ഇടുക്കി നിര്‍ബന്ധമില്ല; ആറ്റിങ്ങല്‍ കിട്ടിയാലും മതി: പി സി ജോര്‍ജ്

Posted on: February 26, 2014 12:46 am | Last updated: February 26, 2014 at 12:46 am

pc georgeതിരുവനന്തപുരം: ഇടുക്കി സീറ്റിനായി നിര്‍ബന്ധം പിടിക്കില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇടുക്കി സീറ്റ് കിട്ടിയാല്‍ ഒത്തിരി സന്തോഷം. പത്തനംതിട്ടയോ ആറ്റിങ്ങലോ കിട്ടിയാലും മതിയെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. രണ്ട് സീറ്റ് വേണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇടുക്കി സീറ്റ് കിട്ടിയാല്‍ അവിടെ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഇടുക്കി കിട്ടിയേ തീരൂവെന്ന് നിര്‍ബന്ധമില്ല. സിറ്റിംഗ് സീറ്റ് ആയതിനാല്‍ വിട്ടുതരാന്‍ കോണ്‍ഗ്രസിന് വൈമനസ്യം കാണും. വൈക്കം വിശ്വന്‍ കൈകാണിച്ചതിനു പിന്നാലെ പി ജെ ജോസഫ് പോകുമെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ പി ജെ ജോസഫിന് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പി ജെ ജോസഫിനെ മുന്നണിയിലേക്കു സ്വാഗതം ചെയ്തത് ഇടതുമുന്നണിയുടെ ഇപ്പോഴത്തെ ബലക്ഷയത്തിന് തെളിവാണ്. യു ഡി എഫിന് അല്‍പ്പം മുന്‍തൂക്കമുണ്ടെന്ന് മനസ്സിലാക്കിയുള്ള നീക്കമാണിത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണ് ഇടുക്കി സീറ്റിനെക്കാള്‍ വലിയ പ്രശ്‌നം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നവംബര്‍ 13ലെ കേന്ദ്ര ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവിറക്കിയില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കും. കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ മന്നം സമാധിയില്‍ സ്വീകരിക്കാത്തതില്‍ ദുഃഖമില്ല. അവിടെ പോകാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഓരോരുത്തരുടെ മാനസിക നിലക്ക് അനുസരിച്ചാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.