വരണാധികാരികള്‍ ഇന്ന് മുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ പരിശോധിക്കും

Posted on: March 7, 2014 7:34 am | Last updated: March 7, 2014 at 7:34 am
SHARE

കോഴിക്കോട്: തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ വരണാധികാരികള്‍ മണ്ഡലങ്ങളില്‍ പരിശോധന തുടങ്ങും. ജില്ലയിലെ 1883 പോളിംഗ് സ്റ്റേഷനുകളിലെയും സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനാണ് പരിശോധന. അസംബ്ലി നിയോജക മണ്ഡലങ്ങളുടെ ചുമതലയുളള സഹ വരണാധികാരികളാണ് ഇന്ന് മുതല്‍ തുടങ്ങുന്ന പരിശോധനക്ക് നേതൃത്വം നല്‍കുക.

രണ്ടോ മൂന്നോ ദിവസം കൊണ്ട് ഈ ജോലി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി എ ലത നിര്‍ദേശം നല്‍കി.
കലക്ടറേറ്റില്‍ ചേര്‍ന്ന സഹ വരണാധികാരികളുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഇലക്ഷന്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച യോഗത്തില്‍ കലക്ടര്‍ വിവിധ വിഭാഗം ഉദേ്യാഗസ്ഥരുടെ ചുമതലകള്‍ അവലോകനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി വി ഗംഗാധരന്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ജില്ലയിലെ 92 ശതമാനം പോളിംഗ് സ്റ്റേഷനുകളിലും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവിലുണ്ടെന്ന് യോഗം വിലയിരുത്തി.
അംഗവൈകല്യമുള്ളവര്‍ക്ക് സുഗമമായി വോട്ട് ചെയ്യാന്‍ റാമ്പ് സൗകര്യം അനിവാര്യമാണ്. ഇതില്ലാത്ത കെട്ടിടങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന്റെയോ ബന്ധപ്പെട്ട അധികൃതരുടെയോ സഹായത്തോടെ റാമ്പ് സൗകര്യം ഒരുക്കണം. അസംബ്ലി നിയോജക മണ്ഡല തലത്തില്‍ 80 ല്‍ പരം ലൊക്കേഷനുകളിലായി ശരാശരി 150 ല്‍ താഴെ പോളിംഗ് സ്റ്റേഷന്‍ വീതമാണുളളത്.
10-12 പോളിംഗ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിക്കും. വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കാണ് പ്രസ്തുത ചുമതല. ഇവര്‍ സഹവരണാധികാരികളുടെ ചുമതലകള്‍ക്ക് സഹായകരമാകുമെന്ന് കലക്ടര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റചട്ട പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിശ്ചിത എണ്ണം പോളിംഗ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിക്കും. നിരീക്ഷകരുടെ മേല്‍ നോട്ടത്തിലാകും ഇവരുടെ പ്രവര്‍ത്തനം.
മുന്‍ കാല തിരഞ്ഞെടുപ്പ് വേളകളിലെ ക്രമസമാധാന പാശ്ചാത്തലവും പോളിംഗ് സ്റ്റേഷനുകളിലെ പരിശോധനകളും പൂര്‍ത്തിയാക്കി പ്രശ്‌ന ബാധിത, സാധ്യതാ ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കി സമര്‍പ്പിക്കാനും സഹ വരണാധികാരികളോട് കലക്ടര്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം അസംബ്ലി മണ്ഡല തലത്തില്‍ ഏറ്റവും മാതൃകാപരമായ സൗകര്യമുളള മൂന്ന് പോളിംഗ് സ്റ്റേഷനുകളുടെ വീതം ലിസ്റ്റ് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
വെബ് കാസ്റ്റിംഗ് ഉള്‍പ്പെടെയുളള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിത്.