Connect with us

National

ഇന്ത്യാ ടുഡേ സര്‍വേ നിര്‍ത്തിവെച്ചു: അഭിപ്രായ സര്‍വേകള്‍ തട്ടിപ്പെന്ന് ഒളിക്യാമറാ ദൃശ്യങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ നിശ്ചിത പാര്‍ട്ടികളെ പിന്തുണച്ച് നടത്തുന്ന അഭിപ്രായ സര്‍വേകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ഒളിക്യാമറ ഓപറേഷന്‍. വിവിധ ഏജന്‍സികള്‍ നടത്തുന്ന അഭിപ്രായ സര്‍വേകള്‍ ന്യൂസ് എക്‌സ്പ്രസ് എന്ന ചാനലാണ് ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
ഇത്തരം സര്‍വേകളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യം പരിശോധിച്ച് വരികയാണ്.
പ്രമുഖ സര്‍വേ ഏജന്‍സികളായ ക്യൂ ആര്‍ എസ്, സി വോട്ടര്‍, ഇപ്‌സോസ് ഇന്ത്യ, എം എം ആര്‍, ഡി ആര്‍ എസ് എന്നീ ഏജന്‍സികളുടെ പൊള്ളത്തരങ്ങളാണ് ചാനല്‍ പുറത്ത് കൊണ്ടുവന്നത്. ദേശീയ മാധ്യമങ്ങള്‍ സര്‍വേക്ക് സമീപിക്കുന്ന ഏജന്‍സികളാണിവ. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടി ഊതിപ്പെരുപ്പിച്ചും വിശ്വാസയോഗ്യമല്ലാതെയും ഈ ഏജന്‍സികള്‍ സര്‍വേ ഫലം പുറത്ത് വിടുന്നുവെന്നാണ് ചാനല്‍ കണ്ടെത്തിയത്. നിലവില്‍ ഇന്ത്യാ ടുഡെയും ടൈംസ് നൗവും ലോക്‌സഭാ തിരഞ്ഞെടുപ്പിന് സി വോട്ടറുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സര്‍വേ ഫലം സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായി ഈ മാധ്യമ സ്ഥാപനങ്ങള്‍ അറിയിച്ചു. ഈ ഏജന്‍സികളുടെ പ്രതിനിധികളെയാണ് ചാനല്‍ സമീപിച്ചത്.
അഭിപ്രായ സര്‍വേകളുടെ പൊള്ളത്തരം വ്യക്തമായ സാഹചര്യത്തില്‍ ഇതേ കുറിച്ച് അന്വേഷണം വേണമെന്ന് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പുറത്ത് വന്ന കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും ഏജന്‍സികള്‍ പൊതുജനത്തിന്റെ അഭിപ്രായത്തെ വളച്ചൊടിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ബി ജെ പി അഭിപ്രായ സര്‍വേകളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സര്‍വേകളെ തടയുന്നത് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് തുല്യമാകുമെന്ന് ബി ജെ പി പറഞ്ഞു.

Latest