നോക്കിയ കളം മാറ്റുന്നു; 149 ദിര്‍ഹമിന് സ്മാര്‍ട്ട് ഫോണ്‍

Posted on: February 25, 2014 9:13 pm | Last updated: February 25, 2014 at 9:13 pm

asha 220ദുബൈ: സ്മാര്‍ട്ട് ഫോണ്‍ കാലത്ത്, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ നോക്കിയ പുതുമകളുമായി രംഗത്ത്. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണടക്കം നാലു പുതിയ മോഡലുകള്‍ നോക്കിയ അവതരിപ്പിച്ചു. സ്‌പെയിനിലായിരുന്നു അവതരണമെങ്കിലും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തത്സമയ സംപ്രേഷണം നടത്തി.
നോക്കിയ എക്‌സ്, എക്‌സ് പ്ലസ്, എക്‌സ് എല്‍ എന്നിങ്ങനെയുള്ള മോഡലുകളാണ് ആന്‍ ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുക. ഇതില്‍ എക്‌സ് എല്‍ അഞ്ച് ഇഞ്ച് വലുപ്പമുള്ള, അഞ്ച് മെഗാപിക്‌സല്‍ ക്യാമറ അടങ്ങുന്ന സ്മാര്‍ട്ട് ഫോണാണ്. 599 ദിര്‍ഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്. മേയില്‍ കമ്പോളത്തില്‍ ലഭ്യമാകും. ഇരട്ട സിം ഫോണാണിത്. എക്‌സ് പ്ലസിന് 549 ദിര്‍ഹമാണ് വില. ഇവരണ്ടും സാംസങ്ങ് ഗാലക്‌സി, ആപ്പിള്‍ ഐഫോണ്‍ എന്നിവയോട് മത്സരിക്കാനുള്ളതാണ്. നോക്കിയ എക്‌സിന് 499 ദിര്‍ഹമാണ് വില ഈടാക്കുക. ഏപ്രിലില്‍ പുറത്തിറങ്ങും. വിവിധ ആപ്ലിക്കേഷനുകള്‍ നോക്കിയ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
എന്നാല്‍ ഏറ്റവും കൗതുകകരമായി 149 ദിര്‍ഹമിന് സ്മാര്‍ട്ട് ഫോണ്‍ വ്യാപകമാകും എന്നതാണ്. ആശാ സീരീസില്‍ നോക്കിയ 220 മോഡലാണിത് 149 ദിര്‍ഹമാണ് വില. ഇരട്ട സിം, ഒരു മാസം നീണ്ടുനില്‍ക്കുന്ന ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകളും ചൂണ്ടിക്കാണിച്ചു. ടു ജി മൊബൈല്‍ ഫോണാണിത്. മറ്റൊന്ന് ആശാ 230 മോഡലാണ്. ടച്ച് സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ വില 229 ദിര്‍ഹം. ഇവ രണ്ടും മാര്‍ച്ച് ആദ്യത്തില്‍ പുറത്തിറങ്ങും.
ബാര്‍സിലോണയില്‍ നടന്നു വരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നിരവധി കമ്പനികള്‍ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു.
സാംസങ്ങ് പുതിയ സ്മാര്‍ട്ട് വാച്ചുകള്‍ രംഗത്തിറക്കി. ആന്‍ഡ്രോയിഡിനു പകരം ടൈസെല്‍ ഒ എസില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകളാണിവ. ഗിയര്‍, ഗിയര്‍ 2 നിയോ എന്നിവയാണ് രംഗത്തിറക്കിയത്.