Connect with us

Kerala

മോട്ടോര്‍ വാഹനങ്ങളുടെ വേഗപരിധിയില്‍ ഭേദഗതി

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ മോട്ടോര്‍ വാഹനങ്ങളുടെ വേഗപരിധിയില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കി. പുതിയ ഹൈവേകളും ലെയിന്‍ റോഡുകളുമുണ്ടായ സാഹചര്യത്തിലാണ് 1989ലെ വിജ്ഞാപനം തിരുത്തി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉത്തരവിറക്കിയത്. ദേശീയ പാത, സംസ്ഥാന പാത, സിറ്റി, മുനിസിപ്പാലിറ്റി പരിധികളില്‍ വരുന്ന റോഡുകള്‍ തരം തിരിച്ചാണ് വേഗപരിധി ഉയര്‍ത്തിയിരിക്കുന്നത്. സ്‌കൂള്‍ പരിസരങ്ങളിലും ഗാട്ട് റോഡുകളിലും കാര്യമായ മാറ്റം വരുത്തിയിട്ടില്ല.
ചേര്‍ത്തല മുതല്‍ മണ്ണുത്തി വരെയുള്ള നാല് വരി പാതയില്‍ വേഗപരിധി ഉയരും. പുതിയ നിയമമനുസരിച്ചു നാല് വരി പാതകളില്‍ കാറുകള്‍ക്ക് പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്റര്‍ ആണ്. ദേശീയ പാതയില്‍ മണിക്കൂറില്‍ 85 കിലോമീറ്ററായും സംസ്ഥാനപാതയില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയും ഉയര്‍ത്തി. നിലവില്‍ വേഗം മൂന്ന് പാതയിലും 70 ആയിരുന്നു. മറ്റു റോഡുകളില്‍ ഈ വേഗവര്‍ധന അനുവദനീയമല്ല. നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും 50 കിലോമീറ്ററും സ്‌കൂള്‍ പരിസരത്ത് 30 കിലോമീറ്ററും ഗാട്ട് റോഡുകളില്‍ 45 കിലോമീറ്ററും ആയിരിക്കും കാറുകള്‍ക്ക് അനുവദനീയമായ വേഗപരിധി. ബൈക്കുകളുടെ വേഗപരിധി നഗരങ്ങളില്‍ കിലോമീറ്ററിന് 40 എന്നുള്ളത് 50 ആക്കിയും ദേശീയ പാതയില്‍ 50 ല്‍ നിന്ന് 60 ആക്കിയും നാല്‌വരി പാതയില്‍ 50 ല്‍ നിന്ന് 70 ആക്കിയും കൂട്ടി. സംസ്ഥാന പാതയില്‍ 50 കിലോമീറ്ററായി തുടരും. ഓട്ടോറിക്ഷകളുടെ വേഗപരിധി സിറ്റികളില്‍ 30 എന്നത് തുടരും. എന്നാല്‍ ഗാട്ട് റോഡുകളില്‍ 30 എന്നുള്ളത് 35 ആക്കി. ദേശീയ പാത, സംസ്ഥാന പാത, നാലുവരി പാത എന്നിവിടങ്ങളില്‍ ഓട്ടോയുടെ വേഗം 40 ല്‍ നിന്ന് 50 ആയും ഹെവി വാഹനങ്ങളുടെ വേഗം 60 ല്‍ നിന്ന് 65 ആയും വര്‍ധിപ്പിച്ചു. മറ്റു വാഹനങ്ങളുടെ കാര്യത്തിലും വേഗത്തില്‍ മാറ്റമുണ്ട്. കേരളത്തിലെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് റഡാര്‍ ക്യാമറകളില്‍ പുതിയ വേഗപരിധി അനുസരിച്ചുള്ള മാറ്റം വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest