മുന്നണിയിലില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കും: ഐ എന്‍ എല്‍

Posted on: March 10, 2014 1:06 pm | Last updated: March 11, 2014 at 1:05 am
SHARE

ap abdul vahab inlതിരുവനന്തപുരം: ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ എല്‍ ഡി എഫ് തീരുമാനമെടുത്തില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം സിറാജ്‌ലൈവിനോട് പറഞ്ഞു.

ഐ എന്‍ എല്ലിനെ മുന്നണിയില്‍ എടുക്കില്ല എന്ന തരത്തില്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ശരിയല്ല. ഇങ്ങനെയൊരു തീരുമാനം തങ്ങള്‍ എടുത്തിട്ടില്ലെന്നും വാര്‍ത്തകള്‍ ശരിയല്ലെന്നുമാണ് എല്‍ ഡി എഫ് നേതൃത്വം അറിയിച്ചത്. ഇന്ന് രാവിലെ തിരുവനന്തപുരം എ കെ ജി സെന്ററില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വവുമായി നടന്ന ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയാണുള്ളത്. ഐ എന്‍ എല്ലിന്റെ പൂര്‍ണമായ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. താഴെ തലം തൊട്ട് ഐ എന്‍ എല്ലിനെ പരിപൂര്‍ണമായി സഹകരിപ്പിക്കുമെന്നാണ് വൈക്കം വിശ്വന്‍ വ്യക്തമാക്കിയത്.

എന്നാല്‍ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ഉറപ്പോ തീരുമാനമോ അറിയിക്കണമെന്ന് ഐ എന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നാണ് ഇതിന് എല്‍ ഡി എഫ് കണ്‍വീനര്‍ നല്‍കിയ മറുപടി. ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കില്ല എന്നാണ് തീരുമാനമെങ്കില്‍ നാളെ ചേരുന്ന സംസ്ഥാന കൗണ്‍സിലില്‍ പ്രവര്‍ത്തകരുടെ വികാരത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും എ പി അബ്ദുല്‍ വഹാബ് വ്യക്തമാക്കി.