Connect with us

Kozhikode

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും

Published

|

Last Updated

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ സ്വന്തം നിലക്കു സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പശ്ചിമ ഘട്ട ജന സംരക്ഷണ സമിതി കൈക്കൊള്ളുമെന്ന് ഫാ ഏബ്രഹാം കാവില്‍പുരയിടത്തില്‍. സമരപ്പന്തലിനു മുന്നിലൂടെ കൊടിവച്ച കാറില്‍ പറന്നുപോയ ജനപ്രതിനിധികള്‍ക്കു അടുത്ത തിരഞ്ഞെടുപ്പില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപഹാസ്യവും അപലപനീയവുമായ നിലപാടാണ് ജനപ്രതിനിധികള്‍ സ്വീകരിക്കുന്നത്. ജനകീയ സമരത്തെ അവഗണിച്ചാല്‍ അതിന്റെ ഫലം രൂക്ഷമായിരിക്കും. കഴിഞ്ഞ ദിവസം കോഴിക്കോട്ടു നടന്ന യു ഡി എഫ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിട്ടും ആരും സമരപ്പന്തലിലേക്കു തിരിഞ്ഞുനോക്കിയില്ല.
ജനപ്രതിനിധികള്‍ മലയോര കര്‍ഷകരെ സമീപിക്കുന്നതു വോട്ട് ചോദിക്കാന്‍ മാത്രമാണ്. പതിവു പോലെ അവര്‍ വോട്ട് ചെയ്യുമെന്ന ധാരണ ആര്‍ക്കും വേണ്ട. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നവംബര്‍ 13ന് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കണം. മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കും വിധം അവരുന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുനര്‍വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് വേണ്ടത്. പശ്ചിമ ഘട്ട ജനസംരക്ഷണ സമിതിയുടെ വിഷയത്തില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടും സമീപനവും മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്ന് സമിതി കോ-ഓര്‍ഡിനേറ്ററും താമരശേരി രൂപത ചാന്‍സലറുമായ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ പറഞ്ഞു.
കലക്ടറേറ്റ് പടിക്കല്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും വ്യക്തമായ നിലപാടു സ്വീകരിക്കാത്ത മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള താക്കീതാണ് ഫാദറിന്റെ പ്രതികരണം.
ജില്ലയില്‍ പരിസ്ഥിതി ലോല പരിധിയില്‍പ്പെട്ട വില്ലേജുകളെ പ്രതിനിധീകരിച്ച് ഫാ അജി പുതിയാപറമ്പില്‍ (താമരശേരി രൂപതാംഗം), സി എന്‍ പുരുഷോത്തമന്‍ (തിരുവമ്പാടി), ജോയി കണ്ണഞ്ചിറ (കാവിലുംപാറ), ബിജു കണ്ണന്തറ (കട്ടിപ്പാറ), ഒ ഡി തോമസ് (കൂരാച്ചുണ്ട്) എന്നിവരാണ് കലക്ടറേറ്റിനു മുന്നില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ നിരാഹാരമനുഷ്ഠിക്കുന്നത്.

 

Latest