Connect with us

International

മലേഷ്യന്‍ വിമാനത്തിന്റെ ട്രാന്‍സ്‌പോണ്‍ഡറുകള്‍ ഓഫാക്കിയത് ആര്?

Published

|

Last Updated

ക്വലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ വഴി തിരിച്ചുവിട്ടത് സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘം. ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് അന്വേഷണസംഘം ഇക്കാര്യം പരിശോധിക്കുന്നത്. കമ്പ്യൂട്ടര്‍ വഴിയാണ് വിമാനത്തിന്റെ സഞ്ചാര മാര്‍ഗം മാറ്റിയതെന്നാണ് നിഗമനം. അതേസമയം വിമാനത്തെ റഡാറിന് കാണാന്‍ സഹായിക്കുന്ന ട്രാന്‍സ്‌പോണ്‍ഡറുകള്‍ കോക്ക്പിറ്റില്‍ വെച്ച് ആരാണ് ഓഫാക്കിയതെന്ന അന്വേഷണം പുരോഗമിക്കുകയാണ്. പൈലറ്റുമാരോ അതിവൈദഗ്ധ്യമുള്ള ഏതെങ്കിലും യാത്രക്കാരനോ ആയിരിക്കാം ഇത് ചെയ്‌തെതന്നാണ് നിഗമനം. മലേഷ്യന്‍ വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്ന ശേഷം മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 1.21നാണ് ട്രാന്‍സ്‌പോണ്‍ഡറുകള്‍ ഓഫാക്കിയത്. ഇതിന് രണ്ട് മിനുട്ട് മുമ്പ് പോലും അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്നതായി പൈലറ്റുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. എന്നാല്‍ വിമാനത്തില്‍ നിന്നുള്ള റേഡിയോ സന്ദേശങ്ങള്‍ പൈലറ്റുമാരുടെ പങ്കിനെ കുറിച്ച് യാതൊരു തെളിവുകളും നല്‍കുന്നുമില്ല. പൈലറ്റുമാരുടെ വീടുകളില്‍ മലേഷ്യന്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മുഴുവന്‍ യാത്രക്കാരുടെയും പാശ്ചാത്തലവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി പൈലറ്റ് വിമാനം തട്ടിക്കൊണ്ടുപോയിരിക്കാമെന്ന ആരോപണം മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്‌റാഹിം തള്ളിക്കളഞ്ഞു. പൈലറ്റുമായി ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകള്‍ ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു പൈലറ്റ് അന്‍വര്‍ ഇബ്‌റാഹിമിന്റെ ബന്ധുവാണെന്ന് സ്‌ടെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തെ അന്‍വര്‍ ഇബ്‌റാഹിം നിരവധി തവണ കണ്ടിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും വിമാനം കണ്ടുപിടിക്കുന്നതിനാണ് മുന്‍ഗണനയെന്നും മലേഷ്യന്‍ പ്രതിരോധമന്ത്രി പറഞ്ഞു. വിമാനത്തിനായുള്ള തിരച്ചില്‍ കടലില്‍ 2.24 മില്യന്‍ നോട്ടിക്കല്‍ മൈല്‍ വ്യാപിപ്പിച്ചതായി ഗതാഗത മന്ത്രി ഹിശാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. ഇവിടെ ഏഴ് മേഖലകളാക്കി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ തുടരുന്നതിനിടെ വിമാനത്തിലുള്ള ചൈനീസ് യാത്രക്കാരുടെ ബന്ധുക്കള്‍ നിരാഹാര സമരം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. അതേസമയം കാണാതായ വിമാനം തകര്‍ന്നിട്ടില്ലെന്നും ഏതെങ്കിലും സ്ഥലത്ത് ഇറക്കിയിരിക്കാമെന്നും മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. വിമാനം തട്ടിക്കൊണ്ടുപോയവര്‍ ഏതെങ്കിലും അജ്ഞാത കേന്ദ്രത്തില്‍ വിമാനം ഇറക്കിയിട്ടുണ്ടാവാമെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.