സ്ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള വിവരശേഖരണം അന്തിമ ഘട്ടത്തിലേക്ക്

Posted on: March 25, 2014 4:01 pm | Last updated: March 25, 2014 at 4:01 pm
SHARE

മസ്‌കത്ത്: രാജ്യത്തെ പ്രവാസികളുള്‍പെടെയുള്ള സ്ത്രീകളെയം കുട്ടികളെയും കുറിച്ച് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നടത്തുന്ന ക്ലസ്റ്റര്‍ സര്‍വേ അന്തിമ ഘട്ടത്തിലേക്ക്. രാജ്യത്ത് ആദ്യമായാണ് ശാസ്ത്രീയമായ രീതി സ്വീകരിച്ച് സമഗ്രമായ കുടുംബ സര്‍വേ നടത്തുന്നത്. പ്രവാസികളെക്കൂടി ഉള്‍പെടുത്തിയിരിക്കുന്നു എന്നതാണ് സര്‍വേയുടെ സവിശേഷതയില്‍ പ്രധാനം.
വിവരശേഖരണത്തിന്റെ ഭാഗമായി സെന്റര്‍ പ്രതിനിധികളുടെ കുടുംബ സന്ദര്‍ശനമാണ് പൂര്‍ത്തിയായി വരുന്നത്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റിലുമായി 6,400 കുടുംബങ്ങളെയാണ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നത്. ഈ മാസം അവാസനം വരെ ഇതു തുടരും. സര്‍വേ പ്രവര്‍ത്തനം തുടര്‍ന്നു വരികയാണെന്നും നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ചു തന്നെ പ്രവര്‍ത്തനം നടന്നു വരുന്നുണ്ടെന്നും സെന്റര്‍ സോഷ്യല്‍ സര്‍വേ ഡയറക്ടര്‍ യാഖൂബ് ബിന്‍ ഖമീസ് പറഞ്ഞു. കുടുംബങ്ങള്‍ സര്‍വേയുമായി നന്നായി സഹകരിക്കുന്നു.
രാജ്യത്തെ കുടുംബങ്ങളുടെ അവസ്ഥ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കുന്നതിനൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നയങ്ങള്‍ രൂപതവത്കരിക്കുന്നതിന് സര്‍ക്കാറിന് വിവരങ്ങള്‍ കൈമാറുക കൂടി ലക്ഷ്യം വെച്ചാണ് വിവര ശേഖരണം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ വികസന ആസൂത്രണത്തില്‍ നിര്‍ണായകമായ സ്വധീനം ചെലുത്തുന്നതായിരിക്കും സര്‍വേ എന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, തൊഴില്‍ ഉള്‍പെടെയുള്ള സേവനങ്ങളും സൗകര്യങ്ങളും സ്ത്രീകള്‍ക്കും തുല്യമായി തന്നെ ലഭ്യമാക്കുക എന്ന ഉദ്ദേശ്യവും സര്‍വേക്കു പിന്നിലുണ്ട്.
ദോഫാര്‍, വുസ്ത ഗവര്‍ണറേറ്റുകളിലെ സര്‍വേ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അഞ്ചു പ്രതിനിധികളാണ് ഇവിടെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ലേക്കു നിയോഗിക്കപ്പെട്ട സംഘം ഇതിനകം വുസ്തയില്‍ 60 കുടുംബങ്ങളിലും ദോഫാറില്‍ 450 കുടുംബങ്ങളിലും സന്ദര്‍ശനം നടത്തി. മാധ്യമങ്ങളിലൂടെ നേരത്തെ തന്നെ വിവരം ലഭിച്ചത് ജനങ്ങള്‍ക്ക് ഗുണകരമായി. മറ്റു ഗവര്‍ണറേറ്റുകളിലും വിവരശേഖരണം അന്തിമ ഘട്ടത്തിലേക്കു നീങ്ങുകയാണ്. സര്‍വേ പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് പുറത്തുവിടും.