ആറന്‍മുള: പരിസ്ഥിതി ആഘാത പഠനം നടത്തിയ ഏജന്‍സിക്ക് നോട്ടീസ്

Posted on: March 6, 2014 4:13 pm | Last updated: March 7, 2014 at 12:33 am
SHARE

Aranmula-Runwayചെന്നൈ: ആറന്‍മുള വിമാനത്താവള പദ്ധതിയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയ ഏജന്‍സിക്ക് ഹരിത ട്രെബ്യൂണലിന്റെ നോട്ടീസ്. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ചെന്നൈ ഹരിത ട്രെബ്യൂണലില്‍ കെ കെ റോയ്‌സ് നല്‍കിയ ഹരജിയിലാണ് നോട്ടീസ് അയച്ചത്. മധുരയിലെ എന്‍വിറോ കെയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് ആറന്‍മുളയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നത്.

ഏജന്‍സിക്ക് വിമാനത്താവളത്തിന് പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള അംഗീകാരമോ യോഗ്യതയോ ഇല്ലെന്നും താപനിലയങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പാരിസ്ഥിതികാഘാത പഠനം നടത്താനുള്ള അംഗീകാരം മാത്രമേ കമ്പനിക്കുള്ളൂ എന്നുമാണ് ഹരജിക്കാരന്റെ വാദം.

പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് കമ്പനിക്ക് നോട്ടീസയക്കാന്‍ ഹരിത ട്രെബ്യൂണല്‍ തീരുമാനിച്ചത്. ഹരജിക്കാരന്റെ വാദം അംഗീകരിക്കപ്പെട്ടാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് വിമാനത്താവള പദ്ധതിക്ക് ലഭിച്ച അംഗീകാരം റദ്ദാകുമെന്ന സുപ്രധാന നിരീക്ഷണവും ചെന്നൈ ട്രെബ്യൂണല്‍ നടത്തിയിട്ടുണ്ട്.