Connect with us

Malappuram

33 പഞ്ചായത്തുകളില്‍ നിന്ന് 5241761 ടണ്‍ പച്ചത്തേങ്ങ സംഭരിച്ചു

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ രണ്ട് വര്‍ഷത്തിനിടെ 36 പഞ്ചായത്തുകളില്‍ നിന്നും കൃഷിവകുപ്പ് 5241761 ടണ്‍ പച്ചത്തേങ്ങ സംഭരിച്ചു. ജില്ലയിലെ 33 പഞ്ചായത്തുകളില്‍ കൂടി പച്ചത്തേങ്ങ സംഭരണം നടത്തുന്നതിനുള്ള നടപടികള്‍ കൃഷിവകുപ്പ് തുടങ്ങിയിട്ടുണ്ടെന്നും നല്ല രീതിയില്‍ സംഭരണം നടക്കുന്ന പഞ്ചായത്തുകളില്‍ പദ്ധതി കൂടുതല്‍ വിപുലമാക്കാന്‍ ശ്രമിക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി കെ അനിത പറഞ്ഞു
മണ്ണിന്റെ ആരോഗ്യം നില നിര്‍ത്തുന്നതിനും കാര്‍ഷിക വിളകളെ രോഗബാധയില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി കൃഷി വകുപ്പ് ഈ വര്‍ഷം ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കും. തിരഞ്ഞെടുത്ത കര്‍ഷകരുടെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കീടരോഗ സാധ്യതകള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ആദ്യഘട്ടമായി നിലമ്പൂര്‍, കാളികാവ് ബ്ലോക്കുകളില്‍ കാര്‍ഷിക ക്ലിനിക് സ്ഥാപിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കും.
കൂടുതല്‍ പേരെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തിന് സമീപം 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കാര്‍ഷിക പരിശീലന കേന്ദ്രത്തിന്റെ നിര്‍മാണം തുടങ്ങി. അങ്ങാടിപ്പുറം, മാറാക്കര, നന്നംമുക്ക് എന്നിവിങ്ങളില്‍ കാര്‍ഷിക സേവന കേന്ദങ്ങളും തുടങ്ങി.
കര്‍ഷക തൊഴിലാളികളെ ലഭ്യമാകാത്ത സാഹചര്യങ്ങളില്‍ കൃഷി ചെയ്യുന്നതിനാവശ്യമായ യന്ത്രങ്ങളും സാങ്കേതിക സേവനങ്ങളും ഉപദേശങ്ങളും ഈ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. സമഗ്ര കര്‍ഷിക വികസനത്തിനായി ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ “നിറവ്” പദ്ധതി നടപ്പാക്കി. കൂടാതെ ജില്ലയില്‍ ജൈവ കീട നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള ബയോ കണ്‍ട്രോള്‍ ലാബ് തുടങ്ങുന്നതിനുള്ള നടപടികളും തുടങ്ങി. “കേരശ്രീ” പദ്ധതി പ്രകാരം ജില്ലയിലെ തിരഞ്ഞെടുത്ത 384 കേര ക്ലസ്റ്ററുകള്‍ വഴി കര്‍ഷകര്‍ക്ക് രാസവളം, സസ്യസംരക്ഷണ വസ്തുക്കള്‍, തടം തുറക്കല്‍, രോഗബാധയുള്ളവ വെട്ടിമാറ്റി റീപ്ലാന്റിങ് നടത്തി ജലസേചന സൗകര്യം ഏര്‍പ്പെടുത്തല്‍ എന്നിവയ്ക്കായി 8.12 കോടി നല്‍കി.
നാളികേരത്തിന്റെ ഉത്പാദന വര്‍ധനവിനുളള പദ്ധതികള്‍, നെല്‍കൃഷി പ്രോത്സാഹന പദ്ധതി, കാര്‍ഷിക യന്ത്രവത്ക്കരണം, ജൈവ പച്ചക്കറി കൃഷി, ഫാമുകളില്‍ പശ്ചാത്തല വികസനം എന്നിവക്കും തുക ചെലവഴിച്ചു.

Latest