ഖത്തറിലെ നിരത്തുകളിൽ ഇനി റഡാറും; പിടിയിലായാല്‍ വൻപിഴ

Posted on: March 9, 2014 4:57 pm | Last updated: March 9, 2014 at 4:57 pm

Traffic-eases-on-Doha-roadsദോഹ: ദോഹയില്‍ ഗതാഗത നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ നിലവിലുള്ള കാമറകള്‍ക്കു പുറമേ റഡാറുകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. രാജ്യത്തെ പ്രധാന റോഡുകളില്‍ ഓരോ രണ്ടു-നാലു കിലോമീറ്ററുകള്‍ക്കിടയില്‍ റഡാറുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ആവശ്യമായ സോഫ്റ്റ്‌വെയര്‍ എന്‍ജിനുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.

നിരത്തുകളില്‍ നിയമം കാറ്റില്‍ പരത്തി  വാഹനമോടിക്കുന്നവര്‍ കരുതിയിരിക്കുക. വേഗത പകര്‍ത്തുന്ന കാമറയുടെ പരിധിയിലെത്തുമ്പോള്‍ മാത്രം മര്യാദക്കാരാവുന്ന പതിവ് പരിപാടികള്‍ വിലപ്പോകുന്ന കാലം കഴിയാന്‍ പോകുന്നു. രണ്ടു കാമറകള്‍ക്കിടയിലെ ദൂരത്തില്‍ എങ്ങിനെയൊക്കെ ഡ്രൈവിംഗ് നടക്കുന്നു എന്ന് പകര്‍ത്താന്‍ സാറ്റലൈറ്റ്  സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ സദാ സമയവും നിങ്ങളെ പിന്തുടരും. ദോഹയിലെ പ്രധാന റോഡുകളില്‍ ഓരോ രണ്ടു കിലോമീറ്റര്‍ മുതല്‍ നാല് കിലോമീറ്റര്‍ അകലത്തില്‍ ഇങ്ങനെ കള്ളക്കണ്ണുകളായി റഡാറുകള്‍ നിലവിലുണ്ടാകും.

അമിത വേഗത, നിയമം തെറ്റിച്ച് ട്രാക്ക് മാറുക, നിശ്ചിത വേഗപരിധി പാലിക്കാതിരിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ റഡാറുകള്‍ പച്ചയായി  പിടികൂടും. നേരത്തെയുണ്ടായിരുന്ന പിഴ ശിക്ഷയ്ക്കു പുറമേ ലൈന്‍ നിയമം  തെറ്റിച്ചു മറികടക്കുന്ന വാഹനങ്ങള്‍ക്ക് 500 റിയാല്‍ പിഴ കൂടി  ഈടാക്കും. ചുരുക്കത്തില്‍ വാഹനമോടിക്കുമ്പോള്‍ വേണ്ടത്ര സൂക്ഷ്മത പാലിക്കാത്തവര്‍ക്ക് ഇനി മുതല്‍ ഓരോ മാസവും പിഴയടക്കാന്‍ കിട്ടുന്ന വേതനം മതിയാകാതെ വരും.

ഖത്തറില്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ സാഹചര്യം കൂടി കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയവും ട്രാഫിക് വിഭാഗവും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. വാഹനാപകടങ്ങളിലെ മരണ നിരക്കില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറിയതായി ഇടക്കാലത്ത് റിപ്പോര്‍ട്ടുണ്ടായിരുന്നു.