ഉത്തേജക പാനീയം: സഊദിയില്‍ രണ്ടാമത്തെ മരണം

Posted on: March 21, 2014 10:39 pm | Last updated: March 21, 2014 at 10:39 pm

മദീന: ഉത്തേജക പാനിയം കുടിച്ച് ആരോഗ്യനില അപകടത്തിലായി ആശുപത്രിയിലെത്തിച്ചയാള്‍ മരിച്ചു. മദീനയില്‍ ചൊവ്വാഴ്ചയാണ് 46 കാരനായ ബംഗ്ലാദേശുകാരന്‍ മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്വീകരിച്ചത്. ഇത്തരം പാനീയങ്ങളുടെ പരസ്യങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെയാണ് മരണ വാര്‍ത്ത പുറത്ത് വന്നത്. മൂന്നു മാസത്തിനിടെ എനര്‍ജി ഡ്രിങ്ക് കുടിച്ചുള്ള രണ്ടാമത്തെ മരണമാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. രണ്ട് മാസം മുമ്പ് സ്വദേശി യുവാവ് അമിതമായ അളവില്‍ എനര്‍ജി ഡ്രിങ്ക് കഴിച്ചതിനാല്‍ മരണമടഞ്ഞിരുന്നു.
ഉത്തേജക പാനീയം കുടിച്ചതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായ ബംഗ്ലാദേശുകാരനെ മദീനയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസ്സം നേരിട്ട ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം മരിക്കുകയായിരുന്നു.
ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനാല്‍ സഊദി ആരോഗ്യ മന്ത്രാലയം ഉത്തേജക പാനീയങ്ങള്‍ക്കെതിരെ ശക്തമായ നിയമ നിര്‍മാണം ഇയ്യിടെ നടത്തിയിരുന്നു. രാജ്യത്തെ ഒരു തരം മീഡിയകളും ഇത്തരം ഉത്പന്നങ്ങളുടെ ഒരുതരത്തിലുള്ള പരസ്യങ്ങളും ചെയ്യരുതെന്ന് കര്‍ശനമായി വിലക്കിയിരുന്നു.
ഏറെ അപകടകാരിയായ കഫീന്‍ ധാരാളമായി അടങ്ങിയവയാണ് ഇത്തരം പാനീയങ്ങളെന്ന് ഇവ ഉപയോഗിക്കുന്ന പലര്‍ക്കും അറിയാത്തതാണ്. സഊദിയിലെ സ്‌കൂളുകളുടെയും സ്‌പോര്‍ട്‌സ് ക്ലബുകളുടെയും കാന്റീനുകളിലും മറ്റും ഉത്തേജക പാനീയങ്ങള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
16 വയസ്സിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗ മുള്ളവര്‍, പഞ്ചസാര രോഗികള്‍ എന്നിവര്‍ക്ക് ഇത്തരം പാനീയങ്ങളുടെ ഉപയോഗം ഏറെ ദോഷകരമാണെന്ന് ആരോഗ്യപരമായി തെളിയിക്കപ്പെട്ടതാണ്. ഇത്തരം പാനീയങ്ങള്‍ പൂര്‍ണമായി നിരോധിക്കപ്പെട്ട രാജ്യങ്ങളുമുണ്ട്.
യു എ ഇ അടക്കമുള്ള ചില ഗള്‍ഫ് രാജ്യങ്ങളിലെ പല രക്ഷിതാക്കളും ഉത്തേജക പാനീയങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്ന അഭിപ്രായക്കാരാണെന്ന് ഇവിടങ്ങളിലെ ചില മീഡിയകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കൗമാരക്കാരാണ് ഇത്തരം പാനീയങ്ങളുടെ പ്രധാന ഉപഭോക്താക്കളെന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണെന്നും രക്ഷിതാക്കള്‍ പറയുന്നു.