Connect with us

National

വാരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കുമെന്ന് കെജ്രിവാള്‍

Published

|

Last Updated

വാരണാസി: വാരണാസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. വാരണാസിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നതായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. വാരാണസിയില്‍ നടക്കുന്നത് ജനങ്ങളുടെ യുദ്ധമെന്നും കെജ്രിവാള്‍ പറഞ്ഞു. ഗുജറാത്തില്‍ വികസനമുണ്ടെന്ന മോദിയുടെ വാദത്തെ കെജ്‌രിവാള്‍ വെല്ലുവിളിച്ചു.  തനിക്ക് എം പിയാകാന്‍ ആഗ്രഹമില്ലെന്നും അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തനിക്ക് സുരക്ഷിതമായ മണ്ഡലങ്ങള്‍ വേറെ ഉണ്ടായിരുന്നെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഗുജറാത്ത് വികസനം സംബന്ധിച്ച പരസ്യ ചര്‍ച്ചകള്‍ക്ക് മോദി തയ്യാറുണ്ടോയെന്ന് കെജ്‌രിവാള്‍ റാലിക്കിടെ ചോദിച്ചു. നേരത്തെ വാരണാസിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ മഷിയൊഴിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാവിലെ വാരണാസിയില്‍ എത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയും ചെയ്തിരുന്നു. തനിക്കെതിരെ മഷിയെറിഞ്ഞത് മോദി വിലയ്‌ക്കെടുത്തയാളാണെന്നാണ് കെജ്‌രിവാളിന്റെ ആരോപണം. നരേന്ദ്ര മോദിയെ വാരണാസിയില്‍ തോല്‍പിക്കുമെന്നും മത്സരം പ്രതീകാത്മകമല്ലെന്നും നേരത്തെ കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ തങ്ങളുടെ വാരണാസി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

 

Latest