Connect with us

Ongoing News

ഇത്തവണയും മഅ്ദനി 'ലൈവ്'

Published

|

Last Updated

madani-case.transfer_ഇടതിനും വലതിനും ബി ജെ പിക്കും ഓരോ തിരഞ്ഞെടുപ്പ് കാലത്തും വ്യത്യസ്ത വിഷയങ്ങള്‍ പ്രചാരണത്തിനായി വീണു കിട്ടുമെങ്കിലും എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഒരുപോലെ ചര്‍ച്ചയാകുന്ന വിഷയം മഅ്ദനിയാണ്. ഇത് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആവാം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പുറത്തുള്ള മഅ്ദനിയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതെങ്കില്‍ ഇത്തവണ ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മഅ്ദനിയാണ് സജീവ ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് പിന്തുണ നല്‍കുകയും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോടൊപ്പം കുറ്റിപ്പുറത്ത് വേദി പങ്കിടുകയും ചെയ്തതോടെ ആ തിരഞ്ഞെടുപ്പില്‍ മഅ്ദനി പ്രധാന വാര്‍ത്താ താരമായി. മഅ്ദനി നേരിട്ട് കളത്തിലിറങ്ങിയ തിരഞ്ഞെടുപ്പില്‍ പി ഡി പി പ്രവര്‍ത്തകര്‍ രണ്ടും കല്‍പ്പിച്ചാണ് ഇടതിനായി രംഗത്തെത്തിയത്. എന്നാല്‍ പിന്തുണ നഷ്ട്ടപ്പെട്ടതോടെ മഅ്ദനിയെ വര്‍ഗീയ വാദിയായി അവതരിപ്പിച്ച യു ഡി എഫ് ഇടതുപക്ഷത്തെ ആക്രമിക്കാനുള്ള പ്രധാന ആയുധമായി മഅ്ദനിയെ ഉപയോഗപ്പെടുത്തി. മാത്രമല്ല മഅ്ദനിക്കൊപ്പം വേദി പങ്കിട്ട പിണറായി വിജയന്‍ പാര്‍ട്ടിക്ക് അകത്തു നിന്നും പുറത്തു നിന്നും ഒരുപോലെ ആക്രമിക്കപ്പെടുകയും ചെയ്തു. ഇരുപക്ഷവും ബി ജെ പിയും സൗകര്യത്തിനനുസരിച്ചാണ് മഅ്ദനിയെ അന്ന് ഉപയോഗപ്പെടുത്തിയത്. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിലില്‍ പോയ മഅ്ദനിയെ ഇരുമുന്നണിയും തരം പോലെ ഉപയോഗപ്പെടുത്തി. പി ഡി പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മഅ്ദനി മനുഷ്യാവകാശ ലംഘനം നേരിടുന്നെന്ന് ചൂണ്ടികാണിച്ചവര്‍ തന്നെ ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ച് മഅ്ദനിയെ വര്‍ഗീയവാദിയുമാക്കി. മഅ്ദനിയെ കര്‍ണാടകക്ക് കൈമാറിയതിനെ സംബന്ധിച്ച് പോലും ഇരുമുന്നണിയും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇത്തവണ ജയിലിനകത്തുള്ള മഅ്ദനി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇരുമുന്നണികളും പ്രധാന നേതാക്കളും മഅ്ദനി വിഷയത്തില്‍ താത്പര്യമെടുത്തതോടെ ആര്‍ക്ക് പിന്തുണ നല്‍കണമെന്നറിയാനാവാത്ത അവസ്ഥയിലാണ് പി ഡി പി നേതൃത്വം. ഗുരുവായൂര്‍ തിരഞ്ഞെടുപ്പില്‍ ലീഗിനെതിരെയും തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ എ കെ ആന്റണിക്കെതിരെയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയാണ് മഅ്ദനിയും പി ഡി പിയും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഉപരാഷ്ട്രപതിയായതോടെ കെ ആര്‍ നാരായണന്‍ രാജിവെച്ച ഒഴിവില്‍ ഒറ്റപ്പാലത്ത് 1993 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥി എസ് ശിവരാമന് വേണ്ടി രംഗത്തെത്തിയ മഅ്ദനി രാഷ്ട്രീയ കേരളത്തില്‍ ഏറെ കാലം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് ഒമ്പതര വര്‍ഷകാലം ജയിലിലായ മഅ്ദനിയെ ഇരുപക്ഷവും ഒരു പോലെ ഉപയോഗപ്പെടുത്തുകയും ചെയ്തു.

Latest