മകനൊപ്പവും കളിച്ചു, റിവാള്‍ഡോ ബൂട്ടഴിച്ചു

Posted on: March 18, 2014 6:52 am | Last updated: March 18, 2014 at 7:54 am
SHARE

article-2562813-1BA1565700000578-863_634x611ഓരോന്നിനും ഓരോ യോഗം വേണം. ബ്രസീലിന്റെ മുന്‍ ലോകകപ്പ് ഹീറോ റിവാള്‍ഡോയെ സംബന്ധിച്ചാണെങ്കില്‍ വലിയൊരു യോഗം അടുത്തിടെ ഉണ്ടായി. നാല്‍പ്പത്തൊന്നാം വയസില്‍ ഫുട്‌ബോള്‍ കരിയര്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് മുമ്പായിട്ട് മകനോടൊപ്പം സഹതാരമായി പന്തുതട്ടാനുള്ള യോഗം. സാവോ പോളോ സ്റ്റേറ്റ് ലീഗ് മത്സരത്തില്‍ മോഗി മിറിം ക്ലബ്ബിനായിട്ടാണ് അച്ഛനും മകനും കുറിയ പാസുകളുമായി ഫുട്‌ബോള്‍ ലോകത്തിന് നവ്യാനുഭവം പകര്‍ന്നത്. പിറാസികാബക്കെതിരായ മത്സരം 1-1ന് സമനിലയായി. രണ്ടാം പകുതിയില്‍ പകരക്കാരനായാണ് റിവാള്‍ഡോ സീനിയര്‍ കളത്തിലിറങ്ങിയത്. ഇതാദ്യമായിട്ടായിരുന്നു പതിനെട്ടുകാരനായ റിവാള്‍ഡോ ജൂനിയറിനൊപ്പം സീനിയര്‍ റിവാള്‍ഡോ കളിക്കാനിറങ്ങിയത്.
ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട കരിയറിന് കഴിഞ്ഞ ദിവസം കണ്ണീരോടെയാണ് റിവാള്‍ഡോ വിരാമം കുറിച്ചത്. ലോകകപ്പ് ഉള്‍പ്പടെയുള്ള നിരവധി കിരീടനേട്ടങ്ങള്‍, യൂറോപ്പിലെ മികച്ച താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം, ഏറ്റവുമൊടുവില്‍ മകനൊപ്പം കളിക്കാന്‍ സാധിക്കുക എന്ന നേട്ടം. റിവാള്‍ഡോയുടെ കണ്ണില്‍ നിന്നുതിര്‍ന്നത് ആനന്ദാശ്രുക്കള്‍ തന്നെയാകണം. പതിനാല് ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടിയ റിവാള്‍ഡോയുടെ ഏറ്റവും മികച്ച ഫോം ബാഴ്‌സലോണയില്‍ 1999 ലായിരുന്നു. ബാലണ്‍ ദ്യോര്‍ പുരസ്‌കാരം തേടിയെത്തിയത് നൗകാംപ് ക്ലബ്ബിന്റെ തേരാളിയായിരുന്നപ്പോള്‍.
2002 ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെ ബ്രസീലിന് തിരിച്ചുവരവൊരുക്കിയ ഗോള്‍ റിവാള്‍ഡോയുടെ മാസ്റ്റര്‍ പീസ്. എന്നാല്‍, അതേ ലോകകപ്പില്‍ തുര്‍ക്കിക്കെതിരായ സെമിഫൈനലില്‍ ഫൗള്‍ അഭിനയിച്ച് ഹകന്‍ ഉന്‍സാലിന് റെഡ് കാര്‍ഡ് വാങ്ങിച്ചു കൊടുത്ത് വില്ലനായി. ഫിഫ പിന്നീട് റിവാള്‍ഡോക്ക് 7800 പൗണ്ട് പിഴശിക്ഷ വിധിച്ചു.