കഴുമരത്തിന്റെ നീതിയും ന്യായവും

Posted on: February 26, 2014 5:59 am | Last updated: February 26, 2014 at 10:54 am

hangദയാ ഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയാല്‍ വധശിക്ഷ റദ്ദാക്കാമെന്ന ജനുവരി 21ലെ സുപ്രീം കോടതി വിധി നിര്‍ണായകമായ ഒന്നായി ഇന്ത്യയിലെ നീതിന്യായ രംഗത്തുള്ളവര്‍ കാണാന്‍ കാരണമുണ്ട്. തൂക്കാന്‍ വിധിച്ച പഴയ ആ ചെത്തുകാരന്റെ ഫലിതത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ‘രണ്ടിലൊന്ന് തീരുമാനിക്കാന്‍’ ആര്‍ജവം കാണിക്കാത്ത ഒരു സംവിധാനമാണ് ഈ കാലതാമസത്തിന്റെ കാരണക്കാര്‍. വിഷയത്തിന്റെ മെറിറ്റിനപ്പുറം മറ്റനേകം ബാഹ്യ സാധ്യതകളും പ്രലോഭനങ്ങളും സമ്മര്‍ദങ്ങളും നോക്കി തീരുമാനമെടുക്കുന്ന ഒന്നായി നമ്മുടെ നാട്ടിലെ ദയാ ഹരജികള്‍ മാറി എന്നതു തന്നെയാണ് പ്രധാനം.
ദയാ ഹരജി തീരുമാനം സംബന്ധിച്ച വിധി രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവരുടെ രക്ഷക്കെത്തി. തീര്‍പ്പ് ഏറെ വൈകിയതിനാല്‍ ശിക്ഷ ജീവപര്യന്തമാക്കണമെന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരുടെ ഹരജി സുപ്രീം കോടതി അംഗീകരിച്ചു. അങ്ങനെയവര്‍ കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടു. ഇത് ദയാഹരജി തീര്‍പ്പിലെ ഭരണാധികാരികളുടെ ഉദാസീനത എന്നതിലുപരിയായി ശിക്ഷകളെക്കുറിച്ച് പൊതുവിലും വധശിക്ഷയെക്കുറിച്ച് വിശേഷിച്ചുമുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിവിട്ടിട്ടുണ്ട്.
ശിക്ഷകള്‍ക്കെതിരെ സാമാന്യം ശക്തമായൊരു വികാരം നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങളും ബുദ്ധിജീവികളും ഈ റിബല്‍ ചിന്തയെ പരിപോഷിപ്പിക്കുന്നു എന്നതാണീ വികാരത്തിന്റെ സാന്നിധ്യം വിപുലപ്പെടുത്തുന്നത്. കുറ്റം ചുമത്തി ശിക്ഷ ലഭിച്ചവരോട് എന്തോ ഒരു തരം ഗുണകാംക്ഷ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നു. വിശേഷിച്ചും വധ ശിക്ഷ ലഭിച്ചവരോട്. അവരുടെ പ്രശ്‌നങ്ങള്‍ മനുഷ്യാവകാശത്തിന്റെ കള്ളിയില്‍ പെടുത്താനുള്ള ഒരു ധൃതി പൊതുവെ കാണുന്നുണ്ട്. കുറ്റം ചെറിയ വീഴ്ചയും ശിക്ഷ വലിയ തെറ്റുമെന്ന നിലയിലുള്ള വിശകലനങ്ങള്‍ കാണാം. ശിക്ഷക്ക് ഒരു സ്ഥാപനവത്കരണ സ്വഭാവമുണ്ട്. ഒരു വ്യവസ്ഥയാണ് അത് നടപ്പിലാക്കുന്നത്. കുറ്റത്തിനതില്ല. ഏറെക്കുറെ വ്യക്തി ഒറ്റക്ക്, അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികള്‍ ചെയ്യുന്നതാണല്ലോ കുറ്റം. ഇതില്‍ നിന്ന് വ്യതിരിക്തമായി, വംശഹത്യകള്‍ പോലെ ഒരു വ്യവസ്ഥയൊന്നാകെ പങ്ക് കൊള്ളുന്നവയുണ്ടെന്നത് വിസ്മരിക്കുന്നില്ല.
എന്നാല്‍ തെറ്റായ പ്രയോഗിക്കലുകള്‍ ശിക്ഷാവിധികളില്‍ വ്യാപകമാണെന്നത് ഒരു യാഥാര്‍ഥ്യമാണ്. ഇന്ത്യയില്‍ സവര്‍ണര്‍ വധശിക്ഷക്ക് വിധിക്കപ്പെടുന്നത് ‘അപൂര്‍വങ്ങളില്‍ അപൂര്‍വ’മായ അനുഭവമാണ്. വംശീയ/മത ന്യൂനപക്ഷങ്ങളും ദളിതരും കറുത്തവരും ദരിദ്രരും ഹിന്ദി മുഖ്യധാരക്ക് പുറത്തുള്ളവരും ആക്റ്റിവുസ്റ്റുകളുമാണ് വധശിക്ഷാ ഭീഷണിയുടെ നിഴലില്‍ എന്നും കഴിയേണ്ടിവരുന്നത്. ഇവര്‍ക്കിടയില്‍ തന്നെ എളുപ്പത്തില്‍ കഥ കഴിക്കാവുന്നവരും ചില സാവകാശങ്ങള്‍ ‘ആവശ്യമുള്ളവരു’മുണ്ട്. (അഫ്‌സല്‍ ഗുരുവിനെ കൊന്ന പോലെ രാജീവ് വധക്കേസിലെ പ്രതികളെ തൂക്കാന്‍ നമ്മുടെ സര്‍ക്കാറിന് കഴിയില്ല; അതിന് അതിന്റെതായ രാഷ്ട്രീയ കാരണങ്ങളുണ്ട്) വര്‍ണധര്‍മത്തിന്റെ ലഹരി ബാക്കി (വമിഴ ീ്‌ലൃ) ഇപ്പോഴും നിലനില്‍ക്കുന്ന ഒരു വ്യവസ്ഥയാണ് നമ്മുടെത് എന്നതാണ് ഇതിന് കാരണം. ഒരേ കുറ്റത്തിന് പല തരം ശിക്ഷാവിധികളായിരുന്നല്ലോ ഇവിടെ നിലനിന്നിരുന്നത്. ബ്രാഹ്മണന്‍ കൊല ചെയ്താല്‍ പോലും അയാള്‍ക്ക് കൊടുത്ത കടുത്ത ശിക്ഷ തന്റെ എല്ലാ വസ്തുവകകളുമായി മറ്റെവിടെയെങ്കിലും പോകാന്‍ അനുവദിക്കലായിരുന്നല്ലോ.
ഇങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയില്‍ വധശിക്ഷക്കെതിരായ ശബ്ദങ്ങള്‍ എന്നത് വധശിക്ഷയിലെ വിവേചനത്തിനെതിരായ മുഖ്യധാരക്ക് പുറത്തുള്ളവരുടെ ഉത്കണ്ഠകളുടെയും വ്യഥകളുടെയും ആവിഷ്‌കാരമായി കാണണം. വ്യവസ്ഥക്ക് എതിരായ ശബ്ദങ്ങള്‍ കൂടിയായി അതിനെ വായിക്കണം. വധശിക്ഷക്ക് എതിരായല്ല വധശിക്ഷക്കിരയാക്കുന്നതിലെ തെറ്റുകള്‍ക്കെതിരായി.
അതേ സമയം തെറ്റായ പ്രയോഗിക്കലുകള്‍ ആ സംവിധാനം തന്നെ റദ്ദാക്കണമെന്നതിന് മതിയായ കാരണമാണോ? അങ്ങനെ തീര്‍ത്തുപറയാന്‍ പ്രയാസമായിരിക്കും. തെറ്റായി പ്രയോഗിക്കാത്ത എന്ത് കാര്യമാണുള്ളത്? ദുരുപയോഗം തടയുക എന്നതല്ലേ അതിന്റെയൊരു ശരി? കാരണം ഇതിന്റെ മറു തലക്കല്‍ മറ്റൊരു നിരപരാധിയുടെ/നിരപരാധികളുടെ നീതിയുടെ പ്രശ്‌നം നിസ്സഹായമായി തുറിച്ചുനോക്കുന്നുണ്ടല്ലോ.
വധശിക്ഷക്ക് വിധേയനായ ആള്‍ നിരപരാധിയാണെന്ന് പില്‍ക്കാലത്ത് തെളിഞ്ഞാല്‍ എന്തു ചെയ്യും? ബലിവസ്തുവിന് നഷ്ടപ്പെട്ട ജീവന്‍ നിവര്‍ത്തിച്ചുകൊടുക്കാന്‍ കഴിയുമോ? ജീവന്‍ കൊണ്ടുള്ള കളിയാണല്ലോ വധശിക്ഷ എന്നത്. ഇത്തരം ചില ന്യായങ്ങളും വധശിക്ഷ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉയര്‍ന്നുവരാറുണ്ട്. ഈ ന്യായം വെച്ചാകുമ്പോള്‍ ശിക്ഷ എന്ന വ്യവസ്ഥ തന്നെ അപ്രസക്തമാകുന്ന സാമൂഹിക സാഹചര്യം സംജാതമാകും. ഒരു കുറ്റാരോപിതനെ തടവിന് ശിക്ഷിച്ചു എന്ന് കരുതുക. തടവ് കാലാവധി കഴിഞ്ഞ ശേഷം കക്ഷി അപരാധിയായിരുന്നില്ലെന്ന് തെളിഞ്ഞു. എങ്ങനെയാണ് അയാളുടെ യൗവനത്തെയും അയാളുടെ കുടുംബത്തോടൊപ്പമുള്ള ജീവിതത്തെയും നമ്മുടെ കോടതികള്‍ക്ക് തിരിച്ചുനല്‍കാന്‍ കഴിയുക? ചിലപ്പോള്‍ കുറച്ച് പണം കൊടുക്കാന്‍ കഴിഞ്ഞേക്കാം. പൂര്‍ണാര്‍ഥത്തിലുള്ള ഒരു പരിഹാരം സാധ്യമേ അല്ല. അതു പോലെ തന്നെയല്ലേ ഇവിടെയും?
പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ കാരണങ്ങളാല്‍ കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നു എന്ന പോലെ തന്നെ ഈ താത്പര്യങ്ങളിലൂന്നി ശിക്ഷിക്കപ്പെടുന്നതും പതിവാണ്. ഭരണകൂടത്തിന്റെ അട്ടിമറികള്‍ ആവര്‍ത്തിക്കുന്ന നാടുകളില്‍ നിരീക്ഷിച്ചാല്‍, ഈ ആഭിചാരക്രിയകള്‍ എത്ര ലാഘവത്തോടെയാണ് നടപ്പാക്കുന്നതെന്ന് മനസ്സിലാകും. 180 ഡിഗ്രി തിരിഞ്ഞാണ് അപ്പോള്‍ നീതി ബോധം പ്രവര്‍ത്തിക്കുക. അവിടങ്ങളില്‍ കോടതികള്‍ കാണിക്കുന്ന മെയ്‌വഴക്കങ്ങള്‍ ആരെയും അതിശയിപ്പിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലെ വധശിക്ഷയും വല്ലാത്ത വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുന്നു.
ശിക്ഷകളില്ലാത്ത ഒരു ലോകം അരാജകമായിരിക്കുമെന്നത് മൂന്ന് തരം. എന്നാല്‍ അതിലെ അമിതാധികാര പ്രയോഗങ്ങളും തെറ്റായ പ്രയോഗിക്കലുകള്‍ക്കും ആര് കാവല്‍ എന്നതാണ് ചോദ്യം. ആ കാവലിനും ഒരു കാവല്‍ വേണമല്ലോ. ഭരണകൂടം സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയും അതിനെ സ്ഥാപനവത്കരിക്കുകയും ചെയ്യുന്ന കാലത്ത് വിശേഷിച്ചും. സര്‍ക്കാര്‍ വിലാസം നീതിന്യായ വ്യവസ്ഥകള്‍ വലിയ വിശ്വാസത്തകര്‍ച്ച നേരിടുന്ന ഒരു കാലത്ത് ശിക്ഷകള്‍ക്കും വധശിക്ഷക്കുമെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശങ്ങളില്‍ അതിശയമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും; പലപ്പോഴും നിയമം നീതിയുടെ വഴിക്ക് പോകില്ല. എന്നാല്‍, ചിലരുടെ കാര്യത്തില്‍ നിയമം അവരുടെ പറികെയാകും പോകുക.
എന്തൊക്കെ മറുവാദങ്ങള്‍ പറയുമ്പോഴും ബലിവസ്തുവിനേക്കാള്‍ മറ്റുള്ളവര്‍ക്കുള്ള സന്ദേശമാണ് ശിക്ഷ. കര്‍ക്കശ ശിക്ഷ നിലവിലുള്ള രാജ്യങ്ങളില്‍ കുറ്റകൃത്യം കുറവാണെന്നത് യാഥാര്‍ഥ്യവും.

ALSO READ  വംശവെറി വീണ്ടും ഇരകളെ തേടുന്നു