അഹമ്മദും ഇ ടിയും ഗോദയിലിറങ്ങി

Posted on: March 12, 2014 8:06 am | Last updated: March 12, 2014 at 8:06 am
SHARE

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ അങ്കം മുറുകുമ്പോള്‍ പൊന്നാനി, മലപ്പുറം മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലീഗ് സ്ഥാനാര്‍ഥികള്‍ തുടക്കം കുറിച്ചു.
ഇന്നലെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളിന്റെ വസതിയില്‍ വന്ന് അനുഗ്രഹം വാങ്ങിയാണ് ലീഗ് സ്ഥാനാര്‍ഥികള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. മലപ്പുറം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന് ലോക്‌സഭയിലേക്ക് ഇത് ഏഴാമത്തെ ഊഴമാണ്. ലീഗിന്റെ കോട്ടയായ മലപ്പുറത്ത് നിന്ന് അനായസം ജയിച്ച് കയറാന്‍ കഴിയുന്ന പ്രതീക്ഷയിലാണ് താനെന്ന് തങ്ങളെ സന്ദര്‍ശിച്ച ഇ അഹമ്മദ് പറഞ്ഞു. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഇതിന് മുതല്‍ കൂട്ടാകും. കേന്ദ്രത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ യു പി എ ഗവണ്‍മെന്റ് വരേണ്ടത് ആവശ്യമാണെന്നും അഹമ്മദ് വ്യക്തമാക്കി.
പാര്‍ട്ടിയില്‍ ഇ അഹമ്മദിന്റെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അണികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്ന് വന്നിരുന്നു. ഇത്തവണ മത്സര രംഗത്ത് നിന്ന് ഇ അഹമ്മദ് മാറി നില്‍കണമെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന് വന്നിരുന്നത്. ഇത് ലീഗിലെ അണികള്‍ക്കിടയില്‍ ഏറെ ആശയ കുഴപ്പം സൃഷ്ടിച്ചു. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങള്‍ക്ക് ഫൂള്‍ സ്റ്റോപ്പിട്ട് ലീഗ് നേതൃത്വം മുന്‍ വര്‍ഷത്തെ സ്ഥാനാര്‍ഥികളെ തന്നെ നിശ്ചയിച്ചു. ഇതോടെ രംഗം ശാന്തമായി.
പൊന്നാനിയിലെ സിറ്റിംഗ് എം പിയായ ഇ ടി മുഹമ്മദ് ബഷീര്‍ രാവിലെയാണ് തങ്ങളെ സന്ദര്‍ശിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മണ്ഡത്തില്‍ ലീഗ് അനുഭാവികള്‍ ഇ ടിക്ക് വേണ്ടി പ്രചരണ പരിപാടികള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇ ടി ഇത് രണ്ടാമൂഴമാണ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്ന നേതാവാണ് ഇദ്ദേഹം. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇ ടിക്ക് അനുകൂലമാക്കുമെന്ന് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇ ടി കോട്ടക്കല്‍ പി കെ വാര്യരെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ചു. ഇടതു പാളയത്തില്‍ ജില്ലയിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം പുറത്ത് വന്നിട്ടില്ല. മലപ്പുറത്ത് പി കെ സൈനബയുടെയും പൊന്നാനിയില്‍ വി അബ്ദുര്‍റഹിമാന്റെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിതീകരണം വന്നിട്ടില്ല. ഇടതു പടയും കൂടി തട്ടകത്തില്‍ വോട്ടിനായി ഇറങ്ങുന്നതോടെ തിരഞ്ഞെടുപ്പ് ചൂട് കനക്കും.