റഷ്യ- യു എസ് ചര്‍ച്ച തുടങ്ങി

Posted on: March 6, 2014 1:24 am | Last updated: March 6, 2014 at 1:24 am
SHARE

russiaമോസ്‌കോ: ഉക്രൈനിലെ പ്രശ്‌നപരിഹാരത്തിനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായും യൂറോപ്യന്‍ യൂനിയനിലെ പ്രധാനപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ചകള്‍ തുടങ്ങി. ക്രീമിയയില്‍ സ്വതന്ത്ര നിരീക്ഷകരെ നിയോഗിക്കുകയും ഉക്രൈനും റഷ്യയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുകയും വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂനിയന്‍ നേരത്തെ 11 ബില്യണ്‍ യൂറോയുടെ സഹായം ഉക്രൈന് വാഗ്ദാനം ചെയ്യുകയും 18 ഉക്രൈന്‍കാരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. കീവിലെ പ്രതിജ്ഞാബദ്ധമായ പുതിയ സര്‍ക്കാറിന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സഹായമനുവദിക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബരോസ്സോ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് 35 ബില്യണ്‍ ഡോളറിന്റെ ആവശ്യമുണ്ടെന്ന് ഉക്രൈന്‍ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ലാവ്‌റോവും കെറിയും യൂറോപ്യന്‍ യൂനിയന്‍ മന്ത്രിമാരും പാരീസിലാണ് ചര്‍ച്ച നടത്തിയത്. ബ്രസല്‍സില്‍ നാറ്റോയും റഷ്യയും സമാന്തര ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം, ഉക്രൈനിലെ ഡൊനെറ്റ്‌സ്‌കിലെ ഭരണവിഭാഗം ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഒരിക്കല്‍കൂടി ദേശീയ പതാക പാറി. അഞ്ച് ദിവസം മുമ്പ് ഇവിടെ കെട്ടിയ റഷ്യന്‍ പതാക മാറ്റിയാണ് ഉക്രൈന്‍ പതാക കെട്ടിയത്.