Connect with us

Gulf

സ്വദേശി വിദ്യാര്‍ഥിനി റോബോട്ടിക് കൈ നിര്‍മിച്ചു

Published

|

Last Updated

അബുദാബി: ഖലീഫ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി മനുഷ്യന്റെ കൈക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന കൃത്രിമ റോബോട്ടിക് കൈ നിര്‍മിച്ചു. ജന്മനാ കൈ ഇല്ലാത്തവര്‍ക്കും രോഗത്താലും അപകടത്താലും കൈ നഷ്ടപ്പെട്ടവര്‍ക്കും ഏറെ ആശ്വാസമായി മാറും ഇതെന്നാണ് പൊതുവേ വിലയിരുത്തല്‍. ശരീരത്തിലെ മാംസപേശികളുടെ ആജ്ഞാനുസരണം പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതാണ് ഈ കൈയുടെ സവിശേഷതയെന്ന് കണ്ടുപിടുത്തം നടത്തിയ സ്വദേശിയായ ശൈഖ അല്‍ സുവൈദി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനാല്‍ കൈ ദേഹത്തിന്റെ ഭഗമാണെന്ന തോന്നല്‍ ഉടമയിലും സൃഷ്ടിക്കാന്‍ സാധിക്കും. പാരീസ് യുണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാരി ക്യൂറി റോബോട്ടിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കവേയാണ് ഇവര്‍ റോബോട്ടുകളെ പ്രണയിക്കാന്‍ തുടങ്ങിയത്. ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി തുടര്‍പഠനത്തിനായി ഖലീഫ യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ശേഷമാണ് റോബോട്ടിക് കൈ നിര്‍മിക്കാനുള്ള ഗവേഷണങ്ങളില്‍ മുഴുകിയത്. പ്രമേഹത്താല്‍ കൈ മുറിച്ചു മാറ്റിയവര്‍ക്കും യുദ്ധത്തില്‍ കൈ നഷ്ടമായവര്‍ക്കും ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന് കൈ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഈ യുവശാസ്ത്രജ്ഞ പ്രതീക്ഷ പ്രകടിപ്പിച്ചു.

 

Latest