Connect with us

Articles

കെജ്‌രിവാള്‍, ഒരു സല്യൂട്ട്

Published

|

Last Updated

വ്യക്തമാകുന്തോറും കൂടുതല്‍ അവ്യക്തമായിക്കൊണ്ടിരിക്കുന്ന അമൂര്‍ത്ത രാഷ്ട്രീയ ഭൂപടമായി ഇന്ത്യ മാറിത്തീരുന്ന ഒരു തിരഞ്ഞെടുപ്പു വര്‍ഷമായിരിക്കും 2014 എന്ന് മാത്രം ഉറപ്പിക്കാകുന്ന ഒരു ചൂടന്‍ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പതിവു പോലെ പൊന്തിവരികയും താഴ്ന്നു പോകുകയും ചെയ്യുന്നുണ്ടെങ്കിലും ഈയടുത്തുണ്ടായ ഏറ്റവും ഗംഭീരമായ വിവാദം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും മുഖ്യധാരാ മാധ്യമങ്ങളും തമ്മിലുണ്ടായ വാഗ്വാദമായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ സജീവമായിരുന്ന ഏറ്റവും നിര്‍ണായകമായ പ്രണയബന്ധത്തിന്റെ തകര്‍ച്ചയുടെ തുടക്കവുമായിരുന്നു ഇത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളും ആം ആദ്മി പാര്‍ട്ടിയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധം മുഴുവനായി തകര്‍ന്നുവോ എന്നറിയാന്‍ കുറച്ചു നാള്‍ കൂടി കാത്തിരിക്കേണ്ടിവരും.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദവിയിലേക്കെത്തിക്കുന്നതിനു വേണ്ടി കാശ് വാങ്ങിയവരെന്നു സംശയിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജയിലിലടക്കുമെന്ന കെജ്‌രിവാളിന്റെ ഭീഷണി കലര്‍ന്നതെന്നു തോന്നിപ്പിക്കുന്ന പ്രസ്താവനയാണ് വിവാദമായത്. വിവാദം കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് തന്റെ നിലപാടില്‍ നിന്ന് അദ്ദേഹം കുറച്ച് പുറകോട്ട് പോകുകയും ഉണ്ടായി. 130 ബിസിനസ്സുകാരുമൊത്ത് പതിനായിരം രൂപ വീതം ഈടാക്കി അത്താഴമുണ്ണുന്നതിനിടയിലാണ് കെജ്‌രിവാള്‍ മോദിക്കെതിരെയും മോദിയെ അധികാരത്തിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ചത്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇത് സംബന്ധിച്ച് ഒരന്വേഷണം ഏര്‍പ്പെടുത്തുമെന്നും അതിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ഇത്തരക്കാരെ ജയിലിലടക്കുമെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്.

അഴിമതി അവസാനിച്ചെന്നും വികസനത്തിന്റെ സര്‍വകാല നായകനായി മോദി അവതരിച്ചിരിക്കുന്നുവെന്നുമാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത് എന്നാണ് കെജ്‌രിവാള്‍ പരിഹസിച്ചത്. പണമാണിതിന് പിന്നില്‍ കളിക്കുന്നത് എന്നും, ഇതാണ് യഥാര്‍ഥ അഴിമതി എന്നും അഴിമതിക്കെതിരായ ജനകീയ സമരത്തിലൂടെ കുതിച്ചുയര്‍ന്ന കെജ്‌രിവാള്‍ സത്യസന്ധമായി തന്റെ കാലത്തെ തുറന്നുകാട്ടുകയായിരുന്നു. അദാനി വ്യവസായ കോര്‍പ്പറേറ്റിന് വേണ്ടി കൃഷിയിടങ്ങള്‍ തുച്ഛ വിലക്ക് കൊടുക്കേണ്ടിവന്ന നിരവധി കര്‍ഷകര്‍ ഗുജറാത്തില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ ഇക്കൂട്ടര്‍ തമസ്‌കരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഗുജറാത്ത് വികസനം എന്നത് ഒരു നുണക്കഥ മാത്രമാണെന്നും സംസ്ഥാനത്തെ കര്‍ഷകരും ചെറുകിട വ്യവസായികളും കച്ചവടക്കാരും അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രയാസങ്ങള്‍ ആരും വാര്‍ത്തയാക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 800ലധികം കര്‍ഷകര്‍ മോദി ഭരണത്തിന്‍ കീഴില്‍ ആത്മഹത്യ ചെയ്തതായും അറുപതിനായിരത്തിലധികം ചെറുകിട വ്യവസായ യൂനിറ്റുകള്‍ ഇക്കാലത്ത് അടച്ചുപൂട്ടപ്പെട്ടതായും കെജ്‌രിവാള്‍ കണക്കുകള്‍ തുറന്നു കാണിച്ച് വ്യക്തമാക്കി.
നിസ്സാര കാരണങ്ങള്‍ പറഞ്ഞ്, കെജ്‌രിവാളിന്റെ ഗുജറാത്ത് പര്യടനം തടസ്സപ്പെടുത്തിയ മോദി സര്‍ക്കാറിന്റെ നീക്കങ്ങള്‍ തന്നെ സ്വയം സംസാരിക്കുന്ന കാര്യങ്ങളാണ്. അഹമ്മദാബാദില്‍ നിന്ന് വടക്കേ ഗുജറാത്തിലേക്ക് റോഡ് മാര്‍ഗം സഞ്ചരിച്ച കെജ്‌രിവാള്‍, ഗ്രാമീണരുമായി സംസാരിക്കുകയും പിന്നാക്ക പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഡിസ്പന്‍സറികള്‍ സന്ദര്‍ശിക്കുകയും ചെയ്തു. വികസനത്തിന്റെ ഒരു അണു പോലും തനിക്കിവിടങ്ങളില്‍ കാണാന്‍ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്കാര്‍ക്കെതിരെയും തുറന്നു സംസാരിക്കാന്‍ പേടിയില്ലെന്നും കൂട്ട നിശ്ശബ്ദത സൃഷ്ടിക്കുന്ന ഗൂഢാലോചനയെ കരുതിയിരിക്കണമെന്നും കെജ്‌രിവാള്‍ നിരീക്ഷിച്ചു. ഇന്ത്യാ ടി വി, ഇന്ത്യാ ന്യൂസ്, സീ ടി വി എന്നീ ചാനലുകള്‍ ഇപ്രകാരം പണം വാങ്ങി മോദിക്കനുകൂലമായി വാര്‍ത്തകള്‍ ഊതി വീര്‍പ്പിച്ച് പടച്ചുവിടുന്നതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പില്‍ പരാതിയായി സമര്‍പ്പിക്കുമെന്നും എ എ പി നേതാവ് സഞ്ജയ് സിംഗ് പറയുകയും ചെയ്തു. ഇതു കൂടാതെ ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പിന്റെ ചാനലായ ടൈംസ് നൗ; തങ്ങളുടെ പാര്‍ട്ടിക്കെതിരെ ബോധപൂര്‍വമായ പ്രചാരണം നടത്തി വരുന്നതായും അദ്ദേഹം ആരോപിച്ചു.

അഭിപ്രായ സര്‍വേകള്‍ തട്ടിപ്പും ചിലര്‍ക്ക് അനുകൂലമായി വളച്ചൊടിക്കപ്പെടുന്നതുമാണെന്ന കണ്ടെത്തലുകള്‍ ഒളിക്യാമറാ ദൃശ്യങ്ങള്‍ സഹിതം അടുത്ത കാലത്ത് പുറത്തുവന്നിരുന്നു. മോദിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ കണ്ടെത്തി കൊടുത്തിരുന്ന പ്രമുഖ പത്രപ്രവര്‍ത്തകനായ ആശിഷ് ഖേത്താന്‍ ഡല്‍ഹിയില്‍ എ എ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. അദ്ദേഹവും മുഖ്യധാരാ മാധ്യമങ്ങളുടെ വിഭാഗീയവും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കനുകൂലവുമായ നടപടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ടെലഗ്രാഫിന്റെ ദേശീയ വിഷയങ്ങളുടെ എഡിറ്റര്‍ മാനിനി ചാറ്റര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞതനുസരിച്ച്, ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും റാലികളുടെ ദൃശ്യങ്ങള്‍ അവര്‍ തന്നെ കൊടുത്തയക്കുന്ന ഫൂട്ടേജുകള്‍ കാണിച്ചുകൊണ്ടാണ് എല്ലാ ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നെ ഇതിലെന്ത് വസ്തുനിഷ്ഠതയാണ് നമുക്ക് കാണാന്‍ കഴിയുക? ആത്മനിഷ്ഠതയെ വസ്തുനിഷ്ഠതയാക്കി പ്രച്ഛന്നവേഷം ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ ആരോപിക്കുന്നു. എന്നാല്‍, ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്‌സ് അസോസിയേഷന്‍, കെജ്‌രിവാളിന്റെ പ്രസ്താവനയെ അങ്ങേയറ്റം ഹീനമായ ഒന്നായിട്ടാണ് കരുതുന്നത്. അവരതിനെ രൂക്ഷമായ ഭാഷയില്‍ അപലപിക്കുകയും ചെയ്തു. ദൗര്‍ബല്യം കൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നതെന്നാണ് അസോസിയേഷന്റെ നിഗമനം. പണം മേടിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യയില്‍ കുറച്ചു കാലമായി നടന്നു വരുന്ന കാര്യമാണെന്ന് പി സായ്‌നാഥ് അടക്കമുള്ള പലരും തുറന്നു കാട്ടിയിട്ടുള്ളതാണ്. ആ കാര്യം ആവര്‍ത്തിച്ചതിന്റെ പേരില്‍ എഡിറ്റേഴ്‌സ് അസോസിയേഷനും കൂടെ ബി ജെ പിയും കോണ്‍ഗ്രസും കെജ്‌രിവാളിനെതിരെ രംഗത്തുവന്നത് സത്യത്തില്‍ പരിഹാസ്യമായ കാര്യമാണ്. അഴിമതിക്കെതിരായി കുതിച്ചുയര്‍ന്ന എ എപി, അഴിമതി കൊണ്ട് വീര്‍ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെയും രംഗത്തുവരുന്നത് സ്വാഭാവികമായ പരിണാമമാണെന്നു കരുതുന്നതാകും യുക്തം.

ആം ആദ്മി പാര്‍ട്ടിക്കെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ കരുതിക്കൂട്ടി രംഗത്തു വരുന്നുണ്ടെന്ന ആരോപണത്തില്‍ അല്‍പ്പം കഴമ്പുണ്ടെന്നു തന്നെ വേണം കരുതാന്‍. തോല്‍വി ഭീഷണിയെ തുടര്‍ന്ന് ചിദംബരം, ജയന്തി നടരാജന്‍, മനിഷ് തിവാരി, സച്ചിന്‍ പൈലറ്റ് അടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്നു പോലുമില്ലെന്ന് തുറന്നുപറഞ്ഞതിനെ കേവലം സ്ഥാനാര്‍ഥി പ്രതിസന്ധി എന്നാണ് ഇന്ത്യയിലെ പത്രങ്ങള്‍ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ നൂറ്റി ഇരുപത് കോടി ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്ന സകല കാര്യങ്ങളിലും – പാചകവാതക വിലവര്‍ധന, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം, ആധാര്‍, സബ്‌സിഡികള്‍, സ്വകാര്യവത്കരണം, കോര്‍പ്പറേറ്റുകള്‍ക്കുള്ള അമിതമായ കിഴിവുകള്‍ – ജനവിരുദ്ധമായ തീരുമാനങ്ങളെടുത്ത് മന്ത്രിക്കസേരകളെ ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും മാറ്റപ്പേരാക്കിയെടുത്ത മന്‍മോഹന്‍ സിംഗിനും ചിദംബരത്തിനും ജയിക്കുന്നതു പോയിട്ട് കെട്ടി വെച്ച കാശും തിരിച്ചു മേടിച്ച് മാന്യമായി തോല്‍ക്കാവുന്ന ഒരു മണ്ഡലം പോലും ഇന്ത്യയിലില്ല എന്ന വാസ്തവം എന്താണ് ആരും തുറന്നു പറയാത്തത്? ആം ആദ്മി പാര്‍ട്ടിക്കെതിരായി മുഖ്യധാരാ മാധ്യമങ്ങള്‍ തിരിഞ്ഞതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് ആലോചിച്ചാല്‍ ബോധ്യമാകും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചത്, കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടമായി ഇന്ത്യാ രാഷ്ട്രീയത്തെ ഇനിയുള്ള കാലം ദുര്‍വ്യാഖ്യാനിച്ച് കഴിയാനാകില്ല എന്നുതന്നെയായിരുന്നു. അതായത്, അധികാരം കിട്ടുകയോ ഏതെങ്കിലും സീറ്റുകളില്‍ ജയിക്കുകയോ ചെയ്യുക എന്ന പ്രത്യക്ഷ ഫലങ്ങള്‍ക്കുപരിയായി, ഈ മുഖ്യധാരാ കോര്‍പ്പറേറ്റനുകൂല പാര്‍ട്ടികളുടെ വിജയസാധ്യതകളെ പലയിടങ്ങളിലും അട്ടിമറിക്കാന്‍ എ എപിക്കു സാധിക്കും എന്ന ഗംഭീരമായ തിരിച്ചറിവാണ് എ എ പിയെ ഏറ്റവും കുഴപ്പം പിട്ടിച്ച പാര്‍ട്ടി എന്ന നിലക്ക് അവതരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിച്ചത് എന്ന കാര്യം കാണാതിരുന്നു കൂടാ.

ബി ജെ പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക എന്ന നിവൃത്തികേടിനെ മതേതേര വാദികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിച്ചു പോന്നിരുന്ന പരമ്പരാഗത പ്രചാരണത്തെ മാറ്റിയെഴുതാനും എ എ പിയുടെ സാന്നിധ്യം വഴി തുറന്നിട്ടുണ്ട്. സത്യത്തില്‍, ബി ജെ പിയെ ഇത്ര വേഗത്തില്‍ സ്വീകാര്യമാക്കിയതിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ദീര്‍ഘകാലത്തെ ജനവിരുദ്ധ ഭരണം വന്‍ തോതില്‍ വഴിവെച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യത്തെ നാം കാണാതിരുന്നു കൂടാ. അപ്പോള്‍, അതില്‍ നിന്നു വേറിട്ട വഴി തുറന്നിടുന്ന എ എ പിയുടെ പ്രചാരണങ്ങളെ വിലയിടിച്ചു കാണുന്നത് ചരിത്രവിരുദ്ധമായിരിക്കും. അപ്രസക്തമെന്നു തോന്നിപ്പിക്കുന്ന കാരണങ്ങള്‍ പറഞ്ഞ് ഡല്‍ഹി ഭരണം വലിച്ചെറിഞ്ഞ എ എ പിയെ ഉത്തരവാദമില്ലാത്തവര്‍ എന്നാക്ഷേപിക്കാനാണ് മാധ്യമങ്ങള്‍ തുനിഞ്ഞത്. പ്രത്യക്ഷവും പരോക്ഷവുമായ കൂട്ടക്കൊലകളും യുദ്ധങ്ങളും വിലക്കയറ്റങ്ങളും കൃഷിഭൂമി പിടിച്ചെടുക്കലുകളും അഴിമതികളും പ്രകൃതി ചൂഷണങ്ങളും മറ്റും മറ്റുമായി ഇന്ത്യയെ കുട്ടിച്ചോറാക്കിയ മുഖ്യ ഭരണകക്ഷികളെ തുറന്നു കാട്ടാതെ കോര്‍പ്പറേറ്റുകള്‍ക്ക് വാലാട്ടി പോന്നിരുന്ന മുഖ്യധാരാ മാധ്യമങ്ങളെ ചരിത്രത്തിന്റെ തടവറകളില്‍ അടച്ചിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതാണ് സത്യം. അത് തുറന്നു പറഞ്ഞ അരവിന്ദ് കെജ്‌രിവാളിനെ ഇന്ത്യ അഭിനന്ദിക്കുകയാണ് വേണ്ടത്.

---- facebook comment plugin here -----

Latest