സുഹൃത്തിനെ വെടിവച്ച് കൊന്ന ശേഷം യുവാവ് സ്വയം നിറയൊഴിച്ചു മരിച്ചു

Posted on: March 3, 2014 1:07 am | Last updated: March 3, 2014 at 1:17 am
SHARE
  • പ്രതിയുടെ ഭാര്യയും മകളും ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍

idukky murderഇടുക്കി: രാജകുമാരിയില്‍ യുവാവിനെ സുഹൃത്ത് വെടിവച്ചു കൊന്നു. വെടിവച്ച ആള്‍ പിന്നീട് സ്വയം നിറയൊഴിച്ചു മരിച്ചു. ഇടമറ്റം പാച്ചോലില്‍ ജിജി (48), ഞെരിപ്പാലം പുറവക്കാട്ട് സജി (47) എന്നിവരാണ് മരിച്ചത്. ആറ് ദിവസം മുമ്പ് കാണാതായ സജിയുടെ ഭാര്യ സിന്ധുമോള്‍, മകള്‍ മൂന്നര വയസ്സുകാരി അഞ്ജുമോള്‍ എന്നിവരുടെ മൃതദേഹങ്ങള്‍ സന്ധ്യയോടെ ഇതിനടുത്തുള്ള ഏലത്തോട്ടത്തിലെ പടുതാക്കുളത്തില്‍ കണ്ടെത്തി.

ഇന്നലെ രാവിലെ ഒമ്പതരയോടെ നടുമുറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ്് രാജകുമാരിയെ ഞെട്ടിച്ച സംഭവങ്ങള്‍ക്ക് തുടക്കം. ജീപ്പ് ഓടിച്ചുവന്ന ജിജിയെ തടഞ്ഞുനിര്‍ത്തി സജി വെടിവെക്കുകയായിരുന്നു. ജീപ്പ് തിരിയുന്ന ശബ്ദത്തിനൊപ്പം വെടിയൊച്ച മുഴങ്ങിയതോടെ സമീപവാസികള്‍ ഓടിയെത്തി. ഡ്രൈവിംഗ് സീറ്റില്‍ ജിജിയെ മരിച്ച നിലയിലാണ് നാട്ടുകാര്‍ കണ്ടത്. ഇതിനിടെ ഒരാള്‍ ഓടി മറയുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് അല്‍പ്പം അകലെ ഏലത്തോട്ടത്തില്‍ വെടിയൊച്ച കേട്ട് നാട്ടുകാര്‍ അവിടേക്ക് കുതിച്ചു. അവിടെ സ്വയം വെടിവച്ച നിലയില്‍ താടിയെല്ലും കണ്ണും തകര്‍ന്ന സജിയെ കണ്ടെത്തുകയായിരുന്നു. സജി കിടന്ന സ്ഥലത്തു നിന്ന് ഇരട്ടക്കുഴല്‍ തോക്കും മൊബൈല്‍ ഫോണും കണ്ടെത്തി.

സജിയുടെ ഭാര്യ സിന്ധുമോളെയും മകള്‍ അഞ്ജുമോളെയും ചൊവ്വാഴ്ച മുതലാണ് കാണാതായത്. ഇതു സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മണ്ണിട്ടുമൂടിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉള്‍പ്രദേശത്താണ് വീട് എന്നതിനാല്‍ പോലിസ് മേല്‍നടപടി സ്വീകരിച്ചിട്ടില്ല. ഇന്ന് ആര്‍ ഡി ഒ എത്തിയതിന് ശേഷമേ മൃതദേഹങ്ങള്‍ പൂറത്തെടുക്കൂ എന്ന് രാജക്കാട് എസ് ഐ അറിയിച്ചു. സജിയുടെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നതായുള്ള സംശയമാണ് ജിജിയെ വകവരുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.