Connect with us

Editorial

പ്രചാരണം കൊഴുക്കുമ്പോള്‍

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുകയാണ്. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായിക്കഴിഞ്ഞു. എതിരാളിയുടെ ശക്തിദൗര്‍ബല്യങ്ങള്‍ക്കൊപ്പം സ്വന്തം സാധ്യതയും പരിമിതിയും കൂടി പരിഗണിച്ച്, നന്നായി ആലോചിച്ച് രാഷ്ട്രീയ സഖ്യങ്ങള്‍ നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ഥികള്‍ ഇതിനകം തന്നെ പൊതുജനമധ്യത്തില്‍ ഇറങ്ങിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയകളടക്കമുള്ള പൊതുമണ്ഡലങ്ങളില്‍ തങ്ങളുടെ വാദഗതികള്‍ ശക്തമായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ഈ കോലാഹലങ്ങള്‍ക്കും കൊണ്ടാട്ടങ്ങള്‍ക്കും ഇടയിലൂടെ കടന്നുപോകുന്നതെന്ന് ഈ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരും അതിന്റെ മേല്‍നോട്ടം വഹിക്കുന്നവരും അതിന്റെ ഗതി നിര്‍ണയിക്കുന്നവരും ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരേണ്ടത്. തിരിച്ചു വിളിക്കല്‍ അസാധ്യമായ ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് അഞ്ച് വര്‍ഷമായി പ്രതിനിധ്യം വഹിച്ച ഒരു വ്യക്തിയുടെയും കക്ഷിയുടെയും മുന്നണിയുടെയും സര്‍ക്കാറിന്റെയും കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കേണ്ടത്. ഇനിയൊരു അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുത്തയക്കുന്നവരെ കുറിച്ചുള്ള ഗൗരവപൂര്‍ണമായ ആലോചനകളും തീര്‍പ്പുകളും ഉണ്ടാകേണ്ടതുണ്ട്. പ്രതിപക്ഷത്തിന്റെ ധര്‍മം അവര്‍ നിര്‍വഹിച്ചോ എന്ന ചര്‍ച്ചയും നടക്കണം. ഭരണപക്ഷത്തിന്റെ ശരിയായ ദിശയിലുള്ള സഞ്ചാരങ്ങളെ അവര്‍ പിന്തുണച്ചോ? അബദ്ധ സഞ്ചാരങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചോ തുടങ്ങിയ ചോദ്യങ്ങളും ഉയരണം. ഇങ്ങനെ ഫലപ്രദമായ വിശകലനങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും ആരോഗ്യകരമായ വാദപ്രതിവാദങ്ങളിലൂടെയും പ്രചാരണം മുന്നേറുമ്പോള്‍ അത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന, തിരുത്തുന്ന പ്രക്രിയയായി മാറും.

എന്നാല്‍ ഈയടുത്തായി തിരഞ്ഞെടുപ്പുകളില്‍ ഇത്തരമൊരു പ്രചാരണ പ്രവര്‍ത്തനമല്ല കണ്ടിട്ടുള്ളത് എന്നത് വസ്തുതയാണ്. പെട്ടെന്ന് പൊട്ടി മുളക്കുന്ന അതിവൈകാരികമായ ഏതെങ്കിലും പ്രശ്‌നത്തിലേക്കോ നേതാവിന്റെ ഒട്ടും അവധാനതയില്ലാത്ത ഒരു പ്രസ്താവനയിലേക്കോ അവകാശവാദങ്ങളിലേക്കോ പ്രചാരണം മൊത്തം ചുരുങ്ങുകയാണ് ചെയ്യാറുള്ളത്. തന്ത്രങ്ങള്‍ക്കാണ് പ്രാമുഖ്യം. സ്ഥാനാര്‍ഥിനിര്‍ണയം തൊട്ട് തന്നെ തന്ത്രങ്ങളുടെ വിളയാട്ടമാണ്. ഇന്നലെ വരെ അപ്പുറത്തുള്ളവരെ ഇപ്പുറത്ത് കാണുന്നതും ഒരു സുപ്രഭാതത്തില്‍ സഖ്യം മാറുന്നതും സീറ്റുകള്‍ വെച്ചുമാറി ഭാഗ്യം പരീക്ഷിക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അന്ധമായി വിശ്വസിക്കുകയും അവര്‍ പറയുന്നത് എന്തും വിഴുങ്ങുകയും ചെയ്യുന്ന രാഷ്ട്രീയവത്കരിക്കപ്പെട്ട വോട്ടര്‍മാരുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നുവെന്ന് ഈ തന്ത്രജ്ഞന്‍മാര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു നിഗൂഢ ലക്ഷ്യവും ഗോപ്യമായി വെക്കാന്‍ സാധിക്കാത്ത വിധം ജാഗരൂകമായിത്തീര്‍ന്ന മാധ്യമ ലോകമാണ് നിലനില്‍ക്കുന്നത് എന്നും തിരിച്ചറിയണം. അതുകൊണ്ട് തുറന്ന സമീപനവും സത്യസന്ധമായ നിലപാടുകളും പ്രായോഗികമായ വീക്ഷണങ്ങളും എവിടെയാണുള്ളതെന്ന് കണ്ടെത്താനുള്ള ബുദ്ധി ജനങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എവിടെയും നല്ലത് കാണുന്നില്ലെങ്കില്‍ അഭയം പ്രാപിക്കാന്‍ ഇപ്പോള്‍ നോട്ട വോട്ടുമുണ്ടല്ലോ. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു പ്രചാരണ രീതിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവിഷ്‌കരിക്കേണ്ടത്. പ്രബുദ്ധരായ വോട്ടര്‍മാരേ എന്ന് സംബോധന ചെയ്താല്‍ പോര, അവരുടെ പ്രബുദ്ധതയെ അംഗീകരിക്കുന്ന മാന്യമായ സംവാദങ്ങള്‍ക്ക് ഇടം നല്‍കാന്‍ പാര്‍ട്ടികളും സഖ്യങ്ങളും തയ്യാറാകുകയും വേണം. വ്യക്തിപരമായ ആക്രമണങ്ങളും തോജോവധങ്ങളും ഒരു വോട്ടറും പൊറുക്കില്ല. വിദ്വേഷ പ്രസംഗങ്ങള്‍ കര്‍ശനമായി തടയണമെന്ന് പരമോന്നത കോടതി തന്നെ പ്രഖ്യാപിച്ചത് ഈ ജനാഭിപ്രായത്തെ മുന്‍നിര്‍ത്തിയാണ്.
പ്രചാരണം കൊഴുപ്പിച്ചതു കൊണ്ടോ പണം ഇടിച്ചുതള്ളിയതുകൊണ്ടോ വലിയ നേട്ടമുണ്ടാകുമെന്ന് തോന്നുന്നില്ല. കേരളത്തിലെ വോട്ടര്‍മാരെ അതൊന്നും ആകര്‍ഷിക്കാന്‍ പോകുന്നില്ല. ഇത്തവണ തിരഞ്ഞെടുപ്പിന് ചെലവാക്കാവുന്ന പണത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി ഒഴിച്ചുള്ള മുഴുവന്‍ കക്ഷികളും ഇതിനെ ഹര്‍ഷാരവങ്ങളോടെയാണ് എതിരേറ്റത്. ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക വലിയ സംസ്ഥാനങ്ങളില്‍ 70 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. ചെറിയ സംസ്ഥാനങ്ങളില്‍ ഇത് 54 ലക്ഷം മുതല്‍ 22 ലക്ഷം വരെയാണ്. കണക്കില്‍ കാണിക്കുന്ന പണത്തിന്റെ കാര്യമാണിത്.
ആയിരക്കണക്കായ പുതിയ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നുണ്ട്. അവര്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. തൊഴില്‍, വിദ്യാഭ്യാസം, വികസനം തുടങ്ങിയവ സംബന്ധിച്ചാണ് അവരുടെ ആശങ്കകള്‍. വിലക്കയറ്റം, പൊതു സാമ്പത്തിക മാന്ദ്യം, വര്‍ഗീയത, ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പിന്നാക്കാവസ്ഥ, കാര്‍ഷിക പ്രതിസന്ധി, വ്യാവസായിക മുരടിപ്പ് തുടങ്ങിയ മനുഷ്യനെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകട്ടെ. ഇത്തരം ജീവത്തായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറുകളും നിലവിലെ ജനപ്രതിനിധികളും ചെയ്ത കാര്യങ്ങളും വിലയിരുത്തപ്പെടട്ടെ. അപ്പോള്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പാഠങ്ങളായി മാറും. മണ്ഡലങ്ങള്‍ ആരുടെയും കുത്തകയല്ലാതായി മാറും. അപ്പോള്‍ മാത്രമേ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അന്തഃസത്ത ഒരു പരിധി വരെയെങ്കിലും പുലരുകയുള്ളൂ.