റസീനയുടെ ദുരൂഹ മരണം: ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

Posted on: March 27, 2014 12:57 am | Last updated: March 26, 2014 at 10:58 pm
SHARE

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ കാട്ടിപ്പളളം സ്വദേശിനി റസീനയുടെ ദുരൂഹമരണത്തില്‍ അനേ്വഷണം ശക്തമാക്കണമെന്ന് ആക്ഷന്‍കമ്മിറ്റി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു.
ഇന്ദിരാനഗറിലെ സ്വകാര്യ കോളജിലെ ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന റസീനയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നതിനാലാണ് ബോവിക്കാനം വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ നാട്ടുകാരും ബന്ധുക്കളും യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചത്.
റസീനയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിസാര വകുപ്പുകള്‍ ചേര്‍ത്താണ് ഈ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ നിന്ന് പ്രതിയെ ഒഴിവാക്കിയത് സംശയത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. വിശദമായ അനേ്വഷണം നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരികളായി എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എം പ്രദീപ്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി ഭവാനി, വൈസ് പ്രസിഡന്റ് എം മാധവന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം കുഞ്ഞമ്പു നമ്പ്യാര്‍, എ ബി ശാഫി, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര എന്നിവരെയും, ചെയര്‍മാനായി കെ ബി മുഹമ്മദ്കുഞ്ഞിയെയും കണ്‍വീനറായി ഖാലിദ് ബെളളിപ്പാടിയേയും വൈസ് ചെയര്‍മാന്‍മാരായി പി ബാലകൃഷ്ണന്‍, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, ടി ഗോപിനാഥന്‍ നായര്‍ കാലിപ്പളളം, ജയകൃഷ്ണന്‍ മാസ്റ്റര്‍, വൈ ജനാര്‍ദ്ദനന്‍ എന്നിവരെയും ജോ. കണ്‍വീനര്‍മാരായി സിദ്ദീഖ് ബോവിക്കാനം, ഇബ്‌റാഹിം നെല്ലിക്കാട്, രവി പൊയ്യക്കാല്‍, അബ്ദുല്ലകുഞ്ഞി ആലൂര്‍, ലത്തീഫ് എന്നിവരെയും തിരഞ്ഞെടുത്തു.