Connect with us

Malappuram

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വര്‍ണം ചാര്‍ത്താന്‍ കൊടി തോരണങ്ങള്‍ റെഡി

Published

|

Last Updated

കോട്ടക്കല്‍: തിരഞ്ഞെടുപ്പ് പ്രചാരണവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ കളത്തിലിറങ്ങാനിരിക്കെ പാര്‍ട്ടി പതാകകള്‍ കടകളില്‍ റെഡി. തയ്യല്‍ കടകളില്‍ നിന്നും തൈച്ചും ചിഹ്നങ്ങള്‍ വരച്ചും നാളുകള്‍ നീണ്ട് നിന്ന് തയ്യാറാക്കിയിരുന്ന പോയകാലം ഓര്‍മയിലേക്ക് തള്ളി റെഡിമൈഡ് കൊടികളും തോരണങ്ങളുമാണ് വിപണിയിലെത്തിയിരിക്കുന്നത്.
മുഖ്യധാര പാര്‍ട്ടികള്‍ക്ക് പുറമെ അടുത്ത നാളുകളില്‍ പിറന്നുവീണ പുത്തന്‍ പാര്‍ട്ടികളുടെ പതാകകള്‍ വരെ പിപണിയില്‍ പാറിപ്പറക്കുകയാണിപ്പോള്‍. അച്ചടിച്ച് തയ്യാറാക്കിയതാണ് പതാകകള്‍. ശീലകൊടികളാണെന്ന പ്രത്യേകതകള്‍ കൂടി ഇവക്കുണ്ട്. വിപണി സാധ്യത മുമ്പില്‍ കണ്ട് ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇവ കടകളിലെത്തിച്ചിരുന്നു. ഇന്നലെയാണ് ഇവ പുറത്ത് പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. ആം ആദ്മി, എന്‍ സി പി, പി ഡി പി, എസ് ഡി പി ഐ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം തന്നയാണ് മുഖ്യധാര പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും, സി പി എമ്മിന്റെയും, ലീഗിന്റെയും, ബി ജെ പിയുടെയും പതാകകളുള്ളത്. പാര്‍ട്ടി പതാകള്‍ക്ക് പുറമെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിദ്യാര്‍ഥി യുവജന സംഘടനകളുടെയും കൊടികളും കൂട്ടത്തിലുണ്ട്. വിവിധ അളവുകളിലും കൊടികള്‍ ലഭിക്കും. 40 രൂപയില്‍ നിന്നാണ് പതാകകളുടെ വില തുടങ്ങുന്നത്.
ഒന്നിച്ചെടുത്താല്‍ 20 രൂപക്ക് വരെ ലഭിക്കുമെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. തൃശൂര്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ഇവ എത്തിക്കുന്നത്. ഓരോ പ്രദേശത്തെയും തിരഞ്ഞെടുപ്പ് ചിത്രം പുറത്ത് വന്നതിന് ശേഷം വില്‍പ്പന വ്യാപിപ്പിക്കാനാണ് കച്ചവടക്കാരുടെ ശ്രമം. പാര്‍ട്ടി നേതാക്കളുടെയും സ്ഥാനാര്‍ഥിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍, ബാഡ്ജ്, തൊപ്പി തുടങ്ങിയവ അടുത്ത നാളുകളില്‍ വില്‍പ്പനക്കെത്തുമെന്നും ഇവര്‍ പറയുന്നു. വ്യത്യസ്ഥ പാര്‍ട്ടികളുടെ വിവിധ നിറങ്ങളിലുള്ള തോരണങ്ങളും കൂട്ടത്തിലുണ്ട്. പ്ലാസ്റ്റിക്ക് വസ്തുക്കളായ ഇവ എത്രമാത്രം വില്‍പ്പന നടക്കുമെന്നാണ് ആശങ്ക.
പാര്‍ട്ടി പതാകകളും തോരണങ്ങളും വിപണിയില്‍ കിട്ടി തുടങ്ങിയതോടെ കൊടി അടിക്കാനും തോരണമുണ്ടാക്കാനും ഇനി സമയം കാണേണ്ടന്ന ആശ്വാസത്തിലാണ് പര്‍ട്ടികളെങ്കിലും പോയകാലത്തെ മെയ്യനക്കം പുതുതലമുറക്ക് അന്യമായിരിക്കുമെന്ന നഷ്ടബോധവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്.

Latest