എ പി അബ്ദുല്ലക്കുട്ടി എം എല്‍ എക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

Posted on: March 14, 2014 1:16 am | Last updated: March 14, 2014 at 1:16 am
SHARE

abdullakkuttyകണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എക്കെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൈയേറ്റം ഉണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. പള്ളിക്കുന്നിലെ വീട്ടിലും യാത്ര ചെയ്യുമ്പോഴും പോലീസ് സംരക്ഷണം ഉണ്ടായിരിക്കും. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് കണ്ണൂര്‍ നഗരത്തിലെ എം എല്‍ എ ഓഫീസിലേക്ക് പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് അബ്ദുല്ലക്കുട്ടി എത്തിയത്. ഗണ്‍മാന്റെ സംരക്ഷണം നേരത്തെ തന്നെ അബ്ദുല്ലക്കുട്ടിക്കുണ്ട്. കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ പയ്യാമ്പലത്തെ പാംഗ്രൂവ് ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. സംഭവത്തില്‍ പോലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. എം എല്‍ എയെ സംഘംചേര്‍ന്നു തടഞ്ഞുവെച്ചതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും 15 പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ 10 പേരെ അറസ്റ്റ് ചെയ്യുകയും അവരെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അബ്ദുല്ലക്കുട്ടി രേഖാമൂലം പരാതി നല്‍കിയിട്ടില്ല. ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നില്ല. സ്വമേധയാ കേസെടുത്ത പോലീസ് അബ്ദുല്ലക്കുട്ടിയില്‍ നിന്നും അദ്ദേഹത്തിന്റെ ഗണ്‍മാനില്‍ നിന്നും സാക്ഷികളില്‍നിന്നും വിശദമായ മൊഴിയെടുക്കും. ഇതിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഡി വൈ എസ് പി. ജെ സന്തോഷ് പറഞ്ഞു. തന്നെ വധിക്കാനായിരുന്നു ശ്രമം എന്ന രീതിയിലാണ് അബ്ദുല്ലക്കുട്ടി സംഭവത്തിനുശേഷം പ്രതികരിച്ചത്.