Connect with us

Kannur

വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യും: വനിതാ കമ്മീഷന്‍

Published

|

Last Updated

കണ്ണൂര്‍: വിവാഹ പൂര്‍വ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീന റഷീദ്. ഗാര്‍ഹിക പീഡനങ്ങളും ദാമ്പത്യ പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാഹ പൂര്‍വ കൗണ്‍സലിംഗ് അത്യാവശ്യമാണെന്ന് വനിതാ കമ്മീഷന്‍ കണ്ടെത്തിയതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ബന്ധമാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
വിവാഹ പൂര്‍വ കൗണ്‍സലിംഗ് പ്രശ്‌നങ്ങള്‍ കുറക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം കൗണ്‍സിലിംഗുകളില്‍ സ്ത്രീകള്‍ മാത്രമാണ് വരുന്നതെന്ന പ്രശ്‌നവുമുണ്ട്. പുരുഷന്മാര്‍ പങ്കെടുക്കാത്തിടത്തോളം കൗണ്‍സലിംഗുകള്‍ ലക്ഷ്യത്തിലെത്തില്ല. സ്ത്രീകള്‍ക്ക് മാത്രമാണ് ഇന്ന് എല്ലാതരത്തിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും നല്‍കുന്നത്. വനിതാ കമ്മീഷന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് യാതൊരു ബോധവത്കരണവും നല്‍കുന്നില്ല. ഗാര്‍ഹിക പീഡന നിരോധ നിയമത്തെയും സ്ത്രീധന നിരോധ നിയമത്തെയും കുറിച്ചും ഭാര്യയോട് നീതിപുലര്‍ത്തുന്നതിനെക്കുറിച്ചുമൊക്കെ പുരുഷന്മാര്‍ക്ക് ബോധവത്കരണം നല്‍കേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ സമൂഹത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ കഴിയൂവെന്നും നൂര്‍ബീന റഷീദ് പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ചര്‍ച്ചകളും പലപ്പോഴും കുറ്റവാളികള്‍ രക്ഷപ്പെടാനിടയാക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയെ പോലും ഇത്തരം പ്രക്ഷേപണങ്ങള്‍ മാനസികമായി സ്വാധീനിക്കാന്‍ ഇടയാക്കുന്നുണ്ട്. ഇരകള്‍ക്ക് സംരക്ഷണം ലഭിക്കുന്ന ഇടപെടലുകളാണ് സമൂഹത്തില്‍ നിന്നുണ്ടാകേണ്ടത്. പല കേസുകളിലും ഇരകള്‍ പോലും പിന്മാറുന്ന സാഹചര്യം സൃഷ്ടിക്കുന്നതിന് മാധ്യമ ചര്‍ച്ചകളും കാരണമാകുന്നതായി നൂര്‍ബീന റഷീദ് പറഞ്ഞു.