Connect with us

Kerala

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌: രണ്ടുദിവസത്തിനകം തീരുമാനമെന്ന് കേന്ദ്രം

Published

|

Last Updated

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മൊയ്‌ലി ഇക്കാര്യമറിയിച്ചത്.

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ന് കേന്ദ്രസര്‍ക്കാറുമായി ഉദ്യോഗസ്ഥതല സംഘം ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് വീരപ്പമൊയ്‌ലി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടാവാതെ തിരഞ്ഞെടുപ്പിനെ നേരിടാനാവാത്ത അവസ്ഥയിലാണ് യു ഡി എഫ്. കേരള കോണ്‍ഗ്രസ് നേതൃത്വവും സഭാ മേലധ്യക്ഷന്‍മാരും റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയിരുന്നു.

ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 123 വില്ലേജുകളെ ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതിലോലമേഖലാ വിജ്ഞാപനം പുന:പരിശോധിക്കണമെന്ന് നേരത്തെ നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിരുന്നു. ജനവാസമേഖലകള്‍, കൃഷിയിടങ്ങള്‍, ആശുപത്രി, ഡയറിഫാം തുടങ്ങിയവക്ക് നിരോധം ഏര്‍പ്പെടുത്തരുത്. കേന്ദ്രം ആദ്യം ഇറക്കിയ വിജ്ഞാപനം അനുസരിച്ച് ചുവപ്പ് ഗണത്തില്‍പ്പെടുന്ന വ്യവസായങ്ങള്‍ക്ക് ഇ എസ് എയില്‍ നിരോധമുണ്ട്. ഡയറി, ആശുപത്രി എന്നിവ ഈ ഗണത്തിലാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് പശുവളര്‍ത്തലിനെയും ആശുപത്രികളുടെ പ്രവര്‍ത്തനെയും ബാധിക്കുന്നതിനാല്‍ ഇതിനെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.

കേരളം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാറിന് കൈമാറി. പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ ഡോ. പി സി സിറിയക് ഡോ. വി എന്‍ രാജശേഖരന്‍ പിള്ളഎന്നിവരടങ്ങിയ സമിതി നല്‍കിയ റിപ്പോര്‍ട്ടും കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. പഞ്ചായത്ത് തല സമിതികളുടെ ഫീല്‍ഡ് സര്‍വേ അനുസരിച്ച് തയ്യാറാക്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇ എസ് എ നിര്‍ണയിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. അതേസമയം, റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജനവാസ കേന്ദ്രങ്ങളെ ഏതു തരത്തില്‍ ബാധിക്കുമെന്ന് വിശദമായ പഠനം നടത്തിയുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.