Connect with us

Palakkad

വേനല്‍ക്കാല കൃഷിക്ക് വെള്ളമില്ല; കര്‍ഷകര്‍ പ്രതിസന്ധിയിലാകുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളത്തെ ആശ്രയിച്ച് വേനല്‍ക്കാല കൃഷികള്‍ ആരംഭിച്ച മണ്ണാര്‍ക്കാട്, അരയംകോട്, തെങ്കര, മേലാമുറി, തത്തേങ്ങലം, കാഞ്ഞിരം, പൊറ്റശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിക്കാര്‍ ആവശ്യമായ ജലം ലഭിക്കാതെ പ്രതിസന്ധിയില്‍. ഏക്കര്‍ക്കണക്കിന് പുഞ്ചനെല്‍കൃഷി, വാഴ, വിവിധയിനം പച്ചക്കറികള്‍ എന്നിവ നാശത്തിന്റെ വക്കിലാണ്. മഴക്കാലം ആരംഭിക്കുന്നത് വരെ കൃഷിക്കാവശ്യമായ ജലം വിട്ടുനല്‍കാമെന്ന ജലവിഭവ വകുപ്പ് അധികൃതരുടെ ഉറപ്പിലായിരുന്നു കൃഷിയാരംഭിച്ചത്.
എന്നാല്‍ പ്രധാന കനാല്‍ വഴി ആവശ്യത്തിലധികം വെള്ളം തുടര്‍ച്ചയായി വിട്ടുനല്‍കുക വഴി ഡാമിലെ ജലത്തിന്റെ അളവ് ദിനം പ്രതി കുറഞ്ഞ് വരികയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ മണ്ണാര്‍ക്കാട് മേഖലയിലേക്കുള്ള വലതുകനാല്‍ വഴി ഏപ്രില്‍ ആദ്യവാരം വരെ നല്‍കാനുള്ള വെള്ളമെ ഡാമിലുള്ളൂ. മെയിന്‍ കനാല്‍ വഴി കഴിഞ്ഞ ഒരു മാസമായി വെള്ളം വിട്ടുനല്‍കുന്നത് ഈ പ്രദേശങ്ങളിലെ ജനപ്രതിനിധികളടക്കമുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ വേനല്‍ കാലത്തും വെള്ളം ലഭിക്കാതെ ഈ മേഖലയില്‍ കൃഷി നാശം വ്യാപകമാണ്. കര്‍ഷകര്‍ നടത്തിയ സമരങ്ങളുടെ ഭാഗമായി ഈ വര്‍ഷം മുന്‍കൂട്ടിതന്നെ മണ്ണാര്‍ക്കാട് മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് കാഞ്ഞിരുപ്പുഴ ഡാം വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷി നടത്തുന്ന മണ്ണാര്‍ക്കാട് മേഖലയിലെ കൃഷിക്കാര്‍ക്ക് മഴക്കാലം വരെ ആവശ്യമായ വെള്ളം നല്‍കാന്‍ ധാരണയായത്. ഡാമില്‍ നിന്നും വലത് കനാല്‍ വഴിവരുന്ന വെള്ളത്തെ ആശ്രയിച്ചാണ് മണ്ണാര്‍ക്കാട് മേഖലയിലെ ജല സംഭരണികളിലെ ജല ലഭ്യത നിലനിര്‍ത്തുന്നത്.
എന്നാല്‍ ഡാമിലെ ജലനിരപ്പ് കുറഞ്ഞുവരുന്ന സഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ജലവിഭവ വകുപ്പ് അധികൃതര്‍. കഴിഞ്ഞ ദിവസം കര്‍ഷകര്‍ ജലവിഭവ വകുപ്പ് ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. അധികൃതര്‍ ഈ നിലപാട് തുടരുന്നതില്‍ പ്രതിഷേധിച്ച് കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.