങ്കുകളുമായി ജബല്‍ അലി തുറമുഖം വിട്ടതു മുതല്‍ പോലീസ് പിന്തടര്‍ന്നു.
മാര്‍ച്ച് 20 ആയിരുന്നു ദൈദിലെ വര്‍ക്ക് ഷോപ്പ് റെയ്ഡ് ചെയ്തത്. ആ വര്‍ക്‌ഷോപ്പില്‍ വെച്ചായിരുന്നു ടാങ്കില്‍ പൈപ്പുകള്‍ വെല്‍ഡ് ചെയ്തു ഘടിപ്പിച്ചത്. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാനായിരുന്നു ഇത്. പോലീസ് വെല്‍ഡിംഗ് അടര്‍ത്തിമാറ്റി പരിശോധിച്ചപ്പോഴാണ് 24.9 ലക്ഷം ഗുളികകള്‍ ടാങ്കിനകത്ത് പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക് ഷോപ്പില്‍ നിന്നു ലബനോണ്‍ സ്വദേശിയെയും ഈജിപ്ഷ്യന്‍ സ്വദേശിയെയും പിടികൂടി. അവീറില്‍ നിന്നായിരുന്നു രണ്ടാമത്തെ ടാങ്കര്‍ പിടികൂടിയത്. ഇതില്‍ 24 ലക്ഷം ഗുളികകളായിരുന്നു. ഇവിടെ നിന്നു മറ്റ് രണ്ടു പേരെ അറസ്റ്റ് ചെയ്തതെന്നു പോലീസ് മേധാവി പറഞ്ഞു. കേസ് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.