ബാറ്റണ്‍ കൈമാറാനുള്ള തിരക്കില്‍ പ്രധാനമന്ത്രി

    Posted on: March 17, 2014 7:49 am | Last updated: March 17, 2014 at 7:49 am
    SHARE

    manmohanന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചൂടിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് ബാറ്റണ്‍ കൈമാറാനുള്ള ഒരുക്കത്തില്‍. തിരക്കുപിടിച്ച ദിവസങ്ങളാണ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനിപ്പോള്‍. നിരവധി ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നതിനാല്‍ 11 മണിക്കൂറാണ് പ്രധാനമന്ത്രി ഓഫീസില്‍ ചെലവഴിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അധികാരം കൈമാറുമെന്ന് അദ്ദേഹം ജനുവരിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ അറിയിച്ചിരുന്നു.
    രാവിലെ 9.30ന് ഓഫീസിലെത്തുന്ന പ്രധാനമന്ത്രി ഉച്ചവരെ വിവിധ മന്ത്രാലയങ്ങളുടെയും ഏജന്‍സികളുടെയും യോഗത്തില്‍ പങ്കെടുക്കുകയാണ്. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷം അല്‍പ്പം വിശ്രമം. പിന്നീട് വീണ്ടും ഓഫീസില്‍. തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് നിരവധി ജോലികളാണ് ചെയ്തു തീര്‍ക്കാനുള്ളത്. നിരവധി കമ്മിറ്റികളുടെ തലവനാണ് പ്രധാനമന്ത്രി. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നില്ലെന്ന് ഒഴിച്ചാല്‍ ഓഫീസ് ഏപ്പോഴും തിരക്കിലാണ്. എട്ട് സ്ഥലങ്ങളില്‍ പ്രചാരണത്തിനും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
    കര്‍ണാടക, അസം, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് അദ്ദേഹം പ്രചാരണം നടത്തുക. അവിടത്തെ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ തീയതികള്‍ തീരുമാനിക്കും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാലാവധി കഴിഞ്ഞാലും അദ്ദേഹം വിവിധ സ്ഥാനങ്ങളില്‍ തുടരും. 1971 മുതല്‍ ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് അദ്ദേഹം.