ഉക്രൈനിലേക്ക് റഷ്യന്‍ പട

Posted on: March 1, 2014 11:48 pm | Last updated: March 1, 2014 at 11:48 pm
SHARE

russian armyമോസ്‌കോ/കീവ്: പാശ്ചാത്യ ഇടപെടലിനെ തുടര്‍ന്ന് ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയ ഉക്രൈനില്‍ സൈനിക ഇടപെടല്‍ നടത്താന്‍ റഷ്യ തീരുമാനിച്ചു. പ്രക്ഷോഭത്തിനിടെ പുറത്താക്കപ്പെട്ട ഉക്രൈന്‍ പ്രസിഡന്റ് യാനുക്കോവിച്ചിന്റെ അനുയായികളായ റഷ്യന്‍ അനുഭാവികള്‍ക്ക് സ്വാധീനമുള്ള ക്രിമയയിലേക്ക് സൈന്യത്തെ അയക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ ആവശ്യം പാര്‍ലിമെന്റ് ഉന്നത സമിതി അംഗീകരിച്ചതായി ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ സോവിയറ്റ് യൂനിയന്‍ രാജ്യമായ ഉക്രൈനിലെ രാഷ്ട്രീയ സാമൂഹിക അവസ്ഥ പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നതുവരെ സൈനിക ഇടപെടല്‍ അനിവാര്യമാണെന്ന് പുടിന്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കി. ക്രിമിയയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കാന്‍ റഷ്യയുടെ സഹായം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച് ക്രിമിയന്‍ നേതാവ് പുടിന്റെ സഹായം തേടിയതിന് പിന്നാലെയാണ് റഷ്യയുടെ നടപടി എന്നതും ശ്രദ്ധേയമാണ്.
റഷ്യയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ യാനുക്കോവിച്ചിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിച്ചതാണ് ഉക്രൈനില്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായത്. യൂറോപ്യന്‍ യുനിയനുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് അമേരിക്കയും യൂറോപ്യന്‍ യൂനിയനും പിന്തുണ നല്‍കി. ഇതോടെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ഉക്രൈന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച റഷ്യ, പാശ്ചാത്യ രാജ്യങ്ങളുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് സൈന്യത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. കൂടാതെ റഷ്യന്‍ അനുഭാവികള്‍ നിറഞ്ഞ ക്രിമിയയില്‍ ഉക്രൈന്‍ സൈന്യവും പോലീസും കനത്ത ആക്രമണം നടത്തുകയും ചെയ്തു. ക്രിമിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ യാനുക്കോവിച്ച് അനുയായികളുടെ പ്രകടനത്തെ സൈന്യം അടിച്ചമര്‍ത്തിയിരുന്നു.
അതേസമയം, ഉക്രൈനിലെ റഷ്യന്‍ ഇടപെടലിനെതിരെ ശക്തമായ പ്രതികരണവുമായി ഇടക്കാല പ്രധാനമന്ത്രി അര്‍സെനി യാത്‌സെന്‍സിയുക് രംഗത്തെത്തി. യാനുക്കോവിച്ചിനെ അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ചേരുന്ന ആദ്യത്തെ കാബിനറ്റ് മീറ്റിംഗില്‍ റഷ്യക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും നടത്തിയത്. ക്രിമിയയില്‍ റഷ്യന്‍ സൈന്യം ആറായിരത്തോളം സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here