ദയാപൂര്‍വം കൊലപാതകം !

Posted on: February 27, 2014 6:00 am | Last updated: February 27, 2014 at 12:04 am

illustrationപുരുഷനായി മാറാനുള്ള ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെത്തുടര്‍ന്നു ബല്‍ജിയത്തിലെ നതാന്‍ വെര്‍ഹെസ്റ്റിന് ദയാവധം നല്‍കിയത് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30നാണ്. ജനിച്ചപ്പോള്‍ നതാന്‍ സ്ത്രീയായിരുന്നു. മാതാപിതാക്കള്‍ നാന്‍സി എന്ന് പേരിട്ട കഥാപാത്രം വളരും തോറും പുരുഷനായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്നു പൂര്‍ണമായും പുരുഷനായി മാറാനുള്ള ശ്രമത്തില്‍ നതാന്‍ എന്ന പുതിയ പേര് സ്വീകരിക്കുകയും 2009ല്‍ ഹോര്‍മോണ്‍ ചികിത്സക്ക് വിധേയനാകുകയും ചെയ്തു. ഹോര്‍മോണ്‍ ചികിത്സയും ലിംഗമാറ്റ ശസ്ത്രക്രിയയും വിജയിച്ചില്ല. ഇതോടെ നതാന്‍ കടുത്ത മാനസിക സമ്മര്‍ദത്തിനു അടിപ്പെട്ടു. മരണം മാത്രമാണ് ഇതില്‍ നിന്നുള്ള മോചനത്തിന് നതാന്‍ കണ്ട വഴി.
ദയാവധം നിയമവിധേയമാക്കിയ രണ്ട് രാജ്യങ്ങളിലൊന്നാണ് ബല്‍ജിയം. മുതിര്‍ന്നവര്‍ക്ക് മാത്രമാണ് കഴിഞ്ഞ ജനുവരി വരെ ഇതിന് അനുവാദമുണ്ടായിരുന്നത്. ഫെബ്രുവരി ഒന്നിന് തീവ്ര വേദന അനുഭവിക്കുകയും മാരക രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കും ദയാവധം അനുവദിക്കുന്ന ബില്‍ ബെല്‍ജിയം പാര്‍ലിമെന്റ് അംഗീകരിക്കുകയുണ്ടായി. ബെല്‍ജിയത്തിന്റെ അയല്‍ രാജ്യമായ നെതര്‍ലാന്‍സ്‌സില്‍ 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മുമ്പേ ദയാവധം അനുവദിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലും ദയാവധം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നുണ്ട്. ഇംഗ്ലണ്ടിലും അമേരിക്കയിലും ദയാവധത്തിന് അനുകൂലമായി പ്രചാരണം നടത്തുന്ന സംഘടനകള്‍ 1930കളില്‍ രൂപം കൊണ്ടിട്ടുണ്ട്. ഇന്ത്യയിലും ദയാവധം നിയമവിധേയമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള 11 അംഗ നിയമപരിഷ്‌കാര കമ്മിറ്റി ഈ ആവശ്യമുന്നയച്ചിരുന്നു. ഇത് സംബന്ധച്ചു പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള ‘കോണ്‍കോസ്’ എന്ന സംഘടന നല്‍കിയ ഹരജി ഇന്ത്യന്‍ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധം വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ കൊണ്ട് ജീവന്‍ നിലനിലനിര്‍ത്തുന്നവരെ മരിക്കാന്‍ അനുവദിക്കണമെന്നും അത് നിയമവിധേയമാക്കുന്നതിന് വിശദമായ മാര്‍ഗരേഖ കൊണ്ടുവരണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഭരണഘടന ഉറപ്പ് നല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശം പ്രത്യേക സാഹചര്യങ്ങളില്‍ മരിക്കാനുള്ള അവകാശമായി കണക്കാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമായതിനാല്‍ ഭരണഘടനാ ബഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കയാണ്.
മാരക രോഗത്താല്‍ കടുത്ത വേദനയും പീഡനവും അനുഭവിക്കുന്ന ഒരു വ്യക്തിയുടെ രോഗം ഭേദമാകില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയിരിക്കെ, അയാളെ ഇനിയും ദുരിതം അനുഭവിക്കാന്‍ വിടണമോ, ദയാവധത്തിലൂടെ ദുരിതങ്ങളില്‍ മോചനം നല്‍കണമോ എന്നതാണ് ദയാവധത്തെ അനുകൂലിക്കുലിക്കുന്നവരുടെ ചോദ്യം. പ്രഥമ വീക്ഷണത്തില്‍ ദയാവധമാണ് ഇത്തരമൊരു ഘട്ടത്തില്‍ ഗുണകരമെന്ന് തോന്നിയേക്കാമെങ്കിലും ആഴത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഒട്ടേറെ നൈതികവും ധാര്‍മികവും മാനുഷികവുമായ പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വരുന്നുണ്ട്. മാരകരോഗം ബാധിച്ച ഒരു രോഗി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ആര്‍ക്കാണ് വിധിയെഴുതാനാകുക? ജീവിക്കാന്‍ അര്‍ഹതയില്ലാത്തവനെന്ന് ഒരു രോഗിയെക്കുറിച്ച് ഒരു ഡോക്ടര്‍ക്ക് വിധിയെഴുതാന്‍ അധികാരമുണ്ടോ? ചികിത്സാ രംഗം വളരെയേറെ പുരോഗതി പ്രാപിച്ചു കഴിഞ്ഞ ഇന്നത്തെ യുഗത്തില്‍ പ്രത്യേകിച്ചു ഇത്തരമൊരു വിധിയെഴുത്ത് അസാധ്യമാണ്. വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ എത്രയോ രോഗികള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്ന അനുഭവങ്ങളുമുണ്ട്. മത്രമല്ല, അസുഖ ബാധിതര്‍ക്കു രോഗപീഡയും വേദനയുമില്ലാതാക്കുകയും ജീവന്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്താണ് ഒരു ഭിഷഗ്വരന്‍ വൈദ്യ വൃത്തിയിലേക്ക് ഔപചാരികമായി പ്രവേശിക്കുന്നത്. ആ പ്രതിജ്ഞയുടെ ലംഘനമാണ് ദയാവധത്തിന് വിട്ടുകൊടുക്കുന്നതിലൂടെ അയാള്‍ ചെയ്യുന്നത്. ലഭ്യമായ വൈദ്യശാസ്ത്ര വിജ്ഞാനത്തിലൂടെ രോഗിക്ക് സ്വാഭാവിക മരണം സംഭവിക്കുന്നതു വരെ ചികിത്സിക്കുകയാണ് അയാളുടെ ധാര്‍മിക ബാധ്യത. വേദനകളില്‍ നിന്ന് മുക്തമാകാന്‍ ഇന്ന് ഔഷധങ്ങള്‍ യഥേഷ്ടം ലഭ്യമാണെന്നിരിക്കെ, രോഗിയെ ശാരീരിക പീഡനങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ ദയാവധമനുവദിക്കുകയെന്ന വാദത്തിനും പ്രസക്തിയില്ല.
ആത്മഹത്യ കുറ്റമായാണ് സമൂഹം വിലയിരുത്തുന്നത്. എന്നാല്‍ ദയാവധവും ആത്മഹത്യയും തമ്മിലുള്ള അതിരുകളെവിയാണ്? കടബാധ്യത മൂലമോ മറ്റു ജീവിത പ്രാരബ്ധത്താലോ സ്വയം ജീവന്‍ ഒടുക്കുന്നത് കുറ്റകരമാണെങ്കില്‍ വാര്‍ധക്യകാരണങ്ങളാലും ശാരീരികപീഡനങ്ങളാലും അനുഭവിക്കുന്ന വേദനകളില്‍ നിന്ന് രക്ഷ നേടാനായി ജീവനവസാനിപ്പിക്കാനുള്ള ഒരാളുടെ തീരുമാനം സംഗതവും ന്യായവുമാകുന്നതെങ്ങനെ?
ബന്ധങ്ങള്‍ക്ക് അശേഷം വില കല്‍പ്പിക്കാത്ത ഒരു കാലഘട്ടമാണിത്. വൈദ്യശാസ്ത്ര രംഗം കച്ചവട മനസ്‌കരുടെ പിടിയിലാണ്. കടപ്പാടുകളില്‍ നിന്ന് ഒളിച്ചോടുന്ന സമൂഹവും. ജന്മം നല്‍കി വാത്സല്യത്തോടെ പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍ക്ക് പ്രായത്തിന്റെ പ്രാരാബ്ധങ്ങള്‍ ബാധിക്കുമ്പോള്‍, സ്‌നേഹവും കാരുണ്യ സ്പര്‍ശവും തിരിച്ചുനല്‍കുന്നതിന് പകരം അവരെ വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ദയാവധത്തിന്റെ നിയമവിധേയത്വം ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ്. മുന്‍ കാലങ്ങളില്‍ ചില രാജ്യങ്ങളില്‍ ദയാവധം അനുവദിച്ചിരുന്നതായും അത് വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നുവെന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഹിറ്റ്‌ലറുടെ നാസി ജര്‍മനിയില്‍ ‘ദയാവധ ക്ലിനിക്കുകള്‍’ വ്യാപകമായി സ്ഥാപിച്ചിരുന്നു. ഇവിടങ്ങളില്‍ ദയാവധത്തിന് ഇരയായവരില്‍ ഭൂരിപക്ഷവും രാഷ്ട്രീയ കാരണങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നുവത്രെ.
ഭൗതിക ജീവിതത്തിനുമപ്പുറം മറ്റൊരു ജിവിതം പ്രതീക്ഷിക്കുന്ന മതങ്ങളൊന്നും തന്നെ ദയാവധത്തെ അനുകൂലിക്കുന്നില്ല. മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഭൗതിക ലോകത്ത് അനുഭവിക്കുന്ന രോഗപീഡകളും പ്രയാസങ്ങളും വരാനിരിക്കുന്ന അഭൗതിക ലോകത്തെ ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിന് സഹായകമാണ്. ദുരിതമനുഭവിക്കുന്നവനെ ദയാവധത്തിന് വിധേയനാക്കി കൈയൊഴിക്കുന്ന ഒരു മാര്‍ഗത്തെപ്പറ്റി ധാര്‍മിക ബോധമുള്ള സമൂഹത്തിന് ചിന്തിക്കാനാകില്ല. രോഗിയെ സഹായിക്കുകയും ശുശ്രൂഷിക്കുകയും ആശ്വാസം പകര്‍ന്നുകൊടുക്കുകയുമാണ് സമൂഹത്തിന്റെ ബാധ്യത. നബി പറയുന്നു. ”നിങ്ങളിലാരും വിഷമ ഘട്ടങ്ങളില്‍ മരണം ആഗ്രഹിക്കരുത്. എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ലെങ്കില്‍ ഇങ്ങനെ പറയട്ടെ: രക്ഷിതാവേ, ജീവിക്കുന്നത് എനിക്ക് ഗുണപ്രദമാകുന്നിടത്തോളം കാലം നീ എന്നെ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് ഉത്തമമെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ’

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ