ജില്ലാ ട്രഷറിയില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി

Posted on: February 25, 2014 7:36 am | Last updated: February 25, 2014 at 7:36 am

പാലക്കാട്: ജില്ലാ ട്രഷറിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സാധാരണ അപേക്ഷകളില്‍ കാരണമില്ലാതെ കാലതാമസം വരുത്തുന്നതായി കണ്ടെത്തി. സംഭവത്തില്‍ ജില്ലാ ട്രഷറി ഓഫീസര്‍, അസി. ട്രഷറി ഓഫീസര്‍, ജൂനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തു. പാലക്കാട് വിജിലന്‍സ് ഡിവൈ എസ് പി എം. സുകുമാരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
സര്‍ക്കാര്‍ ജീവനക്കാരുടെ പി എഫ് തുക പിന്‍വലിക്കാന്‍ അതാത് വകുപ്പുകള്‍ അനുവദിച്ചാലും വ്യക്തമായ കാരണമില്ലാതെ ട്രഷറിയില്‍ 20 ദിവസം മുതല്‍ ഒരുമാസം വരെ വൈകിപ്പിക്കുന്നതായി കണ്ടെത്തി.
പിഡബ്ല്യു ഡിയില്‍ നിന്നും വിരമിച്ചവരുടെ സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് തുക നല്‍കാനും അകാരണമായ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബില്ലുകളും കാര്യമില്ലാതെ വൈകിപ്പിച്ചു. ഇക്കാര്യത്തില്‍ ഇലക്ഷന്‍ വിഭാഗവും നടപടി സ്വീകരിക്കും.
ട്രഷറിയില്‍ സര്‍ക്കാര്‍ മുദ്രയുള്ള മെറ്റല്‍ ടോക്കണ്‍ നല്‍കണമെന്നിരിക്കെ പ്ലാസ്റ്റിക്കും പേപ്പറില്‍ എഴുതിയ ടോക്കണുമാണ് നല്‍കുന്നത്. അനാവശ്യമായ കാലതാമസം ഒഴിവാക്കാന്‍ പല പെന്‍ഷന്‍കാരും ട്രഷറി അക്കൗണ്ട് ബാങ്കിലേക്ക് മാറ്റിയതായും വിവരം ലഭിച്ചു.
അതേസമയം കോണ്‍ട്രാക്റ്റര്‍മാരുടേതുള്‍പ്പെടെ ചില ബില്ലുകള്‍ വന്നാലുടന്‍ പാസാക്കുന്നതും പരിശോധനയില്‍ തെളിഞ്ഞു. വിജിലന്‍സ് സി ഐ ഫിറോസ്, സി പി ഒമാരായ നാരായണന്‍, സുരേന്ദ്രന്‍, റഹ്മാന്‍ എന്നിവര്‍ക്കൊപ്പം തൃശൂര്‍ ജില്ലാ ട്രഷറി ഓഫീസര്‍ ശ്രീകുമാറും പരിശോധനയില്‍ പങ്കെടുത്തു.