ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രൈമറി സ്‌കൂളുകളാക്കുന്നു

Posted on: February 27, 2014 1:34 am | Last updated: February 27, 2014 at 1:34 am

തിരുവനന്തപുരം: സംസ്ഥാനത്തെ 111 ഏകാധ്യാപക വിദ്യാലയങ്ങളെ പ്രൈമറി സ്‌കൂളുകളാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനു വേണ്ടിവരുന്ന ചെലവിന്റെ 65 ശതമാനം കേന്ദ്ര സര്‍ക്കാറിന്റെ എസ് എസ് എ ഫണ്ടില്‍ നിന്നും 35 ശതമാനം സംസ്ഥാന ഫണ്ടില്‍ നിന്നും വഹിക്കും. 2014ലെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നാളികേര വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കണമെന്ന കൃഷി വകുപ്പിന്റെ ആവശ്യം മന്ത്രിസഭാ യോഗം അംഗീകരിച്ചു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് പച്ചാളം റെയില്‍വേ മേല്‍പ്പാലം 52.7 കോടി രൂപക്ക് ഏറ്റെടുത്ത് നടപ്പാക്കാന്‍ യോഗം അനുമതി നല്‍കി. കോഴിക്കോട് കോംട്രസ്റ്റ് ജീവനക്കാര്‍ക്ക് കെ എസ് ഐ ഡി സി 5,000 രൂപ വീതം സാമ്പത്തിക സഹായം നല്‍കും. കോംട്രസ്റ്റ് ഏറ്റെടുത്തുകൊണ്ട് പാസാക്കിയ നിയമത്തിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.