Connect with us

Editorial

സ്ഥാനമൊഴിയാന്‍ ശ്രീനിവാസനോട് കോടതിയും

Published

|

Last Updated

അനര്‍ഹമായി ബി സി സി ഐ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന എന്‍ ശ്രീനിവാസന് കനത്ത തിരിച്ചടിയാണ്, അദ്ദേഹത്തോട് രാജി വെക്കാനാവശ്യപ്പെടുന്ന സുപ്രീം കോടതി വിധി. ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കവേയാണ്, ശ്രീനിവാസന്‍ രാജിവെക്കാതെ ഐ പി എല്‍ കേസില്‍ സ്വതന്ത്രമായി അന്വേഷണം മുന്നോട്ടുപോകില്ലെന്ന് ജസ്റ്റിസ് എ കെ പട്‌നായിക്ക് നിരീക്ഷിച്ചത്. ശ്രീനിവാസന്‍ സ്ഥാനം സ്വയം ഒഴിയുന്നില്ലെങ്കില്‍ അയാളെ മാറ്റാന്‍ ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ക്രിക്കറ്റിനെ ശുദ്ധീകരിക്കാനും ശ്രീനിവാസന്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറേണ്ടത് അനിവാര്യമാണെന്നും ഒരേ സമയം ബി സി സി ഐ അധ്യക്ഷ പദവിയും ഒരു ക്രിക്കറ്റ് ടീമിന്റെ ഫ്രാഞ്ചൈസി ഉടമയുമാകുന്നത് സംഗതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

ശ്രീനിവാസന്റെ മരുമകനും തന്റെ ഉടമസ്ഥതയിലുള്ള ഐ പി എല്‍ ടീമായ ചൈന്നെ സൂപ്പര്‍ കിംഗ്‌സിന്റെ സി ഇ ഒയുമായ ഗുരുനാഥ് മെയ്യപ്പന് ഐ പി എല്‍ വാതുവെപ്പ് കേസില്‍ പങ്ക് കണ്ടെത്തിയതോടെ, അദ്ദേഹം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നതാണ്. സത്യസന്ധമായ കേസന്വേഷണത്തിന് അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹം മാറി നില്‍ക്കണമെന്ന് കായിക മന്ത്രാലയം പോലും നിര്‍ദേശിച്ചിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെ പ്രസിഡന്റ് സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു ബി സി സി ഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയും രാജി പ്രഖ്യാപിച്ചതോടെയാണ് ഗത്യന്തരമില്ലാതെ പദവി വിട്ടൊഴിയാന്‍ അദ്ദേഹം സമ്മതിച്ചത്. അപ്പോഴും അധ്യക്ഷ സ്ഥാനത്തു നിന്ന് താത്കാലികമായി മാറിനില്‍ക്കാനേ തയാറായുള്ളൂ. കൂട്ടത്തില്‍ മുഖം രക്ഷിക്കാനായി അദ്ദേഹവുമായി നേരത്തെ ബന്ധമുള്ള മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് ടി ജയറാം ചൗത്ത, മുന്‍ ജസ്റ്റിസ് ആര്‍ ബാലസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ജുഡീഷ്യല്‍ അന്വേഷണ സംഘത്തെ വാതുവെപ്പ് കേസന്വേഷണത്തിനായി നിയമിക്കുകയും ചെയ്തു. ശ്രീനിവാസന്‍ ആഗ്രഹിച്ചതു പോലെ മെയ്യപ്പനനുകൂലമായ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സമര്‍പ്പിച്ചതെങ്കിലും ഈ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചതോടെ മെയ്യപ്പനെ രക്ഷിക്കാനും ചെന്നെ സൂപ്പര്‍ കിംഗ്‌സിനേറ്റ ദുഷ്‌കീര്‍ത്തി തേച്ചുമായ്ച്ചു കളയാനുമുള്ള അദ്ദേഹത്തിന്റെ ശ്രമം പാളുകയായിരുന്നു.
അതിനിടെ കഴിഞ്ഞ സെപ്തംബറില്‍ ബി സി സി ഐ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും വാതുവെപ്പ് ഉള്‍പ്പെടെ ഐ പി എല്ലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു തരത്തിലും ഇടപെടില്ലെന്ന വ്യവസ്ഥയോടെയാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ഈ സിറ്റിംഗില്‍ തന്നെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മുകുള്‍ മുദ്ഗല്‍ അധ്യക്ഷനും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍ നാഗേശ്വര റാവു, മുതിര്‍ന്ന അഭിഭാഷകന്‍ നിലയ് ദത്ത എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ സമിതിയെ ഐ പി എല്‍ വാതുവെപ്പ് അന്വേഷണത്തിന് സുപ്രീം കോടതി നിയമിക്കുകയുമുണ്ടായി. ഗുരുനാഥ് മെയ്യപ്പന് വാതുവെപ്പുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് മുദ്ഗല്‍ കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. വാതുവെപ്പില്‍ പിടിയിലായ ബോളിവുഡ് താരം വിന്ദു ധാരാസിംഗുമായി മെയ്യപ്പന്‍ നടത്തിയ ഫോണ്‍ സംഭാഷണം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോര്‍ത്തിയപ്പോഴാണ് മെയ്യപ്പന്റെ പങ്ക് ആദ്യമയി വെളിച്ചത്ത് വന്നതും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും. വാതുവെപ്പ് സംബന്ധിച്ച പല രഹസ്യങ്ങളും ബി സി സി ഐ പ്രസിഡന്റ് ശ്രീനിവാസനും അറിയാമായിരുന്നുവെന്നും വിന്ദു ധാരാസിംഗ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതടിസ്ഥാനത്തില്‍ ശ്രീനിവാസനെയും ചോദ്യം ചെയ്യേണ്ടതാണെങ്കിലും ഭരണ രംഗത്തും ഉന്നതങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം ബന്ധപ്പെട്ടവര്‍ വിമുഖത കാണിക്കുകയാണ്. അനേഷണം അട്ടിമറിക്കാനാണ് വളഞ്ഞ വഴിയിലൂടെ ശ്രീനിവാസന്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ബി സി സി ഐയെ കുടുംബ സ്വത്തെന്ന മട്ടിലാണ് ശ്രീനിവാസന്‍ കൈകാര്യം ചെയ്യുന്നതെന്നും ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ചു ബോര്‍ഡിലെ അംഗങ്ങളെ അദ്ദേഹം അടക്കി ഭരിക്കുകയാണെന്നും ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡി ഉള്‍പ്പെടെ ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ രൂക്ഷമായ വിമര്‍ശവും നിരീക്ഷണങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ല ഭാവി ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസകരമാണ്.

Latest