മന്ത്രിമാരെ തീരുമാനിക്കേണ്ടത് സാമുദായിക സംഘടനകളല്ല: വി ഡി സതീശന്‍

Posted on: February 26, 2014 12:40 am | Last updated: February 26, 2014 at 12:40 am

VD SATHEESHANകോട്ടയം: മന്ത്രിമാരെ തീരുമാനിക്കേണ്ടത് സാമുദായിക സംഘടനകളല്ലെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. കെ പി സി സി പ്രസിഡന്റ് വി എം സുധീരന് കോട്ടയം ഡി സി സി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ സംഘടനകളോട് പിണക്കം വേണ്ട. എല്ലാ സമുദായങ്ങളും കോണ്‍ഗ്രസിന് വോട്ട് ചെയ്യാറുണ്ട്. സാമുദായിക സംഘടനകള്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകരുത്. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലത്. സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരാകരുത് പാര്‍ട്ടി നേതാക്കള്‍. പാര്‍ട്ടിയുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയണം. ഈ റിപ്പോര്‍ട്ട് പരിസ്ഥിതിയെയോ കര്‍ഷകനെയോ സംരക്ഷിക്കുന്നില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമായിരുന്നു. എന്നാല്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരം ഇല്ലാതാക്കി. ഇത് നടക്കാതെ വന്നപ്പോഴാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വന്നത്. ഈ കാര്യം കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഒരു വികസന പദ്ധതി കൊണ്ടുവന്നാല്‍ വളരെ കരുതലോടെ ജനങ്ങളോട് സുതാര്യമായി പറയണം. നല്ല കാര്യങ്ങള്‍ കൊണ്ടുവന്നാലും അവ്യക്തതയാണ്. ഇത് ആശങ്കക്ക് കാരണമാകുകയും ജനങ്ങള്‍ സംശയത്തോടെ കാണുകയും ചെയ്യുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.