Connect with us

Kerala

'വിത്തൗട്ട് ചായ' വിവാദത്തിന് സ്‌റ്റേ: മധുരമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരേ വില

Published

|

Last Updated

തൃശൂര്‍: വിത്തൗട്ട് ചായക്ക് വില കുറക്കണമെന്ന വാദത്തിന് ഹൈക്കോടതി സ്‌റ്റേ. സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ടീ സ്റ്റാളുകളിലും വില്‍ക്കുന്ന മധുരമില്ലാത്ത ചായക്ക് മധുരമുള്ള ചായക്ക് വാങ്ങുന്ന വില ഈടാക്കരുതെന്ന 2010ലെ സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കൊടുങ്ങല്ലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ രണ്ട് ഹോട്ടലുകള്‍ക്ക് നല്‍കിയ നോട്ടീസിനും തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ഹോട്ടല്‍ സംഘടനക്ക് നല്‍കിയ നിര്‍ദേശത്തിനും എതിരേ, കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി സ്‌റ്റേ ഉത്തരവ് നല്‍കിയത്.
മധുരമില്ലാത്ത ചായക്ക് മധുരമുള്ള ചായയേക്കാള്‍ വില കുറക്കണമെന്നും രണ്ടിന്റെയും വില പട്ടികയില്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കണമെന്നും 2010 ജൂണ്‍ 24ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്നു കാണിച്ച് മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. കമ്മീഷന്റെ അന്വേഷണത്തിന് മറുപടിയായി ജില്ലാ സപ്ലൈ ഓഫീസര്‍ ജില്ലയിലെ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നല്‍കിയ കത്താണ് വിത്തൗട്ട് ചായ വിവാദത്തിന് ചൂടു പകര്‍ന്നത്.

 

Latest