വനിതാ കമ്മീഷന്‍ അദാലത്ത്: 30 പരാതികള്‍ തീര്‍പ്പാക്കി

Posted on: March 20, 2014 9:56 pm | Last updated: March 20, 2014 at 9:56 pm
SHARE

കല്‍പ്പറ്റ: കുടുംബ ബന്ധങ്ങള്‍ ശിഥിലമാവുകയും ദാമ്പത്യ പ്രശ്‌നങ്ങളും സ്ത്രീകളുടെ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുന്നത് പരാതികള്‍ എളുപ്പം പരിഹരിക്കുന്നതിന് സഹായിക്കുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെയും ഡയറക്ടര്‍ ജേക്കബ് ജോബിന്റേയും നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 53 പരാതികള്‍ ലഭിച്ചു. 30 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
രണ്ട് കേസ് ജാഗ്രതാ സമിതിക്കും ഒന്ന് വനിതാ സെല്ലിനും കൈമാറി. ഇരുകക്ഷികളും ഹാജരാവാത്തതിനാല്‍ ഏഴ് കേസുകള്‍ മാറ്റിവെച്ചു. എട്ട് കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഗാര്‍ഹിക പീഢനങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിവരുടെ കേസുകളാണ് അദാലത്തില്‍ പരിഗണിച്ചവയില്‍ ഭൂരിഭാഗവും.