കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ദുബൈ പോലീസ്

Posted on: February 26, 2014 9:02 pm | Last updated: February 26, 2014 at 9:02 pm
DSC_3137
കേണല്‍ ജമാല്‍ സലാം അല്‍ ജല്ലാഫ് വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: സമ്പൂര്‍ണ സുരക്ഷിത നഗരമാക്കി ദുബൈയെ മാറ്റുന്നതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് ദുബൈ പോലീസ്. പൊതു ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവല്‍കരിക്കുന്നതിന് പ്രത്യേക കാമ്പയിന്‍ നടത്തുന്നതായി ദുബൈ പോലീസിലെ കുറ്റാന്വേഷണ വിഭാഗം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ പൊതുജനങ്ങള്‍ പോലീസുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവിധ തലത്തില്‍ ബോധവത്കരണം നടത്തും. ലോകോത്തര നിലവാരമുള്ള നഗരമായി ദുബൈ മാറിക്കൊണ്ടിരിക്കുകയാണ്. വളരെ സുരക്ഷിതമായ നഗരമാണ് ദുബൈ. എങ്കിലും പൊതുജനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടായാല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ദുബൈയെ മാറ്റാന്‍ കഴിയും.
നിയമവിരുദ്ധമായി കാണുന്ന ഏതൊരു കാര്യവും അപ്പപ്പോള്‍ പോലീസിനെ അറിയിക്കണം. ഇക്കാര്യത്തില്‍ പോലീസുമായി ബന്ധപ്പെടാന്‍ വിവിധ സംവിധാനങ്ങളുണ്ട്. വിവിധ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ക്കു പുറമെ, കുറ്റകൃത്യങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ടോള്‍ ഫ്രീ നമ്പര്‍ (800243) ഉപയോഗപ്പെടുത്താവുന്നതാണ്.
അലക്ഷ്യവും ആളില്ലാത്തതുമായി കാണുന്ന ബാഗേജുകള്‍, ആള്‍പാര്‍പ്പില്ലാത്തതും ദുരൂഹവുമായി തോന്നുന്ന വീടുകള്‍ എന്നിവയെക്കുറിച്ച് പോലീസിന് വിവരം നല്‍കണം. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെടുന്ന വ്യക്തികളെക്കുറിച്ചു വിവരമറിയിക്കണം. പ്രത്യേകിച്ചും എ ടി എം കൗണ്ടറുകളുടെ പരിസരങ്ങളില്‍ സംശയാസ്പദമായി കണ്ടെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഇടപാട് നടത്തുന്നവരെക്കുറിച്ച് വിവരം കിട്ടിയാല്‍ പോലീസിനു കൈമാറണം. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
കുറ്റാന്വേഷണ വിഭാഗം ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സി ഐ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ജമാല്‍ സലാം അലി അല്‍ ജല്ലാഫ് കാമ്പയിന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. സര്‍ക്കാരിനു കീഴിലെ വിവിധ വകുപ്പുകള്‍, വിവിധ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകള്‍, ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന പൊതുജന സംഘടനകള്‍ തുടങ്ങിയവയെയും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.
മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ അമേരിക്ക, ബ്രിട്ടന്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ കോണ്‍സുലര്‍മാരും പങ്കെടുത്തു.