സി പി ഐ സ്ഥാനാര്‍ത്ഥികളായി; വയനാട്ടില്‍ സത്യന്‍ മൊകേരി; സി എന്‍ ജയദേവന്‍ തൃശൂരില്‍

Posted on: March 12, 2014 1:43 am | Last updated: March 12, 2014 at 11:27 pm
SHARE

cpi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സി പി ഐ സ്ഥാനാര്‍ഥി പട്ടികക്ക് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകാരം. തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമും മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും തൃശൂരില്‍ സി എന്‍ ജയദേവനും വയനാട്ടിന്‍ സത്യന്‍ മൊകേരിയും സ്ഥാനാര്‍ഥികളാകും. തീരുമാനത്തിന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി.
തൃശ്ശൂരിലും വയനാട്ടിലും പരിഗണിച്ചിരുന്ന കെ പി രാജേന്ദ്രനെയും ജോസ് ബേബിയെയും മറികടന്നാണ് അവസാന ഘട്ടത്തില്‍ സി എന്‍ ജയദേവനും സത്യന്‍ മൊകേരിയും പട്ടികയില്‍ ഇടംപിടിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ എടുത്ത അന്തിമ തീരുമാനം ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. മുന്‍ പി എസ് സി അംഗവും കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളജ് ഡയറക്ടറുമാണ് തിരുവനന്തപുരത്തെ സി പി ഐ സ്ഥാനാര്‍ഥി ഡോ. ബെന്നറ്റ് ഏബ്രഹാം. മുന്‍ എം പിയാണ് മാവേലിക്കരയില്‍ നിന്ന് മത്സരിക്കുന്ന ചെങ്ങറ സുരേന്ദ്രന്‍.
സത്യന്‍ മൊകേരി കിസാന്‍ സഭ നേതാവാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറികൂടിയാണ് സി എന്‍ ജയദേവന്‍. ഇന്നലെ ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ ബെന്നറ്റ് ഏബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍, നാടാര്‍ സമുദായാംഗമാണെന്നതും സി പി എമ്മിന്റെ ശക്തമായ ഇടപെടലുമാണ് ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തിന് വഴിയൊരുക്കിയത്. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി ശശി തരൂരിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍ കഴിഞ്ഞ തവണ മത്സരിച്ച രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
പന്ന്യനും ദിവാകരനും താത്പര്യക്കുറവ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ അന്തിമതീരുമാനമെടുത്തത്.