Connect with us

Gulf

നിക്ഷേപാവസരങ്ങള്‍ തേടി വിദേശ രാജ്യങ്ങള്‍ ഒമാനിലേക്ക്‌

Published

|

Last Updated

Irani Delegates

ഇറാന്‍ പ്രതിനിധി സംഘം അധികൃതരുമായി കൂടിക്കാഴ്ചയില്‍

മസ്‌കത്ത്: വ്യാവസായിക, വാണിജ്യ മേഖലകളില്‍ നിക്ഷേപ അവസരങ്ങള്‍ അന്വേഷിച്ച് കൂടുതല്‍ വിദേശ രാജ്യങ്ങള്‍ ഒമാനിലെത്തുന്നു. ഒമാനില്‍ നടന്നു വരുന്ന അടിസ്ഥാന സൗകര്യവികനവും സംയോജിത ഗതാഗത വികസനവും മുന്നില്‍ കണ്ടും പ്രവര്‍ത്തനച്ചെലവു കുറവുള്ള രാജ്യമെന്നതും പരിഗണിച്ചാണ് മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാനെ തിരഞ്ഞെടുക്കുന്നത്. ഇന്നലെ ഇറാനില്‍നിന്നുള്ള വ്യവസായ സംഘം നിക്ഷേപാവസരങ്ങളെക്കുറിച്ച് പഠിക്കാനായി ഒമാനിലെത്തി. ആസ്‌ട്രേലിയന്‍ സംഘം അടുത്ത ദിവസം എത്തും. പബ്ലിക് എസ്റ്റാബ്ലിഷ്‌മെന്റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുന്നത്.
ഇറാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സില്‍നിന്നുള്ള പ്രതിനിധികളാണ് കഴിഞ്ഞ ദിവസം ഒമാനിലെത്തിയത്. രാജ്യത്തെ നിക്ഷേപാവസരങ്ങളും ഇന്‍ഡസ്ട്രിയല്‍ മേഖലയിലെയും എസ്‌റ്റേറ്റുകളിലെയും പ്രവര്‍ത്തനങ്ങളും അതോറിറ്റി മേധാവികള്‍ സംഘത്തിനു പരിചയപ്പെടുത്തി. രാജ്യത്ത് വിദേശ നിക്ഷേപം കൊണ്ടു വരുന്നതിന് അതോറിറ്റി നടത്തുന്ന പരിശ്രമത്തിന്റെ ഫലമായാണ് കൂടുതല്‍ രാജ്യങ്ങള്‍ രാജ്യത്തേക്കു വരുന്നത്. മിഡില്‍ ഈസ്റ്റില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതും ഇതര രാജ്യങ്ങളോട് മത്സരിക്കാവന്ന സൗകര്യം ഒമാനില്‍ ഇപ്പോള്‍ ഉണ്ടെന്നും അതോറിറ്റി അവകാശപ്പെടുന്നു. മസ്‌കത്ത് നോളജ് ഒയാസിസിന്റെ (കെ ഒ എം) പ്രവര്‍ത്തനങ്ങളും ഇറാന്‍ സംഘത്തിനു പരിചയപ്പെടുത്തി. രാജ്യത്തെ പ്രധാന ഐ ടി പാര്‍ക്കാണിത്. ലോകത്തെ പ്രമുഖ ഐ ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെ ഒ എമ്മിലേക്ക് ഇറാനില്‍നിന്നും കമ്പനികള്‍ വരുന്നതിനു സാധ്യതയുണ്ടെന്ന് അധികൃതര്‍ വിലയിരുത്തി.മന്ത്രിയുടെ നേതൃത്വത്തിലുള്ള ആസ്‌ട്രേലിയന്‍ സംഘമാണ് അടുത്ത ദിവസം ഒമാന്‍ സന്ദര്‍ശിക്കുന്നതെന്ന് ഒ എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. വിവിധ അറബ് നാടുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് സംഘം ഒമാനിലും എത്തുന്നത്. ആസ്‌ട്രേലിയയില്‍നിന്നുള്ള പ്രമുഖ കമ്പനികളുടെ പ്രതിനിധികളടങ്ങുന്ന സംഘത്തെയാണ് വ്യാപാര, തൊഴില്‍ വകുപ്പു മന്ത്രി ലൂയിസ് ആഷര്‍ നയിക്കുന്നത്. ഒമാന്‍ കൂടാതെ സഊദി അറേബ്യ, യു എ ഇ, തുര്‍ക്കി തുടങ്ങിയ നാടുകളിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഭക്ഷ്യം, പാനീയം, കൃഷി, വിദ്യാഭ്യാസം, നഗരരൂപകല്‍പന, സമുദ്രയാനം, ഫാഷന്‍ തുടങ്ങിയ രംഗങ്ങളിലാണ് വ്യാപാരങ്ങളും നിക്ഷേപ അവസരങ്ങളും അന്വേഷിക്കുന്നതെന്ന് ആസ്‌ട്രേലിയന്‍ സംഘം പറയുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഈ സഹകരണം മികച്ച ഫലമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്നും ആസ്‌ട്രേലിയന്‍ കമ്പനികള്‍ മികച്ച വ്യാപാര വിജയം നേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 445 ദശലക്ഷം ഡോളറിന്റെതായിരുന്നു വ്യാപാരം.

Latest