എന്തുകൊണ്ട് ദളിത് പിന്നാക്ക ന്യൂനപക്ഷ ഐക്യം?

Posted on: March 3, 2014 6:00 am | Last updated: March 3, 2014 at 12:57 am

minority1980 ഡിസംബര്‍ 31ന് ബി പി മണ്ഡല്‍ രണ്ടാം പിന്നാക്ക ദേശീയ കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തത് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് രൂപവത്കരിക്കപ്പെട്ട മണ്ഡല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് രാജ്യത്തെ പിന്നാക്ക സമൂഹത്തിന് രക്ഷയും സമാധാനവുമുണ്ടാക്കുമെന്നാണ് അന്നോളം പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പിന്നാക്ക അധഃസ്ഥിതിയുടെ ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരങ്ങളുള്‍ക്കൊണ്ട റിപ്പോര്‍ട്ട് അതേകുറിച്ചുള്ള പ്രതീക്ഷയുടെ സാധൂകരണമായിരുന്നു. പക്ഷേ, റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുകയോ ചര്‍ച്ചക്കെടുക്കുകയോ ചെയ്യാതെ ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 1990 ആഗസ്റ്റ് ഏഴിന് അന്നത്തെ പ്രധാനമന്ത്രി വി പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് റിപ്പോര്‍ട്ട് പൊതു ചര്‍ച്ചക്ക് വിധേയമായത്. റിപ്പോര്‍ട്ടിനകത്തെ കമ്മീഷന്റെ കണ്ടെത്തലുകള്‍ ലോകമറിഞ്ഞതും അപ്പോള്‍ മാത്രമാണ്. ഭീകരമായ അവഗണനയുടെയും ദയാരഹിതമായ വിവേചനത്തിന്റെയും ഇരകളാണ് രാജ്യത്തെ മഹാഭൂരിപക്ഷം ജനവിഭാഗമെന്ന യാഥാര്‍ഥ്യത്തെ തുറുന്നുകാട്ടിയ റിപ്പോര്‍ട്ടിനെതിരെ സവര്‍ണ താത്പര്യങ്ങളുടെ കടന്നാക്രമണത്തിനാണ് രാജ്യം പിന്നീട് സാക്ഷിയായത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് തടയപ്പെട്ടുവെന്ന് മാത്രമല്ല അതിന് സധൈര്യം മുന്നോട്ടുവന്ന വി പി സിംഗിന് സ്ഥാനത്യാഗം ചെയ്യേണ്ടിയും വന്നു. രാമജന്മഭൂമി വിവാദത്തെ ഏറ്റുപിടിച്ചുകൊണ്ട് ബി ജെ പി മണ്ഡല്‍ തരംഗത്തെ അതിജീവിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 1990 സെപ്തംബര്‍ 25ന് ബി ജെ പി പ്രസിഡന്റ് അഡ്വാനിയുടെ വിദ്വേഷം ചീറ്റിയ രഥയാത്ര പ്രയാണം തുടങ്ങി. രാമക്ഷേത്ര പ്രചാരണത്തിന്റെ വേലിയേറ്റത്തില്‍ മണ്ഡല്‍ റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ മുങ്ങി. രാജ്യത്തുടനീളം കലാപങ്ങളുമരങ്ങേറി. 1990 നവംബര്‍ ഏഴിന് തനിക്കെതിരെ വന്ന അവിശ്വാസ പ്രമേയത്തെ നേരിട്ട് തോല്‍വിയടഞ്ഞ് വി പി സിംഗ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ദുര്‍ബല വിഭാഗങ്ങളോട് നീതി കാട്ടാന്‍ തുനിഞ്ഞു എന്ന ഏക അപരാധത്തിനാണ് താനിറങ്ങിപ്പോകേണ്ടിവന്നതെന്ന വി പി സിംഗിന്റെ പ്രസ്താവന ഇന്ത്യയിലെ ദുര്‍ബല ജനവിഭാഗത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ എന്നും പര്യാപ്തമാണ്. വി പി സിംഗിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും കൈ കോര്‍ത്ത അഭിശപ്ത മുഹൂര്‍ത്തത്തിനാണ് രാജ്യം സാക്ഷിയായത്.

ചരിത്രപരമായ കാരണങ്ങളാലാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും പിന്നാക്കവത്കരിക്കപ്പെട്ടത്. അവര്‍ ജന്മം കൊണ്ട് ഹീനരും സാമൂഹിക പദവികള്‍ക്ക് അനര്‍ഹരുമാണെന്ന് ആര്യാധിനിവേശത്തിന്റെ രാഷ്ട്രീയമാണ് പറഞ്ഞുപ്രചരിപ്പിച്ചതും സ്ഥാപിച്ചതും. സാമൂഹിക ശ്രേണിയുടെ ഉത്തമ സ്ഥാനങ്ങളില്‍ നിന്നെല്ലാം അവര്‍ പറിച്ചെറിയപ്പെടുകയാണുണ്ടായത്. സവര്‍ണ ഭരണകൂടങ്ങള്‍ നൂറ് കൊല്ലങ്ങള്‍ കൊണ്ട് സാധിച്ചെടുത്ത പ്രതിലോമതയുടെ ദുര്‍വ്യവസ്ഥിതിയെ മറി കടക്കാനുള്ള സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടനാപരമായ പരിശ്രമമായിരുന്നു ദേശീയ പിന്നാക്ക കമ്മീഷന്‍. അത്, പക്ഷേ തുടക്കം തൊട്ടേ പരാജയപ്പെടുത്തപ്പെട്ടുകൊണ്ടിരുന്നു. 1955ല്‍ നിലവില്‍ വന്ന കാക്കാ കലേക്കര്‍ കമ്മീഷന് അല്‍പ്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഭരണകൂടം കാക്കാ കലേക്കര്‍ കമ്മീഷനെ ദുര്‍ബലപ്പെടുത്തുകയായിരുന്നു. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കമ്മീഷന്‍ നിയുക്തമായത്. അതിന് വന്നുപെട്ട ഗതിയാണ് മുകളില്‍ ചൂണ്ടിക്കാട്ടിയത്. അധികാരത്തില്‍ നിന്നും ഭരണനിര്‍വഹണത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട പിന്നാക്ക ജനവിഭാഗത്തിന് ഉദ്യോഗ രംഗത്ത് നാമമാത്ര പങ്കാളിത്തം മാത്രമാണെന്ന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍വീസിലെ പിന്നാക്ക പങ്കാളിത്തം വെറും നാല് ശതമാനം മാത്രമാണെന്നും ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന് അര്‍ഹതപ്പെട്ട ദളിത് സമൂഹവും കൊടും ചതിക്ക് വിധേയമാകുന്നുണ്ടെന്നും സംവരണ അട്ടിമറികളെ വിശകലനം ചെയ്തുകൊണ്ട് കമ്മീഷന്‍ തുറന്നടിച്ചു. സംവരണാട്ടിമറി രാജ്യത്തിന്റെ സാമൂഹികോത്കഷത്തിന് കനത്ത തിരിച്ചടിയായി മാറുന്നുണ്ടെന്നും റിപ്പോര്‍ട്ട് വരച്ചുകാട്ടി. സാമൂഹിക നീതിയുടെ ഉജ്ജ്വലമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച മണ്ഡല്‍ ശിപാര്‍ശകളോട് രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയങ്ങള്‍ സ്വീകരിച്ച സമീപനം എന്താണെന്ന് പരിശോധിക്കുമ്പോഴാണ് ചതിക്കുഴികള്‍ എങ്ങനെയാണ്, എവിടെയാണ് പരുവപ്പെട്ടതെന്ന് മനസ്സിലാക്കാനാകുക.
വീണ്ടും 26 കൊല്ലങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. മുസ്‌ലിം സമൂഹത്തെ ആസ്പദിച്ചുള്ള അന്വേഷണ പഠനം എന്ന നിലയില്‍ മുസ്‌ലിം സാമൂഹികാവസ്ഥയാണ് സച്ചാര്‍ റിപ്പോര്‍ട്ട് അനാവരണം ചെയ്തത്. പരമ ദയനീയമാണ് മുസ്‌ലിം പിന്നാക്കാവസ്ഥ. ഉദ്യോഗ രംഗത്തും തൊഴില്‍ മേഖലയിലുമുള്ള നാമമാത്ര പങ്കാളിത്തം മാത്രമല്ല, വിദ്യാഭ്യാസ രംഗത്തെ അതിശോചനീയാവസ്ഥയും മുസ്‌ലിം സമൂഹത്തെ വേട്ടയാടുന്നു. ആറ് വയസ്സിനും 14 വയസ്സിനുമിടയിലുള്ള കുട്ടികളില്‍ 25 ശതമാനം സ്‌കൂളിന്റെ പടി കാണാന്‍ പോലും ഭാഗ്യമില്ലാത്തവരാണെന്നത് മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ഒരു സൂചികയാണ്. അസമും ഡല്‍ഹിയുമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളേക്കാള്‍ താഴെയാണ് മുസ്‌ലിംകള്‍. ബംഗാളിലും ഉത്തര്‍ പ്രദേശിലും അവര്‍ പട്ടിക ജാതിക്കാര്‍ക്കൊപ്പവും. നിഷ്ഠൂരമായ പീഡനങ്ങള്‍ക്കും കൊടിയ ചൂഷണങ്ങള്‍ക്കും വിധേയമാക്കപ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗവും സമാനമായ ഹതഭാഗ്യര്‍. പിന്നാക്ക സമൂഹങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന മുഖ്യധാരാ രാഷ്ട്രീയങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു ഇത്രയും കാലം?

സാമൂഹിക വിവേചനങ്ങളെക്കുറിച്ചും നീതിനിഷേധത്തെക്കുറിച്ചും സംസാരിക്കുന്നത് പലര്‍ക്കും അരോചകമാണ്. അവര്‍ പറയുന്നത് അത് ജാതിബോധത്തെ തട്ടിയുണര്‍ത്തലാണെന്നാണ്. ജാതിയും സമുദായവും വിവേചനത്തിന്റെ മാനദണ്ഡമാകുമ്പോള്‍ ജാതിപരവും സാമുദായികപരവുമായ സ്വത്വവിഷയങ്ങള്‍ എങ്ങനെ ചര്‍ച്ച ചെയ്യപ്പെടാതിരിക്കും? സമൂഹികോത്കഷത്തിന് ജാതിയും സമുദായവുമാണ് ഉപാധിയെന്ന് വരുന്നത് തെറ്റാണ്. ജാതിയും സമുദായവും പൊതുബോധത്തിന്റെ അസ്തിവാരമാകുന്നതും അനഭിലഷണീയമാണ്. അതേസമയം, അവ സ്വത്വാധിഷ്ഠിത പ്രതിലോമതകളെന്ന നിലയില്‍ മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ അവക്കഭിമുഖീകരിക്കേണ്ടിവരുന്ന സാമൂഹിക പ്രശ്‌നങ്ങളും മാറ്റി നിര്‍ത്തപ്പെടുന്നുവെന്നത് വിചിത്രമായ അനുഭവമാണ്. അല്ലെന്നാണ് വാദമെങ്കില്‍, തീര്‍ച്ചയായും മറുപടി ലഭിക്കേണ്ടതുണ്ട്, പിന്നാക്ക വിഭാഗങ്ങള്‍ പിന്നാക്കമായി തന്നെ തുടരുന്നത് എന്തുകൊണ്ടാണെന്നതിന്.

ആഗോളീകരണവും നവലിബറല്‍ സാമ്പത്തിക നടപടികളും ഏറ്റവുമേറെ പാപ്പരീകരിച്ചത് രാജ്യത്തെ പിന്നാക്ക അധഃസ്ഥിത ജനവിഭാഗത്തെയാണ്. തന്റെ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ പ്രത്യേകം എടുത്തുപറഞ്ഞ കാര്യമാണിത്. പിന്നാക്ക സമൂഹങ്ങള്‍ രാജ്യത്ത് കൂടുതല്‍ പിന്നാക്കവത്കരിക്കപ്പെടുന്നതില്‍ സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെ നവലിബറല്‍ ഉദാരീകരണത്തിന് എതിരെയുള്ള പോരാട്ടം പിന്നാക്ക സമൂഹത്തിന് വേണ്ടിയും പിന്നാക്ക സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടം നവ ലിബറല്‍ നയങ്ങള്‍ക്കെതിരിലും ശക്തമായ ചെറുത്തുനില്‍പ്പും പ്രതിരോധവുമായി പരിണണിക്കുന്നു.

വര്‍ഗീയ വിഘടന ശക്തികളെ പരാജയപ്പെടുത്താനും പിന്നാക്ക വിഭാഗങ്ങളുടെ ഐക്യത്തിനു സാധിക്കുന്നു. വിവിധ ജാതി സമൂഹങ്ങളുടെ മതനിരപേക്ഷ പരിസരങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന ഐക്യം ജനാധിപത്യ മതേതര സാമൂഹികതക്ക് വലിയ പിന്‍ബലമായി മാറും. വര്‍ഗീയ ശക്തികള്‍ക്കെതിരെ ജനാധിപത്യ വിഭാഗങ്ങള്‍ക്ക് അത് ശക്തി പകരും. പൊതു തിരഞ്ഞെടുപ്പോടെ കൂടുതല്‍ സജീവപ്പെടുന്ന സാമൂഹിക പരിസരങ്ങളില്‍ സഗൗരവം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്. ഈ പശ്ചാത്തലത്തിലാണ് ഐ എന്‍ എല്‍, നാളെ പിന്നാക്ക ന്യൂനപക്ഷ രാഷ്ട്രീയ സമ്മേളനം നടത്തുന്നത്.