Connect with us

Editorial

പിളരുന്ന ഉക്രൈന്‍

Published

|

Last Updated

പുറത്ത് നിന്നുള്ള ഇടപെടലുകള്‍ക്കും തീര്‍പ്പുകള്‍ക്കും കീഴടങ്ങുന്ന രാജ്യങ്ങള്‍ ആധുനിക ലോകക്രമത്തിലെ അടിസ്ഥാനപരമായ യാഥാര്‍ഥ്യമാണ്. കോളനിവത്കരണത്തിനും ലോകമഹായുദ്ധങ്ങളുടെ കാലത്തെ ശാക്തിക ചേരികള്‍ക്കും പുതിയ കാലത്ത് പ്രസക്തിയില്ലെന്ന് പറയുമ്പോഴും വന്‍ ശക്തികളുടെ തീരുമാനങ്ങളാണ് ഭൂരിപക്ഷം രാജ്യങ്ങളിലും നടപ്പാകുന്നതെന്ന സത്യം നിഷേധിക്കാനാകാതെ നിലനില്‍ക്കുന്നു. സാമ്പത്തികമായ ആശ്രിതത്വം രാഷ്ട്രീയമായ ആശ്രിതത്വത്തിന് വഴിയൊരുങ്ങുന്നതാണ് ദരിദ്ര രാഷ്ട്രങ്ങളുടെ ഗതി. ഇങ്ങനെ വിധേയത്വത്തിന് തയ്യാറാകാതെ ഏതെങ്കിലും രാജ്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവിടെ കുത്തിത്തിരിപ്പുകളുടെ പരമ്പര തന്നെ അരങ്ങേറുന്നു. സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ലോക രാഷ്ട്രങ്ങളെല്ലാം കൃത്യമായി അണി ചേര്‍ന്നിരിക്കുന്നുവെന്ന് വ്യക്തമാകും. പഴയ സോവിയറ്റ്, അമേരിക്കന്‍ ചേരികളുടെ മാതൃകയില്‍ നിന്ന് ഈ അണിചേരലില്‍ ചില വ്യത്യാസങ്ങള്‍ കണ്ടേക്കാമെന്ന് മാത്രം. ഈ പശ്ചാത്തലത്തില്‍, മുന്‍ സോവിറ്റ് റിപ്പബ്ലിക്കായ ഉക്രൈനില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് വലിയ പ്രധാന്യമുണ്ട്.

പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെതിരെ നവംബറില്‍ തുടങ്ങിയ പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ തന്നെ ഇടപെടല്‍ വ്യക്തമായിരുന്നു. യൂറോപ്യന്‍ യൂനിയനുമായി ഒപ്പ് വെക്കാനിരുന്ന കരാര്‍ വേണ്ടെന്നു വെക്കാനും റഷ്യയുമായി കൂടുതല്‍ സാമ്പത്തിക, നയതന്ത്ര സഹകരണത്തിനും യാനുകോവിച്ച് മുതിര്‍ന്നതാണ് പ്രശ്‌നങ്ങളുടെ ആധാരം. ഇ യുമായുള്ള കരാര്‍ പുനഃസ്ഥാപിക്കണമെന്ന് പ്രക്ഷോഭകര്‍ മുറവിളി കൂട്ടി. യൂറോപ്യന്‍ യൂനിയന്റെ പിന്തുണയോടെ അരങ്ങേറിയ പ്രക്ഷോഭം അക്രമാസക്തമായി. തലസ്ഥാനമായ കീവില്‍ ഭരണ പ്രതിസന്ധിയുണ്ടാക്കാന്‍ പ്രക്ഷോഭകര്‍ക്ക് സാധിച്ചതോടെ പ്രസിഡന്റ് മാറിച്ചിന്തിക്കാന്‍ തുടങ്ങി. അനുനയത്തിന്റെ ഭാഷ പുറത്തെടുത്ത അദ്ദേഹം പ്രധാനമന്ത്രിയെ പുറത്താക്കുകയും പ്രക്ഷോഭകരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. പക്ഷേ, പ്രക്ഷോഭകര്‍ അപ്പോഴേക്കും യാനുകോവിച്ചിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഒടുവില്‍ യൂറോപ്യന്‍ യൂനിയന്റെ കൂടി മാധ്യസ്ഥ്യത്തില്‍ യാനുകോവിച്ചും പ്രതിപക്ഷവും അനുരഞ്ജന കരാറില്‍ ഒപ്പ് വെക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിപക്ഷം ഭരണം പിടിച്ചെടുക്കുകയായിരുന്നു. യൂറോപ്യന്‍ യൂനിയന്റെ തന്ത്രപരമായ നീക്കത്തിന്റെ ഫലമായിരുന്നു ഇത്. ഒരു ഭാഗത്ത് കരാറിന് കളമൊരുക്കുമ്പോള്‍ മറുഭാഗത്ത് അട്ടിമറിക്ക് കൂട്ട് നില്‍ക്കുകയായിരുന്നു ഇ യു. യാനുകോവിച്ചിന് റഷ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ ഭാഗത്തേക്ക് പലായനം ചെയ്യേണ്ടി വന്നു.
അതോടെ റഷ്യ കളത്തില്‍ ഇറങ്ങിക്കളിക്കാന്‍ തുടങ്ങി. റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ പ്രവിശ്യയുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ടാണ് റഷ്യന്‍ പക്ഷപാതികള്‍ തിരിച്ചടിച്ചത്. ഈ ഘട്ടത്തില്‍ റഷ്യ ഉക്രൈനിന് ചുറ്റും പടയൊരുക്കം ശക്തമാക്കി. ക്രിമിയയുടെ സ്വയം നിര്‍ണയാവകാശം സംരക്ഷിക്കാന്‍ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് വഌദമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തിയതോടെ ചിത്രം വ്യക്തമായി.
ഉക്രൈനുമായി ബന്ധം വിച്ഛേദിച്ച് റഷ്യയുടെ ഭാഗമായിത്തീരാന്‍ ക്രിമിയന്‍ പ്രവിശ്യാ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ക്രിമിയന്‍ പ്രവിശ്യാ പാര്‍ലിമെന്റിന്റെ വ്യാഴാഴ്ച ചേര്‍ന്ന സമ്മേളനമാണ് ഐകകണ്‌ഠ്യേന ഈ തീരുമാനം കൈക്കൊണ്ടത്. തീരുമാനത്തിന് ജനകീയാംഗീകാരം ലഭിക്കാന്‍ മാര്‍ച്ച് 16ന് ഹിതപരിശോധന നടത്തുമെന്ന് ക്രിമിയന്‍ ഉപപ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഉക്രൈന്‍ എന്ന രാജ്യം പിളരാന്‍ പോകുന്നുവെന്ന് ചുരുക്കം.
ഇവിടെ വന്‍ ശക്തികള്‍ സന്തുഷ്ടരാണ്. റഷ്യയെ ഉപരോധം കൊണ്ട് വീര്‍പ്പു മുട്ടിക്കാന്‍ ശ്രമിച്ചവരെ രാജ്യം തന്നെ പിളര്‍ത്തിക്കൊണ്ട് നിരായുധരാക്കാന്‍ വഌദമിര്‍ പുടിന് സാധിച്ചു. ഹിതപരിശോധനയിലൂടെ ക്രിമിയ പരമാധികാരം നേടിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ ആവശ്യപ്പെടുന്ന സൈനിക സംരക്ഷണം നല്‍കുന്നതിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലല്ലോ. അത് മുന്‍ കൂട്ടിക്കണ്ടാണ് ക്രിമിയ നടത്തുന്ന റഫറണ്ടം ഭരണഘടനാവിരുദ്ധമാണെന്ന് ഉക്രൈനിലെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂനിയനും അമേരിക്ക അടക്കമുള്ളവരും സന്തോഷത്തിലാണ്. ഉക്രൈനിലെ റഷ്യന്‍ ഇടപെടല്‍ ഭാഗികമായെങ്കിലും തടയാനായെന്ന് അവര്‍ കരുതുന്നു.
ഉക്രൈന്‍ ജനതക്ക് മാത്രമാണ് നഷ്ടങ്ങളുണ്ടായത്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ന്നിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ മുങ്ങിത്താഴുകയാണ്. കറന്‍സി മൂല്യം പാതാളത്തിലേക്ക് കൂപ്പുകുത്തുന്നു. കറന്റ് അക്കൗണ്ട് കമ്മി മാനം മുട്ടുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ ഒന്നടങ്കം തലപൊക്കുന്നു. ഇടപെടലുകളുടെ ഇരയാണ് ഉക്രൈന്‍. യു എന്നടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്ക് ഈ ഘട്ടത്തില്‍ വലിയ പങ്ക് വഹിക്കാനാകും. പക്ഷേ, അവയും വന്‍കിടക്കാരുടെ കൈകളിലെ പാവകളാണല്ലോ.

 

---- facebook comment plugin here -----

Latest