Connect with us

Gulf

രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപയോഗം വര്‍ധിച്ചു

Published

|

Last Updated

മസ്‌കത്ത്: കുടുംബങ്ങളുടെയും ഒറ്റപ്പെട്ട് താമസിക്കുന്നവരുടെയും വിവര സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ കുറിച്ച് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളി അതോറിറ്റി (ഐ ടി എ) സര്‍വെ സംഘടിപ്പിച്ചു. 11,000 ആളുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ 90 ശതമാനം ആളുകളും മൊബൈല്‍ ഫോണുകളോ സ്മാര്‍ട്ട് ഫോണുകളോ ഉപയോഗിക്കുന്നവരാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 80 ശതമാനം ആളുകളും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുമാണ്. 80 ശതമാനം ആളുകള്‍ കമ്പ്യൂട്ടര്‍ വഴിയോ മൊബൈല്‍ വഴിയോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും പഠനത്തില്‍ കണ്ടെത്തി.
രാജ്യത്ത് ചെറിയ പ്രായത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ വര്‍ധിച്ച് വരികയാണ്. നഗരങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കിടയിലാണ് കമ്പ്യൂട്ടര്‍ ഉപയോഗം കൂടുതല്‍. ഇന്റര്‍നെറ്റ് ഉപയോഗവും നഗരങ്ങളില്‍ താമസിക്കുന്ന കുട്ടികളിലാണ് കൂടുതല്‍. 15 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ കൂടുതല്‍. എന്നാല്‍ ജേലി തേടുന്ന യുവാക്കളില്‍ കൂടുതല്‍ പേരും കമ്പ്യൂട്ടര്‍ മേഖലയിലുള്ള ജോലികളെ ആവശ്യപ്പെടുന്നില്ല. 15 മുതല്‍ 19 വയസ് വരെയുള്ളവര്‍ക്കിടയിലാണ് ഇത്തരത്തിലുള്ളവര്‍ ധാരാളമായുള്ളത്. കമ്പ്യൂട്ടര്‍ മേഖലയിലുള്ള പരിശീലനക്കുറവാണ് ഇവര്‍ക്ക് വിനയാകുന്നത്. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉയര്‍ന്ന നിരക്കാണ് ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. സ്വദേശി യുവാക്കള്‍ക്ക് വിദഗ്ധ ജോലികളില്‍ അപേക്ഷിക്കുന്നതിന് കമ്പ്യൂട്ടര്‍ പരിശീലനം ലഭ്യമാക്കണമെന്ന് സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റിന്റെ വേഗതക്കുറവും നിരക്ക് വര്‍ധനവും ഉപഭോക്താക്കള്‍ക്കിടയില്‍ പരാതിയായി നിലിനില്‍ക്കുന്നുണ്ട്. 72 ശതമാനം ആളുകളാണ് വേഗത കുറവുള്ളതായി പരാതിപ്പെടുന്നത്. 66.6 ശതമാനം ഇന്റര്‍നെറ്റ് നിരക്കിനെ കുറിച്ചും പരാതിപ്പെടുന്നു. ഫേസ് ബുക്ക്, യൂ ടൂബ് സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. 51 ശതമാനം പേര്‍ ഫേസ്ബുക്കും 59 ശതമാനം പേര്‍ യൂ ടൂബും ഉപയോഗിക്കുന്നു. 22 ശതമാനം പേര്‍ ട്വിറ്ററും ഏഴ് ശതമാനം പേര്‍ ബ്ലോഗുകളും ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Latest