ദുബൈയില്‍ എട്ട് പുതിയ സൈക്കിള്‍ ട്രാക്കുകള്‍ സജ്ജമാക്കും

Posted on: February 26, 2014 8:53 pm | Last updated: February 26, 2014 at 8:53 pm

ദുബൈ: 2015 ആവുമ്പോഴേക്കും ജനസംഖ്യയുടെ 45 ശതമാനത്തെ ശരീരികമായി ഊര്‍ജസ്വലതയുളളവരാക്കാന്‍ ലക്ഷ്യമിട്ട് എട്ട് സൈക്കിള്‍ പാതകളും കായിക വിനോദത്തിനുള്ള സൗകര്യങ്ങളും ഒരുക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ദുബൈ സ്‌പോട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുബൈ സ്‌പോട്‌സ് കൗണ്‍സില്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. നിലവിലെ മൂന്നു സൈക്കിള്‍ പാതക്ക് പുറമേയാണ് അഞ്ചെണ്ണം പണിയാന്‍ ഒരുങ്ങുന്നത്. നിലവിലുള്ള രണ്ടു മുതല്‍ നാലു വരെ കളിസ്ഥലങ്ങള്‍ക്ക് പുറമേയാണ് കൂടുതല്‍ മൈതാനങ്ങളും പിച്ചുകളും ഒരുക്കുകയെന്നു ദുബൈ സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് അല്‍ ശരീഫ് വ്യക്തമാക്കി.
അമിതവണ്ണമുള്ള ദുബൈ ജനതയില്‍ ഒരു വിഭാഗത്തെ ആരോഗ്യമുള്ളവരാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എമിറേറ്റ് ജനതയെ ആരോഗ്യമുള്ളതാക്കുന്നതിന്റെ രണ്ടാം ഘട്ടമാണ് സൈക്കിള്‍ ട്രാക്കുകളും മൈതാനങ്ങും ഒരുക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 2007 മുതല്‍ 2010 വരെയുള്ള കാലത്ത് ആവശ്യമായ വ്യായാമം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തി ഊര്‍ജസ്വലമായി ജീവിക്കുന്നത് എത്ര ശതമാനം ജനങ്ങളാണെന്ന് സര്‍വേ നടത്തിയിരുന്നു.
ഈ കാലഘട്ടത്തിലും സൈക്കിള്‍ പാതകളും കായിക വിനോദത്തിനുള്ള സൗകര്യങ്ങളും ദുബൈ സര്‍ക്കാര്‍ മെച്ചപ്പെടുത്തിയിരുന്നു. ഇതിനായി ദുബൈ പള്‍സ് എന്ന പേരില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ കായികമായ വ്യായാമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ദുബൈ സ്‌പോട്‌സ് കൗണ്‍സില്‍ 2009 ല്‍ നടത്തിയ സര്‍വേയില്‍ ജനസംഖ്യയുടെ 34.6 ശതമാനം ശാരീരികമായി ആക്ടീവാണെന്ന് ബോധ്യപ്പെട്ടിരുന്നു. 2011ല്‍ ഇത് 36.4 ആയും 2013ല്‍ 41.9 ആയും വര്‍ധിച്ചിരുന്നു. 2015ല്‍ 45 ശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കായികമായ പങ്കാളിത്വം ഉറപ്പാക്കുന്ന വിനോദങ്ങളിലൂടെ മാത്രമേ ഊര്‍ജസ്വലതയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കൂ.
സാമൂഹികമായ പല പരിപാടികളോട് അനുബന്ധിച്ചും ഇത്തരം മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഈ സന്ദേശം കൂടുതല്‍ ആളുകളിലേക്കു എത്തുമെന്നാണ് പ്രതീക്ഷ. ഇതിനായി ശില്‍പ്പശാലകളും മറ്റും സംഘടിപ്പിക്കണം. മാളുകളിലൂടെയുള്ള നടത്തം, കടല്‍ത്തീരങ്ങളില്‍ യോഗ, മറ്റ് വീടിനകത്തും പുറത്തും ചെയ്യാവുന്ന കായിക ഇനങ്ങള്‍ എന്നിവയെയും ഉള്‍പ്പെടുത്തണം. സാമൂഹികമായ പരിപാടികളെക്കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ പുതിയ വെബ്‌സൈറ്റ് തയാറാക്കുമെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു. ഇതിലൂടെ ഓരോരുത്തര്‍ക്കും തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കായികമത്സരങ്ങളും സാമൂഹിക പരിപാടികളും അറിയാന്‍ സാധിക്കും. ജുമൈറ മേഖലയില്‍ നിലവില്‍ 74 കിലോമീറ്റര്‍ സൈക്കിള്‍ പാത സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 18 കിലോമീറ്റര്‍ കൂടി വ്യാപിപ്പിക്കും. ദുബൈ നഗരസഭയുമായും ആര്‍ ടി എയുമായി സഹകരിച്ചാവും നഗരത്തില്‍ പുതിയ സൈക്കിള്‍ പാതകള്‍ സജ്ജമാക്കുക. പാത പൂര്‍ത്തിയാവുന്നതോടെ ആളുകളില്‍ സൈക്കിള്‍ ഉപയോഗിക്കാനുള്ള പ്രവരണത വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിദ്യാര്‍ഥികളും ജോലിസ്ഥലത്തേക്ക് പോകുന്നവരും ഈ പാതകളെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ ദുബൈയില്‍ 104 കിലോമീറ്റര്‍ സൈക്കിള്‍ പാതയാണുള്ളത്. ദുബൈ ബൈസിക്കിള്‍ മാസ്റ്റര്‍ പ്ലാന്‍ ലക്ഷ്യമിടുന്നത് 850 കിലോമീറ്റര്‍ സൈക്കിള്‍ പാത സജ്ജമാക്കാനാണെന്നും അല്‍ ശെരീഫ് വെളിപ്പെടുത്തി.